January 05, 2010

ഞാന്‍ റീമ... ‍


ഋതുവില്‍ അള്‍ട്രാമോഡേണ്‍ ഗേള്‍, നീലത്താമരയില്‍ തനി നാടന്‍ ഗ്രാമീണപെണ്ണ്‌. സിനിമയില്‍ അതാണ്‌ റീമാ കല്ലിങ്കല്‍. ഞാന്‍ പ്രണയത്തിലാണെന്നു ചങ്കുറപ്പോടെ തുറന്നു പറയുന്ന റീമ.ജീവിതത്തില്‍ ഇതാകുന്നു റീമ. ഇപ്പോള്‍ സിനിമയില്‍ കൈനിറയെ ചിത്രങ്ങളുമായി മുന്നില്‍ നില്‍ക്കുന്ന റീമയുടെ അള്‍ട്രാ മോഡേണ്‍ വിശേഷങ്ങള്‍.

എന്റെ പേര്‌ : ഇക്കാലത്ത്‌ ജാതി.... മതമെന്നൊക്കെ പറയുന്നത്‌ തെറ്റാണെന്നറിയാം. എന്നാലും എന്നോട്‌ പലരും ചോദിക്കും. ''ആര്‍ യൂ ക്രിസ്‌ത്യന്‍?'' ഞാന്‍ പറയും. ഞാന്‍ സാക്ഷാല്‍ ഹിന്ദു പെണ്‍കുട്ടി. ഹാപ്പി ഹസ്‌ബെന്‍ഡിന്റെ സെറ്റില്‍വച്ച്‌ ജയറാമേട്ടന്‍ പറഞ്ഞു. ''എനിക്ക്‌ വിശ്വസിക്കാന്‍ പറ്റുന്നില്ല.'' ഞാനെന്തു ചെയ്യാന്‍. എനിക്ക്‌ തോന്നുന്നു അസിന്‍ തോട്ടുങ്കലാണ്‌ എന്നെ ഈ വെട്ടിലാക്കിയിരിക്കുന്നത്‌.

ഊട്ടിയില്‍: നാലാംക്ലാസുവരെ ഊട്ടിയിലെ സ്‌റ്റെയിന്‍സ്‌ സ്‌കൂളില്‍. പിന്നീട്‌ 12 വരെ തൃശര്‍ ചിന്മയാ വിദ്യാലയത്തില്‍.

നൃത്തം:ബാംഗ്ലൂരിലെ പഠനകാലത്ത്‌ കാമ്പസ്‌ നൃത്തസംഘത്തില്‍ ചേര്‍ന്നു. എന്റെ പെര്‍ഫോമന്‍സ്‌ കണ്ടിട്ട്‌ കന്നഡയിലെ ചില നര്‍ത്തകര്‍ ക്ഷണിച്ചു. നമുക്കൊരു കണ്ടംപററി നൃത്തസംഘം ആരംഭിക്കാം. ഞാന്‍ യെസ്‌ മൂളി. അങ്ങനെ 'നൃത്തറിത്യ' ആരംഭിച്ചു. കന്നഡയില്‍ റിത്യയെന്നാല്‍ മരം. നൃത്തത്തിന്റെ മരം- നൃത്തറിത്യ.

യാത്രകള്‍: ഇന്ത്യന്‍നഗരങ്ങളിലൂടെ യാത്ര ചെയ്യാന്‍ അവസരം തന്നത്‌ ഈ നൃത്തത്തിന്റെ മരമാണ്‌. കല്‍ക്കട്ട, ജയ്‌പൂര്‍, ചെന്നൈ, ഹൈദ്രബാദ്‌... ഇന്ത്യയ്‌ക്കപ്പുറത്ത്‌ ലണ്ടന്‍, സിംഗപ്പൂര്‍... നൃത്തസംഘത്തിനൊപ്പം യാത്ര ചെയ്‌ത സ്‌ഥലങ്ങള്‍ നിരവധി.

നൃത്തം തന്നത്‌: എന്റെ ശാരീരിക - മാനസികവളര്‍ച്ചയാണ്‌ നൃത്തം തന്ന അനുഗ്രഹം. നൃത്തത്തിന്റെ വ്യത്യസ്‌തഭാവം പഠിച്ചെടുത്തു. കളരിപോലെയുള്ള ആയോധനമുറകള്‍വരെ. ഓരോ വര്‍ഷവും വ്യത്യസ്‌തനൃത്തകലാരൂപം അഭ്യസിച്ചു. അതും വിദഗ്‌ദ്ധരുടെ നേതൃത്വത്തില്‍ കഥകളി പഠിച്ചത്‌ വലിയ തമാശയാണ്‌. കഥകളി പഠിപ്പിക്കാന്‍ എത്തിയത്‌ ബംഗാളില്‍നിന്നുള്ള പ്രബോല്‍ഗുപ്‌ത. കേരള കലാമണ്ഡലത്തില്‍ കഥകളി പഠിച്ചയാള്‍. ബാംഗ്ലൂരിലെ ആട്ടക്കമ്പനിയിലെ സാഗര്‍ ആണ്‌ കളരി പഠിപ്പിച്ചത്‌. കഥക്കും പഠിച്ചു. ഇതെല്ലാം ശരീരത്തിന്‌ നല്‍കിയ ശക്‌തി പ്രധാനമാണ്‌.

വ്യക്‌തിത്വം: എവിടെയെന്ന്‌ പലപ്പോഴും അറിയാതെപോയി. ആ അന്വേഷണമാണ്‌ അമൃത ടി.വി. നടത്തിയ ഒരു നൃത്തപരിപാടിയില്‍ പങ്കെടുക്കാന്‍ പ്രേരിപ്പിച്ചത്‌. മത്സരത്തില്‍ സെമിഫൈനല്‍ വരെയെത്തി. തീര്‍ച്ചയായും എന്നിലെ ഈഗോയിസ്‌റ്റ് എന്റേതായ തട്ടകം വേണമെന്ന്‌ ശഠിച്ചു. അതാണ്‌ സിനിമയില്‍ എത്താന്‍ പ്രേരിപ്പിച്ചത്‌.

ഋതു: എന്റെ ആദ്യ ചിത്രം ഋതു. ചിത്രത്തിലെ വര്‍ഷയെന്ന കഥാപാത്രം എന്റേതായ സ്വഭാവം ഏറെയുള്ള പെണ്‍കുട്ടി. ബാംഗ്ലൂരിലെ ഐ.ടി. കള്‍ച്ചര്‍ എന്നിലും ഉണ്ട്‌. ശരീരഭാഷയും സംസാരവുമൊക്കെ. ഞാനിപ്പോഴും കഷ്‌ടപ്പെട്ട്‌ മലയാളം പറയാറുണ്ട്‌. വളരെ സ്‌മാര്‍ട്ട്‌... ബോള്‍ഡ്‌... മോഡേണ്‍ ആയ ഞാന്‍ തന്നെയാണ്‌ വര്‍ഷ.

സൗഹൃദം: നല്ല സൗഹൃദങ്ങളില്‍ വിശ്വസിക്കുന്നു. ഞാന്‍ വലിയൊരു സൗഹൃദത്തണലില്‍ സന്തോഷിക്കുന്നയാളാണ്‌.

മോശം കാണരുത്‌: ബാംഗ്ലൂരില്‍ പഠിക്കുന്ന മലയാളി പെണ്‍കുട്ടികളെ മോശം കണ്ണുകൊണ്ടാണ്‌ പലരും കാണുന്നത്‌. 'മോശം' എന്ന രീതി നാട്ടിലാണെങ്കിലും ആകാം. ബാംഗ്ലൂരില്‍നിന്ന്‌ കേരളത്തിലേക്കുള്ള ബസുകളും ട്രെയിനുകളും എല്ലാ ആഴ്‌ചയും നിറഞ്ഞുകവിഞ്ഞാണ്‌ യാത്ര. കൂടുതലും മലയാളി വിദ്യാര്‍ത്ഥികള്‍. നാടിനേയും വീട്ടുകാരേയും കൂടുതല്‍ സ്‌നേഹിക്കുന്നത്‌ കൊണ്ടല്ലേ അവര്‍ അത്ര കഷ്‌ടപ്പെട്ട്‌ രണ്ടു ദിവസത്തേക്കുപോലും നാട്ടിലേക്ക്‌ വരുന്നത്‌.

കേരളത്തില്‍ ഇല്ലാത്തത്‌: കൂടുതല്‍ എന്റര്‍ടെയ്‌ന്‍മെന്റിനുള്ള സാധ്യത കേരളത്തിലില്ല. തൃശൂരില്‍ ആറ്‌ തീയേറ്റര്‍. ആറ്‌ സിനിമ കണ്ടുകഴിഞ്ഞാല്‍ പിന്നെന്താണ്‌ അവസരം. സുഹൃത്തുക്കള്‍ക്കൊപ്പം പോകാന്‍ നല്ലൊരു കോഫിഷോപ്പ്‌, റെസ്‌റ്റോറന്റ്‌ ഒക്കെ കുറവാണ്‌. അടുത്തയിടെ എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളില്‍ ഒരു മാറ്റമുണ്ട്‌. പാലക്കാട്‌ ഒക്കെ ചെന്നാല്‍ ഒരു ഉള്‍നാടന്‍ ഗ്രാമത്തിന്റെ അവസ്‌ഥയാണ്‌.

സ്വാതന്ത്ര്യം: ജീവിതത്തില്‍ സ്വാതന്ത്ര്യം പ്രധാനമല്ലേ. പക്ഷേ യുവതലമുറയുടെ സ്വാതന്ത്ര്യത്തെ ദുര്‍വ്യാഖ്യാനം ചെയ്യുന്നു പലരും. അവര്‍ സ്വാതന്ത്ര്യം ആഘോഷിക്കുന്നത്‌ തെറ്റാണെന്നൊരു പറച്ചില്‍. സൗഹൃദത്തിന്‌ എവിടെ അതിര്‍വരമ്പിടണമെന്ന്‌ തലമുറയ്‌ക്ക് അറിയാം. നാല്‌ ആണ്‍കുട്ടികള്‍ക്കൊപ്പം ഒരു പെണ്‍കുട്ടി നിന്നാല്‍ മോശമായി കാണുന്നു പലരും. അത്‌ പൊള്ളത്തരം.

സ്വപ്‌നം: ജീവിക്കുന്നകാലം നന്നായി ആഘോഷിച്ചു ജീവിക്കുക. ചെയ്യുന്ന ജോലി ആത്മാര്‍ത്ഥമായി ചെയ്യുക. അതാണെന്റെ സ്വപ്‌നം. സിനിമയില്‍ ഒരു നടിയുടെ പ്രതാപകാലം എത്രയെന്ന്‌ അറിയാം. അത്രയുംനാള്‍ നന്നായി ജോലിചെയ്യുക. 45 വയസില്‍ ജോലിയില്‍നിന്ന്‌ വിരമിച്ച്‌ വേള്‍ഡ്‌ ടൂര്‍ നടത്തണം.

സമ്പാദ്യം: ജോലിചെയ്‌തുണ്ടാക്കുന്ന പണത്തില്‍ കുറച്ചുതുക സമ്പാദിക്കണം. പക്ഷേ എല്ലാം സ്വരുക്കൂട്ടിവയ്‌ക്കുന്നതില്‍ വിശ്വസിക്കുന്നില്ല. ഇഷ്‌ടമുള്ളത്‌ വാങ്ങാനും യാത്രചെയ്യാനുമൊക്കെയുള്ളതാണ്‌ പണം. അതിനൊന്നും ചെലവഴിക്കാതെ എല്ലാം സമ്പാദിക്കണം എന്ന ചിന്ത എനിക്കില്ല.

ഇഡ്‌ഡലി: എല്ലാക്കാര്യത്തിലും മോഡേണ്‍ ചിന്താഗതിയുണ്ടെങ്കിലും ആഹാരകാര്യത്തില്‍ തനി നാടന്‍ ഇഡ്‌ഡലിയും ദോശയുമാണ്‌ കൂടുതല്‍ ഇഷ്‌ടം. ഇവ ആരോഗ്യകരമാണെന്നതാണ്‌ കാര്യം. വടക്കേന്ത്യന്‍ ഭക്ഷണം പലപ്പോഴും കഴിക്കാനേ പറ്റൂ. മുഗളായ്‌, കോണ്ടിനെന്റല്‍ ഒക്കെ ഒരു പരീക്ഷണത്തിനപ്പുറം പറ്റില്ല. ബാങ്കോക്കില്‍ 'ഹാപ്പിഹസ്‌ബന്‍ഡി'ന്റെ ഷൂട്ടിംഗിനായി പോയപ്പോള്‍ സെറ്റില്‍ വടക്കേന്ത്യന്‍ ഭക്ഷണമാണ്‌ വിളമ്പിയിരുന്നത്‌. അന്നാണ്‌ അത്‌ തുടര്‍ച്ചയായി കഴിക്കാന്‍ പറ്റില്ലെന്ന്‌ തിരിച്ചറിഞ്ഞത്‌. ഇടയ്‌ക്ക് ഒരു ചെയ്‌ഞ്ചിനു പുറത്തുപോയി തായ്‌ ഭക്ഷണം കഴിച്ചാണ്‌ ആശ്വസിച്ചത്‌. കൂടുതല്‍ എരിവുള്ളതാണ്‌ തായ്‌ ഫുഡ്‌.

ഏകാന്തമായ യാത്ര: കേന്ദ്രസര്‍ക്കാര്‍ സ്‌ഥാപനത്തില്‍നിന്ന്‌ റിട്ടയര്‍ ചെയ്‌തയാളാണ്‌ അച്‌ഛന്‍ രാജന്‍. സിവില്‍ എഞ്ചിനീയറായിരുന്നു. തികച്ചും വീട്ടമ്മയാണ്‌ അമ്മ ലീനാഭായ്‌. ജോലിയില്‍നിന്ന്‌ വിരമിച്ച്‌ വിശ്രമിക്കേണ്ടകാലത്ത്‌ അച്‌ഛനോട്‌ എന്റെയൊപ്പം ഷൂട്ടിംഗിന്‌ കൂട്ടുവരാന്‍ പറയുന്നത്‌ ശരിയല്ലെന്നു തോന്നി. അച്‌ഛന്‌ കൂട്ടായി അമ്മ ഒപ്പം വേണമെന്ന്‌ അച്‌ഛനേക്കാള്‍ നിര്‍ബന്ധം എനിക്കാണ്‌. എന്റെ കാര്യങ്ങള്‍ നോക്കാന്‍ പ്രാപ്‌തയാണെന്ന വിശ്വാസമുണ്ടെനിക്ക്‌.


സങ്കടപ്പെടാന്‍: പെട്ടെന്ന്‌ ഇമോഷണലാകും ഞാന്‍. സങ്കടപ്പെടാന്‍ ചെറിയകാര്യങ്ങള്‍ മതി. എനിക്ക്‌ വളരെ സ്‌നേഹമുള്ള ആള്‍ ശബ്‌ദമുയര്‍ത്തി സംസാരിച്ചാല്‍ തളര്‍ന്നുപോകും ഞാന്‍. അടുത്തയിടെ ഒരു പ്രസിദ്ധീകരണത്തില്‍ എന്റെ വളര്‍ത്തുമൃഗങ്ങളെക്കുറിച്ച്‌ എഴുതാന്‍ പറഞ്ഞു. ഒമ്പതുകൊല്ലം ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന ചിക്കുവെന്ന ജര്‍മ്മന്‍ ഷെപ്പേര്‍ഡിനെക്കുറിച്ചെഴുതി. ചിക്കുവിന്റെ ചിത്രം കണ്ടപ്പോള്‍ എനിക്ക്‌ സങ്കടംതോന്നി. ഞാന്‍ കുറേ കരഞ്ഞു.

സന്തോഷം: ഷോപ്പിംഗിന്‌ പോകുന്നതും പഴയ സുഹൃത്തിനെ അവിചാരിതമായി കണ്ടുമുട്ടുന്നതും ഇഷ്‌ടമുള്ള പാട്ട്‌ കേള്‍ക്കുന്നതും എനിക്ക്‌ സന്തോഷമാണ്‌. ഇപ്പോഴത്തെ ഇഷ്‌ടഗാനം 'അനുരാഗവിലോചനനായി അതിലേറെ മോഹിതനായി' എന്നതാണ്‌. ഒരു പാട്ട്‌ അധികം കേള്‍ക്കാതിരിക്കാന്‍ ശ്രമിക്കുകയാണിപ്പോള്‍. കൂടുതല്‍ കേട്ടാല്‍ ഇഷ്‌ടം പോയാലോ.

എന്റെചേട്ടന്‍: പഠനം കഴിഞ്ഞ്‌ കൃത്യമായ ഒരു ജോലി അല്ലെങ്കില്‍ നൃത്തം. രണ്ട്‌ വഴികളായിരുന്നു എനിക്ക്‌ മുന്നില്‍. നൃത്തമായിരുന്നു എനിക്ക്‌ ഇഷ്‌ടം. പക്ഷേ ചില എതിര്‍പ്പുകള്‍. ഒപ്പം നിന്നത്‌ അഭിലാഷ്‌ചേട്ടനാണ്‌. 'നൃത്തം കരിയറാക്കുന്നതില്‍ തെറ്റില്ല. നിനക്ക്‌ പറ്റുന്നത്‌ ചെയ്യണം. സാധാരണജോലിയില്‍ കയറിയാല്‍ നീ പെട്ടുപേകും' എന്നു പറഞ്ഞ്‌ നൃത്തത്തില്‍ ശ്രദ്ധിക്കാന്‍ വേണ്ട പ്രോത്സാഹനം തന്നത്‌ ചേട്ടനാണ്‌. ഞാനും ചേട്ടനും വളരെ അറ്റാച്ച്‌ഡാണ്‌. എനിക്ക്‌ ഒരു ഹീറോമാതിരിയാണ്‌ ചേട്ടന്‍.

സ്വന്തം പണം: സ്വന്തം സമ്പാദ്യം ഉപയോഗിച്ച്‌ യാത്ര ചെയ്യാന്‍ കിട്ടിയ അവസരം എനിക്ക്‌ വിലപ്പെട്ടതാണ്‌. സുഹൃത്തുക്കള്‍, കുടുംബം എന്നിവര്‍ക്കൊപ്പവും ഒറ്റയ്‌ക്കും യാത്ര ചെയ്‌തിട്ടുണ്ട്‌. പുതിയ സ്‌ഥലം, ആഹാരം, സംസ്‌കാരം ഒക്കെ അറിയാന്‍ കഴിയുന്നത്‌ വലിയ ഭാഗ്യമാണെന്ന്‌ കരുതുന്നു ഞാന്‍. കോളജില്‍ പഠിക്കുമ്പോഴേ ഡാന്‍സ്‌ട്രൂപ്പില്‍ ചേര്‍ന്നുകിട്ടിയ പണം ഉപയോഗിച്ചാണ്‌ ഗോവയിലേക്ക്‌ ആദ്യം പോയത്‌. അന്ന്‌ ഏറ്റവും വലിയ ഹിറ്റ്‌ സിനിമയായ ദില്‍ചാഹ്‌ത്തേയുടെ ക്ലൈമാക്‌സ് ഷൂട്ട്‌ ചെയ്‌ത ഭാഗത്തൊക്കെ പോയിരുന്നു ഞങ്ങള്‍. ഗോവയിലെ ആ സ്‌ഥലം കണ്ടപ്പോള്‍ വലിയ സന്തോഷംതോന്നി.

സിനിമ, മോഡലിംഗ്‌: അഭിനയിക്കുകയെന്നതാണ്‌ മോഡലിംഗിലും സിനിമയിലും പ്രധാനം. മോഡലിംഗില്‍ 30 സെക്കന്‍ഡ്‌ അഭിനയിക്കുമ്പോള്‍ ഒരു ഉത്‌പന്നം വാങ്ങാന്‍ മോഹിപ്പിക്കേണ്ടതുണ്ട്‌. രണ്ട്‌ മേഖലയിലൂടെയും പണം ലഭിക്കുന്നൂവെങ്കിലും ചെറിയ സ്‌നേഹബന്ധത്തിന്റെ കഥപറഞ്ഞ്‌ ജനങ്ങളിലേക്ക്‌ ഇറങ്ങിച്ചെല്ലുന്ന സിനിമയില്‍ അഭിനയിക്കുന്നതാണ്‌ എനിക്കിഷ്‌ടം.

കാര്‍: എട്ടുവര്‍ഷമായി സ്വന്തമായി സമ്പാദിക്കുന്നുണ്ട്‌. വീട്ടില്‍ അച്‌ഛനും സഹോദരനുമാക്കെ തരുന്ന പിന്‍ബലം ഉള്ളതിനാല്‍ എന്റെ പണത്തിന്റെ ആവശ്യം വരാറില്ല. അതുകൊണ്ട്‌ ഉള്ളതൊക്കെ അടിച്ചുപൊളിച്ചു ജിവിച്ചു. എങ്കിലും അടുത്തയിടെ ഒരു കാര്‍ വാങ്ങി. ഫിയറ്റ്‌ ലിനിയ.

ഷോപ്പിംഗ്‌: ഓരോ സാധനങ്ങളും തപ്പിപ്പിടിച്ച്‌ വാങ്ങിക്കൂട്ടുക രസകരമാണ്‌. ഞാനെന്റെ ചേട്ടനു വേണ്ടിയും മൃദലചേച്ചിക്ക്‌ (ചേട്ടന്റെ ഭാര്യ) വേണ്ടിയുമാണ്‌ ഇപ്പോള്‍ പ്രധാനമായും ഷോപ്പിംഗ്‌ നടത്തുന്നത്‌. പിന്നെ എന്റെ ബോയ്‌ഫ്രണ്ടിനു വേണ്ടിയും. സിനിമയ്‌ക്ക് പുറത്താണ്‌ എന്റെ കാമുകന്‍. ഏത്‌ സാധാരണ പെണ്‍കുട്ടിയേയുംപോലെ റൊമാന്റിക്കാണ്‌ ഞാന്‍. കുറേ വഴക്കും പിണക്കവുമൊക്കെയുള്ള സാധാരണ ഒരു പ്രണയമാണ്‌ ഞങ്ങള്‍ക്കിടയിലുള്ളത്‌. ആ ആള്‍ക്ക്‌ സണ്‍ഗ്ലാസ്‌, വാച്ച്‌ ഒക്കെ സമ്മാനമായി നല്‍കാറുണ്ട്‌.

പ്രണയം: ലോകത്ത്‌ ഏറ്റവും സുന്ദരമായ വികാരം പ്രണയമല്ലാതെ മറ്റെന്ത്‌. എല്ലാവരും ഒരിക്കലെങ്കിലും പ്രണയിക്കണം. പ്രണയിച്ചേ വിവാഹം കഴിക്കാവൂ. ഞാനും ഒരു പ്രണയിനിയാണ്‌.

സ്‌നേഹം: നിസ്വാര്‍ത്ഥമായത്‌ എന്തോ അതാണ്‌ സ്‌നേഹം. നമ്മളേക്കാള്‍ ഉപരി മറ്റൊരാളെ അംഗീകരിക്കാന്‍ കഴിയുന്ന വികാരമാണ്‌ സ്‌നേഹം. അത്‌ പ്രണയത്തിലും സൗഹൃദത്തിലും കുടുംബബന്ധത്തിലുമുണ്ടാകാം.


ഞാന്‍, റീമ: സിനിമ, മോഡലിംഗ്‌ എനിക്ക്‌ വളരെ ചെറിയ സമയത്തിനുള്ളില്‍ കൂടുതല്‍ പ്രശസ്‌തി തന്നു. ഏത്‌ പ്രശസ്‌തിക്കിടയിലും ഞാന്‍ ആ പഴയ റീമയണ്‌. അതിന്‌ നന്ദിപയുന്നത്‌ എന്റെ സുഹൃത്തുക്കളോടാണ്‌. നടിയായി എല്ലാം വെട്ടിപ്പിടിച്ചൂവെന്ന്‌ തെറ്റിദ്ധരിക്കാതിരിക്കാനും നില്‍ക്കുന്നത്‌ ഈ ഭൂമിയില്‍ തന്നെയാണെന്നും എന്നെ ഓര്‍മ്മിപ്പിക്കുന്നത്‌ സുഹൃത്തുക്കള്‍ക്ക്‌ എങ്ങനെയാണ്‌ ഞാന്‍ നന്ദിപറയുക. അറിയില്ല.

ബംഗ്ലൂര്‍:പഠനവും ജോലിയുമായി ഒമ്പതുവര്‍ഷം കഴിഞ്ഞുകൂടിയ സ്‌ഥലമാണ്‌ ബാംഗ്ലൂര്‍. ഒറ്റവാക്കില്‍ പറഞ്ഞാല്‍ റോക്ക്‌ എന്‍ റോള്‍ നഗരം. എപ്പോഴും എന്തെങ്കിലുമൊക്കെ സംഭവിച്ചുകൊണ്ടിരിക്കുന്ന നഗരം. ഞാന്‍ ആദ്യമായി ചെല്ലുന്നത്‌ 2000 ലാണ്‌. അന്ന്‌ വളരെ റെമാന്റിക്കായിരുന്നു നഗരം. ശരിക്കും 'ഗാര്‍ഡന്‍സിറ്റി.' പക്ഷേ ഇപ്പോള്‍ ആകെ തിരക്ക്‌. ശരിക്കും 'ട്രാഫിക്ക്‌ സിറ്റി.' പത്തുമിനിറ്റ്‌ യാത്ര ചെയ്യേണ്ട സ്‌ഥലത്ത്‌ എത്തണമെങ്കില്‍ 1 മണിക്കൂര്‍ യാത്രചെയ്യുന്നു.

നൃത്തം: എനിക്ക്‌ ഹരമാണ്‌ നൃത്തം. സിനിമയില്‍ അഭിനയം കഴിഞ്ഞാല്‍ കൊറിയോഗ്രാഫി ചെയ്യണമെന്ന്‌ ആഗ്രഹമുണ്ട്‌. സിനിമയില്‍ എത്തിക്കഴിഞ്ഞു. ഇഷ്‌ടം തോന്നിയ പ്രൊഫഷന്‍ സംവിധായകന്റേതാണ്‌. മനസിനെ കൂടുതല്‍ പിടിച്ചടക്കുന്നുണ്ട്‌ സംവിധായകപ്പണി. കപ്പലിന്റെ കപ്പിത്താനെപ്പോലെയാണ്‌ സിനിമയിലെ സംവിധായകന്‍. സിനിമയുടെ തലച്ചോര്‍ സംവിധായകനാണ്‌. ഭാവിയില്‍ ഒരു പരീക്ഷണം നടത്തണമെന്ന്‌ ആഗ്രഹമുണ്ട്‌.

ദേഷ്യം: എനിക്ക്‌ എന്നോട്‌ ദേഷ്യം തോന്നുന്ന അവസരം ഉണ്ടായിട്ടുണ്ട്‌. പെട്ടെന്ന്‌ ദേഷ്യം വരും എനിക്ക്‌. ആ ദേഷ്യത്തിന്‌ പുറത്ത്‌ എന്തെങ്കിലും പറയും. പിന്നീട്‌ സങ്കടപ്പെടും. എന്റെ ദേഷ്യം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലല്ലോയൊന്ന്‌ ഓര്‍ത്ത്‌. എന്നോട്‌ ദേഷ്യം തോന്നുമപ്പോള്‍.

പത്രപ്രവര്‍ത്തനം: പഠിച്ചത്‌ പത്രപ്രവര്‍ത്തനം. എന്നെങ്കിലുമൊരിക്കല്‍ എഴുതാന്‍ അവസരം കിട്ടിയാല്‍ മുസ്ലിം സമുദായത്തെക്കുറിച്ച്‌ എഴുതണമെന്ന്‌ ആഗ്രഹമുണ്ട്‌. ഇവരില്‍ ചിലര്‍ തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ പെടുന്നുവെന്ന്‌ കരുതി മൊത്തം സമുദായത്തെ ആ രീതിയില്‍ തെറ്റിധരിച്ച്‌ കാണുന്നതിനെതിരേ ആത്മാര്‍ത്ഥമായി എഴുതണമെന്ന്‌ ചിലപ്പോള്‍ ആഗ്രഹിക്കാറുണ്ട്‌.

ആഘോഷം: ക്രിസ്‌മസിന്‌ വീട്ടിലെത്തി കേക്ക്‌ മുറിക്കുക നിര്‍ബന്ധമാണ്‌. ന്യൂ ഇയറിന്‌ ഉറപ്പായും ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കും. ഇക്കുറി നീലത്താമരയുടെ അംഗങ്ങള്‍ ഒന്നിച്ചാവും ന്യൂഇയര്‍ പാര്‍ട്ടി ആഘോഷിക്കുക.

സൗന്ദര്യം- മിസ്‌ കേരളാ മത്സരത്തില്‍ വെറുതെ ഒരു കൗതുകത്തിനാണു പങ്കെടുത്തത്‌.എങ്കിലും ഫസ്‌റ്റ് റണ്ണറപ്പായപ്പോള്‍ സന്തോഷം തോന്നി. നാലു സബ്‌ ടൈറ്റിലുകള്‍ കിട്ടി എനിക്ക്‌. മിസ്‌ ബ്യൂട്ടിഫുള്‍ ഐ, ടാലന്റഡ്‌, വോയിസ്‌,ഫോട്ടോജെനിക്ക്‌. മത്സരത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ്‌ ഒരാള്‍ക്ക്‌ നാലു സബ്‌ ടൈറ്റിലുകള്‍ ഒന്നിച്ചുകിട്ടുന്നത്‌. സൗന്ദര്യമല്‍സരവേദി ഒരു വലിയ പ്ലാറ്റ്‌ഫോമാണെന്നു വിശ്വസിക്കുന്നു. കഴിവും വ്യക്‌തിത്വവും സൗന്ദര്യവും ഒരുപോലെ മാറ്റുരയ്‌ക്കുന്ന മറ്റേതുവേദിയുണ്ട്‌.

സന്തോഷം - ഞാന്‍ സുന്ദരിയാണെന്ന്‌ എന്റെ മുഖത്തുനോക്കി ഒരാള്‍ പറയുമ്പോള്‍ ശരിക്കും എനിക്ക്‌ സന്തോഷം തോന്നും.

No comments:

Post a Comment