January 05, 2010

പ്രണയം രസമല്ലേ...?



സിനിമ കഴിഞ്ഞാല്‍ അടിച്ചുപൊളിച്ചു നടക്കുന്ന ഒരു പെണ്‍കുട്ടിയെന്ന്‌ കാണുന്നവര്‍ ധരിക്കും. പക്ഷേ സിനിമ കഴിഞ്ഞാല്‍ വീണ്ടും ഉത്തരവാദിത്വങ്ങളിലേക്ക്‌ പഴശിരാജയിലെ നീലിയെപ്പോലെ യുദ്ധം ചെയ്‌തുകൊണ്ടേയിരിക്കും പത്മപ്രിയ. അച്‌ഛനും അമ്മയും ഹൈദ്രബാദിലെ വീട്ടില്‍. ബാംഗ്ലൂരിലെ വാടകവീട്ടില്‍ തനിയെയാകുമ്പോഴും വീട്‌ ഭരിക്കുക തനിയെയാണ്‌. പച്ചക്കറി വാങ്ങുന്നതും പാചകം ചെയ്യുന്നതും വീട്‌ വൃത്തിയാക്കലുമൊക്കെ തനിച്ച്‌. ഏകസഹോദരന്‍ അമേരിക്കയിലായതിനാല്‍ ഹൈദ്രബാദിലെ വീട്ടില്‍ എത്തുമ്പോഴും പത്മപ്രിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കും. കടയില്‍പോയി വീട്ടുസാമാനങ്ങള്‍ വാങ്ങുന്നതുമുതല്‍ ആരംഭിക്കുന്ന തിരക്ക്‌. അത്തരം ഒരു തിരക്കിനിടയിലാണ്‌ പത്മപ്രിയയോട്‌ സംസാരിക്കാന്‍ സമയം കിട്ടുന്നത്‌.

പഠിച്ചത്‌ എം.ബി.എ എങ്കിലും നര്‍ത്തകി, മോഡല്‍... ഇപ്പോള്‍ അഭിനേത്രിയും. പഠിക്കേണ്ടിയിരുന്നില്ലെന്ന്‌ തോന്നുന്നുണ്ടോ?

എന്തും പഠിക്കുന്നത്‌ ഒരു നഷ്‌ടമാണോ. എം.ബി.എ പഠിച്ചിട്ട്‌ അത്‌ പൂര്‍ണമായും ഉപേക്ഷിച്ചിട്ടില്ല ഞാന്‍. എല്ലാ ദിവസവും ഏതെങ്കിലും ഓഫീസില്‍ പോയി ജോലി ചെയ്യുന്നില്ലന്നേയുള്ളൂ. എന്റെ രീതിയില്‍ വീട്ടിലിരുന്ന്‌ ഞാന്‍ ജോലി ചെയ്യുന്നുണ്ട്‌. എന്റെ അക്കാദമിക്ക്‌ കരിയര്‍ നഷ്‌ടപ്പെടുത്താന്‍ ഇഷ്‌ടമില്ല. ഇപ്പോഴും പഠിക്കാന്‍ കിട്ടുന്ന അവസരം വേണ്ടെന്നുവച്ചില്ല.

പ്രകൃതി കാണാനും താല്‍പ്പര്യം കാണില്ലേ... അത്തരം യാത്രകള്‍?

ഷൂട്ടിംഗിനായി പോകുന്നതും യാത്രകളാണ്‌. അതുകൊണ്ട്‌ പഴയതുപോലെ ഒറ്റയ്‌ക്കുള്ള ദൂരയാത്രകള്‍ ഇപ്പോള്‍ കുറവാണ്‌. ഏതെങ്കിലും നാട്ടില്‍ പോകുമ്പോള്‍ ആ സ്‌ഥലത്തിനോട്‌ ഒരിഷ്‌ടം തോന്നും. എന്നുവച്ച്‌ ഒരു സ്‌ഥലവും എന്നെ കൂടുതല്‍ മോഹിപ്പിക്കാറില്ല. ഒരു സ്‌ഥലവും കൂടുതല്‍ ഇഷ്‌ടപ്പെട്ടെന്നും കരുതാറില്ല. അങ്ങനെ ഇഷ്‌ടപ്പെട്ടുപോയാല്‍ എപ്പോഴും അവിടേയ്‌ക്ക് മാത്രം പോകണമെന്നേ തോന്നൂ. ഇതിപ്പോള്‍ ഏത്‌ സ്‌ഥലത്തേക്കുള്ള യാത്രയും എനിക്ക്‌ ഒരുപോലെ ആസ്വദിക്കാന്‍ പറ്റുന്നുണ്ട്‌.

എപ്പോഴും ആദ്യം കണ്ടതുപോലെ. മെലിഞ്ഞുസുന്ദരിയായി... എന്താണ്‌ രഹസ്യം?

അന്നും ഇന്നും നൃത്തം എനിക്കിഷ്‌ടമാണ്‌. ഭരതനാട്യമായിരുന്നു എന്റെ പ്രധാന തട്ടകം. പിന്നെ നാടോടിനൃത്തം, മോഡേണ്‍ ഡാന്‍സ്‌.... ഇതൊക്കെ എപ്പോഴും പ്രാക്‌ടീസ്‌ ചെയ്യാറുണ്ട്‌. ചെറിയ പ്രായത്തിലേ യോഗ ചെയ്യാന്‍ തുടങ്ങിയ ശീലം ഇന്നും ഉപേക്ഷിച്ചിട്ടില്ല. എയറോബിക്‌സ്, നീന്തല്‍... ഇതിനുമൊക്കെ സമയം കണ്ടെത്തും. പഠിക്കുന്നകാലത്ത്‌ ബാസ്‌ക്കറ്റ്‌ ടീമിലൊക്കെയുണ്ടായിരുന്നതാണ്‌.

എല്ലാത്തിനുംകൂടി സമയം കിട്ടുമോ?

പറ്റുന്നതുപോലെ. വീട്ടിലെ സാധനങ്ങള്‍ വാങ്ങിക്കുന്നതും പാചകം ചെയ്യുന്നതുമൊക്കെ ഞാന്‍ തനിയെയാണ്‌.

എന്തൊക്കെ അറിയാം പാചകം ചെയ്യാന്‍?

എല്ലാം തന്നെ കുക്ക്‌ ചെയ്യും. എങ്കിലും അടുക്കളയില്‍ എപ്പോഴും എന്റെ പരീക്ഷണങ്ങളാണ്‌ കൂടുതല്‍ നടക്കാറുള്ളത്‌. ഇപ്പോള്‍ കേരളാ സ്‌റ്റൈല്‍ പാചകം കൂടി ചെയ്യും. ഇടിയപ്പം, പുട്ട്‌, ഇഡ്‌ഡലിയൊക്കെ ഉണ്ടാക്കാറുണ്ട്‌.

സിനിമാതാരങ്ങള്‍ പൊതുവേദിയിലും ഒരുങ്ങി കൂടുതല്‍ സുന്ദരിയായെത്തുന്നു. ഇക്കാര്യത്തില്‍ പത്മപ്രിയ അത്ര ശ്രദ്ധിക്കാറുണ്ടോ?

വലിയ മേയ്‌ക്കപ്പിലല്ലെങ്കിലും നന്നായി പോകാന്‍ ശ്രമിക്കും. നന്നായി ഒരുങ്ങിപ്പോകുന്നതില്‍ എന്താണ്‌ തെറ്റ്‌. സുന്ദരിയായിട്ടിരിക്കുന്നത്‌ നല്ല കാര്യമല്ലേ. പ്രത്യേകിച്ച്‌ പെണ്‍കുട്ടികള്‍. അതും സിനിമാതാരങ്ങളാണെങ്കില്‍ പ്രത്യേക ശ്രദ്ധ കിട്ടുന്നവരായതുകൊണ്ട്‌ ഇത്തിരി കൂടുതല്‍ ശ്രദ്ധിക്കുന്നത്‌ നന്ന്‌.

സിനിമയില്‍ പക്ഷേ സുന്ദരി വേഷങ്ങള്‍ മാത്രമല്ല പത്മപ്രിയ ചെയ്യാറ്‌. പഴശിരാജായിലെ നീലിയെപ്പോലെ എത്രയോ അഴക്‌ കുറഞ്ഞ കഥാപാത്രങ്ങള്‍?


സിനിമയില്‍ കഥാപാത്രത്തിന്റെ ശക്‌തിയിലാണ്‌ ഞാന്‍ വിശ്വസിക്കുന്നത്‌. ഒട്ടും മികവില്ലാത്ത കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഞാന്‍ ശ്രമിക്കാറില്ല. കഥാപാത്രം നല്ലതെങ്കില്‍ സിനിമയുടെ സെറ്റപ്പ്‌ എന്താണെന്ന്‌ കൂടി നോക്കില്ല ഞാന്‍. പഴശിരാജയിലേത്‌ ഒരു ആദിവാസി യുവതിയുടെ വേഷം. ഇതിനുവേണ്ടി കുറച്ചുനാള്‍ കളരിപഠിക്കാന്‍ കൂടി ശ്രമിച്ചു. അതൊക്കെ കഥാപാത്രം കൂടുതല്‍ മെച്ചപ്പെടുത്താന്‍ വേണ്ടിയായിരുന്നു.

മലയാളത്തില്‍ ഒട്ടുമിക്ക സീനിയര്‍ നടന്മാരുടെയും നായികയായി. ആ അനുഭവം?

മമ്മൂട്ടിക്കൊപ്പം ഏഴ്‌ പടം ചെയ്‌തു. അദ്ദേഹത്തെപ്പോലെ ഒരു വലിയ നടന്റെയൊപ്പം അഭിനയിക്കാന്‍ കിട്ടുന്ന അവസരം വളരെ വലുതാണ്‌. ആ ബഹുമാനമുണ്ട്‌. ഒപ്പം അഭിനയിക്കുന്ന നടന്മാരോട്‌ അടുപ്പമുണ്ടെങ്കിലും ആരേയും കൂടുതല്‍ അറിയേണ്ട കാര്യമുണ്ടെന്ന്‌ തോന്നിയിട്ടില്ല.

വളരെ ബോള്‍ഡാകുന്നു പത്മപ്രിയ?

പ്ലീസ്‌ എന്നെ ബോള്‍ഡെന്ന്‌ വിശേഷിപ്പിക്കുന്നതിനോട്‌ എനിക്കിഷ്‌ടമില്ല. എന്താണ്‌ ബോള്‍ഡെന്ന വാക്കുകൊണ്ട്‌ എല്ലാവരും ഉദ്ദേശിക്കുന്നതെന്ന്‌ എനിക്കറിയില്ല. നമ്മുടെ അവകാശം തിരിച്ചറിഞ്ഞ്‌ അത്‌ നേടിയെടുക്കാന്‍ ശ്രമിക്കുന്നത്‌ തെറ്റാണോ.

ഇന്നത്തെലോകം അത്ര സുരക്ഷിതമല്ല. പ്രത്യേകിച്ച്‌ പെണ്‍കുട്ടികള്‍ക്ക്‌. ഇത്തരം ലോകത്ത്‌ ജീവിക്കുമ്പോള്‍ ഓരോരുത്തരും സ്വയം ബോധവാന്മാരാകേണ്ടതുണ്ട്‌. ആ കോണ്‍ഷ്യസ്‌ എനിക്കുണ്ട്‌. ശരിയേതെന്ന തിരിച്ചറിവ്‌. ആ തിരിച്ചറിവിനെ ബോള്‍ഡെന്ന്‌ വിളിക്കുന്നതിനോട്‌ യോജിക്കുക വയ്യ.

ജനിച്ചത്‌ ഡല്‍ഹിയില്‍... വളര്‍ന്നത്‌ ഹൈദ്രബാദില്‍... പിന്നീട്‌ പഠനം... ജോലി ബാംഗ്ലൂരില്‍.. ഇതിനിടെ സിനിമാ യാത്രകള്‍... സ്‌ത്രീജീവിതം ശ്രദ്ധിച്ചിട്ടുണ്ടോ?

ഇന്ത്യയിലെ എല്ലാ സ്‌ത്രീകളും നേരിടുന്നത്‌ ഒരേ തരം പ്രശ്‌നങ്ങളാണ്‌. വീട്ടിലും പുറത്തും. അവരുടെ ദു:ഖങ്ങള്‍ക്കും സന്തോഷങ്ങള്‍ക്കും കാരണംപോലും ഒന്നാണ്‌. ചിരിക്കുന്നതുപോലും ഒരു കാരണത്തിന്മേലാണ്‌. ഒരേതരം ജീവിതമാണ്‌. കല്യാണം കഴിക്കുക... കുട്ടികളെ പ്രസവിക്കുക... അവരെ വളര്‍ത്തുക.. ഇതൊക്കെത്തന്നെ. രണ്ടാമതേ സ്വന്തം തൊഴിലിനുകൂടി സ്‌ഥാനമുള്ളൂ. ഗ്രാമത്തിലെന്നല്ല നഗരത്തില്‍ ജീവിക്കുന്ന സ്‌ത്രീയുടെ ചിന്താഗതിയും ഇതുതന്നെയാണ്‌.

പത്മപ്രിയ വ്യത്യസ്‌തയാണോ?

്‌ഏയ്‌ ഞാനും ഇങ്ങനെതന്നെ. നല്ല ഭര്‍ത്താവ്‌.... കുട്ടികള്‍ ഒക്കെത്തന്നെയാണ്‌ എന്റെയും സ്വപ്‌നം.

ഇത്രനാള്‍ ഒരു പ്രണയം പോലും?

നല്ല ആളെ കിട്ടിയില്ല. കിട്ടിയിരുന്നെങ്കില്‍ ഉറപ്പായും പ്രേമിച്ചേനെ. പ്രണയത്തില്‍ എന്താണ്‌ ദോഷം. പ്രണയം ഭയങ്കര രസമല്ലേ. ഒരു മനുഷ്യന്റെ ജന്മനായുള്ള ചിന്തകളാണ്‌ പ്രണയം. അത്‌ മനസിലില്ലെങ്കില്‍ മനുഷ്യനെന്നു പറയാന്‍ പറ്റുമോ?

എന്നുണ്ടാവും വിവാഹം?


ആളെ കണ്ടെത്തിയാല്‍ ഉടന്‍. 25 വര്‍ഷമായി ഞങ്ങള്‍ ഹൈദ്രബാദില്‍ പണിത വീട്ടിലാണ്‌ താമസം. അച്‌ഛനും അമ്മയും. ആര്‍മിയില്‍ ബ്രിഗേഡിയറായിരുന്നു എന്റെ അച്‌ഛന്‍. വി.കെ. ജാനകീരാമന്‍. അമ്മ വിജയലക്ഷ്‌മി മിലിട്ടറിയില്‍ അധ്യാപികയായിരുന്നു. അവരുടെ സ്‌ഥലം മാറ്റത്തിനൊപ്പമായിരുന്നു എന്റെ കുട്ടിക്കാലം. വളരെ സ്വതന്ത്രമായ ജീവിതമാണ്‌ എന്റെ അച്‌ഛനും അമ്മയും എനിക്ക്‌ തന്നിട്ടുള്ളത്‌.

ഈ സ്വാതന്ത്ര്യത്തില്‍ ഭാവിവരനെ കണ്ടെത്താനുള്ള അവകാശമുണ്ട്‌. അവരെ സംബന്ധിച്ച്‌ നല്ലയാളെ കിട്ടിയാല്‍ മതി. കല്യാണം എപ്പോള്‍ വേണമെന്നൊന്നും നിര്‍ബന്ധമില്ല.

സിനിമയില്‍നിന്നു കിട്ടുന്ന കാശൊക്കെ എന്തുചെയ്യും?

സിനിമയില്‍നിന്നു കിട്ടുന്ന കാശുകൊണ്ട്‌ കാണുന്നതൊക്കെ വാങ്ങി ചെലവാക്കി കളയില്ല. ലോകം മുഴുവന്‍ ഒറ്റയ്‌ക്ക് ചുറ്റിക്കറങ്ങണമെന്നുണ്ട്‌. സിനിമയില്‍ അഭിനയിക്കുന്നത്‌ നല്ല പണമുണ്ടാക്കാന്‍ തന്നെയാണ്‌. തൊഴിലില്‍നിന്ന്‌ പണമുണ്ടാക്കുന്നത്‌ തെറ്റല്ലല്ലോ. അഭിനയിക്കുന്നതിന്‌ നല്ല പണം വേണമെന്ന്‌ എനിക്ക്‌ നിര്‍ബന്ധമാണ്‌.

അപ്പോള്‍ കുറഞ്ഞ പ്രതിഫലത്തില്‍ അഭിനയിക്കില്ലേ?

പണത്തിന്‌ വേണ്ടിയും ചെയ്യില്ല. നല്ല കഥാപാത്രമെങ്കില്‍ പ്രതിഫലത്തില്‍ ഇളവ്‌ ചെയ്യും. സിനിമ ഒരു ബിസിനസാണ്‌. അതില്‍ സൗജന്യമായി അഭിനയിച്ചിട്ട്‌ കാര്യമില്ല.

സിനിമയില്‍ പെണ്‍കുട്ടികള്‍ക്ക്‌ അധികനാള്‍ അവസരമുണ്ടാകില്ല?

അത്‌ വലിയ പ്രശ്‌നമാണ്‌. ഹോളിവുഡിലൊക്കെ 60 വയസിലും നായികയായി അഭിനയിക്കുന്നവരുണ്ട്‌. ഇന്ത്യയില്‍ ഒരു പ്രായം കഴിഞ്ഞാല്‍ അമ്മ അല്ലെങ്കില്‍ സഹോദരിവേഷം മാത്രം. ഇത്‌ സമൂഹത്തിന്റെ കാഴ്‌ചപ്പാടിന്റെ പ്രശ്‌നമാണ്‌. പറ്റുന്നതുവരെ നല്ല സിനിമയില്‍ നല്ല കഥാപാത്രം ചെയ്യുക. തല്‍ക്കാലം സംവിധായികയോ ആര്‍ട്ട്‌വര്‍ക്കോ ചെയ്യാന്‍ പറ്റില്ല. പക്ഷേ നല്ലൊരു ഫിലിം ക്രിട്ടിക്ക്‌ ആകാന്‍ പറ്റും.

ദൈവത്തില്‍ വിശ്വസിക്കുന്നുവോ?

ദൈവം ഇനിയും എനിക്ക്‌ മനസിലാവാത്ത വിഷയമാണ്‌. മനസില്‍ ദൈവത്തെക്കുറിച്ച്‌ ഒരു സങ്കല്‌പമുണ്ട്‌. അതങ്ങനെ മാറിമാറി... ഒരു പ്രത്യേക രൂപം.

No comments:

Post a Comment