October 09, 2009

സിനിമയിലേക്കില്ലെന്ന്‌ രമ്യ

Remya
ഇങ്ങനെ കണ്ടവരുടെ ചീത്തവിളിയും ആക്ഷേപവും കേട്ട്‌ സിനിമയില്‍ തുടരുന്നതിനേക്കാള്‍ ഭേദം ഒഴിവാകുന്നതാണ്‌ നല്ലതെന്ന്‌ രമ്യ തീരുമാനിച്ചു. ഷൂട്ടിങിനിടെ ഉണ്ടായ ചെറിയൊരു സൗന്ദര്യപ്പിണക്കവും അതിന്‌ പിന്നാലെ വന്ന സംഭവങ്ങളുമാണ്‌ കന്നഡ ചിത്രമായ ജസ്റ്റ്‌ മത്ത്‌ മാതലിയില്‍ നിന്നും പുറത്തു ചാടാന്‍ രമ്യയെ പ്രേരിപ്പിച്ചത്‌. സൂര്യയുടെ വാരണം ആയിരം എന്ന ചിത്രത്തില്‍ നായികയായി തെന്നിന്ത്യയുടെ മനം കവര്‍ന്ന രമ്യ കേന്ദ്രമന്ത്രി എസ്‌എം കൃഷ്‌ണയുടെ കൊച്ചുമകള്‍ കൂടിയാണ്‌.
ജസ്റ്റ്‌ മത്ത്‌ മാതലി ഷൂട്ടിങിനിടെയാണ്‌ കന്നഡ സിനിമാ ലോകത്തെ പിടിച്ചുലച്ച സംഭവങ്ങള്‍ അരങ്ങേറിയത്‌. ചിത്രത്തിലെ ഒരു ഗാനചിത്രീകരണത്തിനിടെ ആത്മാര്‍ത്ഥ കൂടിപ്പോയത്‌ കൊണ്ടോ എന്തോ ഒരു നൃത്തരംഗം വീണ്ടും റീഷൂട്ട്‌ ചെയ്യണമെന്ന്‌ രമ്യ സംവിധായകനോട്‌ ആവശ്യപ്പെട്ടു. (സാധാരണയായി സംവിധായകരാണ്‌ നടിമാരോട്‌ ഇത്തരം കാര്യങ്ങള്‍ ആവശ്യപ്പെടുക പതിവ്‌). എന്നാല്‍ സംവിധായകനും നൃത്തസംവിധായകനും ഇത്‌ നിരസിച്ചതോടെ രമ്യ സെറ്റിലുണ്ടായിരുന്ന കൊറിയോഗ്രാഫറെയും സഹനര്‍ത്തകരെയും ചീത്ത വിളിച്ച സ്ഥലംവിട്ടു.

എന്നാല്‍ അവര്‍ സംഘടിച്ചെത്തിയതോടെ നടിയ്‌ക്ക്‌ മാപ്പു പറയാതെ രക്ഷയില്ലാതെയായി. മാപ്പു പറഞ്ഞില്ലെങ്കില്‍ ഇനിമുതല്‍ സഹനര്‍ത്തകരും നൃത്തസംവിധായകനുമില്ലാതെ രമ്യ ഡാന്‍സ്‌ ചെയ്യേണ്ടി വരുമെന്നായിരുന്നു അവരുടെ ഭീഷണി. കേന്ദ്രമന്ത്രിയുടെ കൊച്ചു മകളാണെന്ന പരിഗണനയൊന്നും അവര്‍ നല്‍കിയില്ല.
ഒടുവില്‍ നിവൃത്തിയില്ലാതെ രമ്യ മാപ്പു പറഞ്ഞെങ്കിലും പ്രശ്‌നം അവിടെയും തീര്‍ന്നില്ല, രമ്യയില്ലാതെ ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ സംവിധായകന്‍ സുദീപ്‌ (നായകനും സുദീപ്‌ തന്നെ)പൂര്‍ത്തിയാക്കി. ഇതിനിടെ രമ്യ കാരണം പത്ത്‌ ലക്ഷം രൂപ നഷ്ടമുണ്ടായെന്ന്‌ ആരോപിച്ച്‌‌ നിര്‍മാതാവും രംഗത്തെത്തി. ഇത്രയൊക്കെ നടന്നിട്ടും ഇനിയും മിണ്ടാതിരുന്നാല്‍ ശരിയാകില്ലെന്ന്‌ കരുതിയാണ്‌ സിനിമയില്‍ നിന്ന്‌ പിന്‍മാറുന്നതായി രമ്യ പ്രഖ്യാപിച്ചത്‌. പിന്‍മാറ്റം ജസ്റ്റ്‌ മത്ത്‌ മാതലിയുടെ അണിയറ പ്രവര്‍ത്തകരെ കുരുക്കിലാക്കിയിട്ടുണ്ട്‌. താരത്തിന്റെ ലക്ഷ്യവും അത്‌ തന്നെ.
ഇനി ഈ സിനിമയുമായി സഹകരിയ്‌ക്കുന്നതില്‍ താത്‌പര്യമില്ലെന്നും സംവിധായകന്‍ തിരക്കഥയില്‍ വേണ്ടത്ര മാറ്റങ്ങള്‍ വരുത്തുമെന്നാണ്‌ കരുതുന്നതെന്നും രമ്യ പറയുന്നു.

No comments:

Post a Comment