പഴശ്ശിരാജയെന്ന ചിത്രം പൂര്‍ണമായും ആസ്വദിച്ച് വിലയിരുത്താന്‍ കഴിയുന്ന അവസ്ഥയിലല്ല സിനിമ കാണേണ്ടി വന്നതെന്ന് പറയുന്നതില്‍ കുറച്ച് നിരാശയുണ്ട്. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലെത്തിയ പഴശ്ശിരാജയുടെ വരവ് മമ്മൂട്ടി ആരാധകര്‍ തിയറ്ററിനകത്തും പുറത്തും അക്ഷരാര്‍ത്ഥത്തില്‍ ആഘോഷമാക്കി മാറ്റിയിരുന്നു. മലയാള സിനിമയിലെ താരാരാധന എവിടെയെത്തിയെന്നതിന്റെ ഉത്തമോദാഹരണം കൂടിയായിരുന്നു റിലീസ് ആഘോഷങ്ങള്‍. നൂറുകണക്കിന് വമ്പന്‍ ഫ്‌ളക്‌സുകളും ആനയും കുതിരയും വാദ്യമേളങ്ങളുമൊക്കെയായി അവര്‍ ആഘോഷങ്ങള്‍ കൊഴുപ്പിച്ചു. മലയാളത്തിലെ മറ്റേതൊരു നടനും തന്റെ സിനിമയ്‌ക്ക് അസൂയയോടെ ആഗ്രഹിയ്‌ക്കൊന്നൊരു വരവേല്‍പ് അതായിരുന്നു പഴശ്ശിരാജയ്‌ക്ക് ലഭിച്ചത്. എന്നാല്‍ സിനിമ തുടങ്ങിയിട്ടും തുടര്‍ന്ന ഘോഷങ്ങള്‍ ചെറിയൊരു അലോസരം സൃഷ്ടിച്ചു.
മുമ്പിലിരുന്ന പ്രേക്ഷകനോട് കെയ്യടിയും ആഘോഷങ്ങളും മിതപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ചപ്പോള്‍ കിട്ടിയ മറുപടി ലേശം പരുഷമായി തന്നെയാണ്. ബ്ലാക്കില്‍ 500 രൂപ മുടക്കി തിയറ്ററിനുള്ളില്‍ കയറിയത് സിനിമ ആസ്വദിയ്‌ക്കാനല്ല, ആഘോഷിയ്‌ക്കാനാണെന്ന ആ മാന്യ പ്രേക്ഷകന്റെ മറുപടിയില്‍ വലിയ തെറ്റൊന്നും ഞാനും കണ്ടില്ല.എന്തായാലും മാനം മുട്ടെയുള്ള പ്രതീക്ഷകളുമായി വര്‍ഷങ്ങള്‍ കാത്തിരിപ്പിന് ശേഷമെത്തിയ പഴശ്ശിയ്‌ക്ക് യോജിച്ച വരവേല്‍പ് തന്നെയാണ് അവര്‍ നല്‍കിയത്.
ചിപ്പിയ്‌ക്കുള്ളിലെ മണല്‍ത്തരികള്‍ മുത്തുകളായി ഉരുവപ്പെടാന്‍ കാലമേറെയെടുക്കും. ഒരു കൂട്ടം പ്രതിഭാശാലികളുടെ പ്രയത്‌നത്തില്‍ ഉരുവപ്പെട്ട ഒരു പവിഴം തന്നെയാണ പഴശ്ശിരാജ. പ്രേക്ഷകരുടെ പ്രതീക്ഷകളും കാത്തിരിപ്പും വെറുതെയായില്ല എന്ന് നിസംശയം പറയാം. ഒരു മഹത്തായ സിനിമ അതാണവര്‍ കാത്തിരുന്നത്, അത് തന്നെയാണ് അവര്‍ക്ക് ലഭിക്കുന്നതും.
ഇംഗ്ലീഷ് സബ്‌ടൈറ്റിലിനൊപ്പം മോഹന്‍ലാലിന്റെ അവതരണത്തോടെ ആരംഭിയ്‌ക്കുന്ന പഴശ്ശിരാജയെ മമ്മൂട്ടി ആരാധകര്‍ കരഘോഷങ്ങളോടെയാണ് സ്വീകരിച്ചത്. കുറച്ചു വാക്കുകളില്‍ പഴശ്ശിയെ പരിചയപ്പെടുത്തുന്ന കടമ മോഹന്‍ലാല്‍ ഭംഗിയായി തന്നെ നിര്‍വഹിച്ചു. പഴശ്ശിരാജ വെറുമൊരു സിനിമയല്ല, ചരിത്രത്തിന്റെ ഒരു ഡോക്യുമെന്റേഷന്‍ തന്നെയാണ്. അതേ സമയം സിനിമയെന്ന മാധ്യമത്തിന്റെ ജനപ്രിയതകള്‍ കൈവിട്ട് പോകാതെ അത് പൂര്‍ണമായും പ്രേക്ഷകരിലേക്ക് എത്തിയ്‌ക്കുന്നതില്‍ എഴുത്തുകാരനും സംവിധായകനും പൂര്‍ണവിജയം കണ്ടിരിയ്‌ക്കുന്നു. മലയാളി പോലും വിസ്‌മൃതിയുടെ മാറാലകളിലേക്ക് തള്ളിവിട്ട ഒരു ചരിത്രപുരുഷനെ വീണ്ടും നമുക്ക് പരിചയപ്പെടുന്നതില്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിരിയ്‌ക്കുന്നു. അതിനവരോട് നാം നന്ദി പറഞ്ഞേ മതിയാകൂ.
കച്ചവടത്തിന് വന്നവര്‍ നാടിന്റെ ഭരണവും പിടിച്ചടക്കുമ്പോള്‍ സ്വന്തം നാട്ടില്‍ അപമാനവും അധിക്ഷേപവും സഹിച്ച് ജീവിയ്‌ക്കാനാവില്ലെന്ന് പ്രഖ്യാപിച്ച് യുദ്ധത്തിനിറങ്ങറിയ പോരാളിയുടെ ചരിത്രമാണ് പഴശ്ശിരാജ. അധിനിവേശ ശക്തികള്‍ക്കെതിരെ സ്വന്തം രാജാവിനൊപ്പം ഉറച്ച് നിന്ന് പോരാടി മരണം വരിച്ച ഒരുകൂട്ടം ധീരന്‍മാരുടെ വീരഗാഥകള്‍ കുടിയാണത്. വയനാടന്‍ മണ്ണില്‍ ചോര നീരാക്കി പൊന്നുവിളയിക്കുന്ന കര്‍ഷകരുടെ പ്രയ്‌തനങ്ങളുടെ നേര്‍ചിത്രം. തങ്ങളിലൊരാളായി മാറിയ പഴശ്ശിത്തമ്പ്രാനൊപ്പം ഉറച്ചു നിന്ന് പോരാടിയ കുറിച്ച്യ പോരാളികളുടെ വീരചരിത്രം. ഇതിനൊക്കെ പുറമെ സ്വന്തം രാജ്യത്തെ ഏതാനും പണത്തിന് വേണ്ടി വഞ്ചിയ്‌ക്കുന്നവരുടെ കഥകള്‍ കൂടി പഴശ്ശിരാജ നമുക്ക് മുന്നില്‍ വരച്ചു കാട്ടുന്നു.