October 14, 2009

വെല്ലുവിളിച്ച്‌ ആശീര്‍വാദ്‌

Mohanlal
മോഹന്‍ലാല്‍ ചിത്രങ്ങളുടെ സ്ഥിരം നിര്‍മാണ വിതരണ കമ്പനിയായ ആശീര്‍വാദ്‌ സിനിമാസ്‌ നിര്‍മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷന്റെ തീരുമാനങ്ങള്‍ക്കെതിരെ നീങ്ങുന്നു.

മലയാള സിനിമകളുടെ നിര്‍മാണ ചെലവ്‌ മൂന്നരക്കോടി കവിയരുതെന്ന സംഘടയുടെ തീരുമാനം മറികടക്കാനാണ്‌ ആശീര്‍വാദ്‌ സിനിമാസ്‌ ശ്രമിയ്‌ക്കുന്നത്‌. ഒരു സിനിമാ വാരികയ്‌ക്ക്‌ നല്‍കിയ അഭിമുഖത്തിലാണ്‌ സംഘടനയുടെ നിബന്ധനകള്‍ക്കുള്ളില്‍ നിന്ന്‌ കൊണ്ട്‌ അവരുടെ തീരുമാനങ്ങളെ മറികടക്കാനുള്ള ഐഡിയകള്‍ ആശീര്‍വാദിന്റെ സാരഥിയായ ആന്റണി പെരുമ്പാവൂര്‍ വെളിപ്പെടുത്തിയത്‌.

ആരാധകരില്‍ ആവേശമുണര്‍ത്തുന്ന മോഹന്‍ലാലിന്റെ അമാനുഷിക ചിത്രങ്ങളിലൂടെ പണം വാരിക്കൂട്ടിയ ആശീര്‍വാദ്‌ പുതിയ നിബന്ധനകള്‍ തങ്ങള്‍ക്ക്‌ സ്വീകാര്യമല്ലെന്ന സൂചനകളാണ്‌ ഇതിലൂടെ പ്രകടിപ്പിയ്‌ക്കുന്നത്‌. ലാലിനെ വെച്ച്‌ സിനിമയെടുക്കുമ്പോള്‍ സബ്ജക്ട് ആവശ്യപ്പെടുന്ന ബജറ്റാണ്‌ നിശ്ചയിക്കുന്നത്‌. ആ ബജറ്റ്‌ കൈയ്യിലുണ്ടെങ്കില്‍ മാത്രമേ താന്‍ ചിത്രം നിര്‍മിക്കുകയുള്ളൂവെന്നും ആന്റണി പെരുമ്പാവൂര്‍ പറയുന്നു.

ചെലവ്‌ കുറഞ്ഞ സിനിമകള്‍ എടുക്കേണ്ടത്‌ ആവശ്യമാണ്‌. അതേ സമയം ഒരു സിനിമയുടെ ബജറ്റ്‌ തീരുമാനിക്കാനുള്ള പൂര്‍ണ അവകാശം അതിന്റെ നിര്‍മാതാവിനാണ്‌. ചിത്രത്തിന്റെ പൂര്‍ണതയ്‌ക്ക്‌ വേണ്ടി പണം മുടക്കാനും എനിയ്‌ക്ക്‌ മടിയില്ല. സാഗര്‍ ഏലിയാസ്‌ ജാക്കിയുടെ ചിത്രീകരണത്തിനിടെ മോഹന്‍ലാല്‍ ഫ്‌ളൈറ്റില്‍ കയറുന്ന ഒരു രംഗത്തിന്‌ മാത്രം ഏഴര ലക്ഷം രൂപയാണ്‌ ചെലവാക്കിയത്‌. ബജറ്റ്‌ നിജപ്പെടുത്തിയാല്‍ അത്തരം രംഗങ്ങളൊന്നും എടുക്കാന്‍ കഴിയില്ല. മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യുമ്പോള്‍ എന്റെ ആഗ്രഹത്തിനാണ്‌ ഞാന്‍ സിനിമ ചെയ്യുന്നത്‌. മോഹന്‍ലാല്‍ സമ്മതം മൂളിയാല്‍ മൂന്നരക്കോടിയ്‌ക്ക്‌ പ്ലാന്‍ ചെയ്‌ത ചിത്രം നാലരക്കോടിയായാലും ചെയ്യും. അതേ സമയം ഈ സിനിമകളില്‍ മോഹന്‍ലാലിന്റെ പ്രതിഫലം തീരെ കുറവായിരിക്കുമെന്നും ആന്റണി പറയുന്നു. ലാലിന്റെ പ്രതിഫലം കുറയുന്നതോടെ ആശീര്‍വാദിനെ സംബന്ധിച്ചിടത്തോളം സിനിമയുടെ ചെലവ്‌ മൂന്നരക്കോടിയില്‍ ഒതുങ്ങും. ഇതിലൂടെ സംഘടനയുടെ നിയമങ്ങള്‍ ലംഘിക്കപ്പെടുന്നില്ല, അതേസമയം ഇത്‌ തനിയ്‌ക്ക്‌ മാത്രം സാധിയ്‌ക്കുന്ന കാര്യമാണെന്നും ആന്റണി വ്യക്തമാക്കുന്നുണ്ട്‌. ഇത്തരത്തിലൊരു സിനിമ അടുത്തു തന്നെ ഉണ്ടാകുമെന്നും ആന്റണി സൂചന നല്‍കി.

റോഷന്‍ ആന്‍ഡ്രൂസിന്റെ മോഹന്‍ലാല്‍ ചിത്രത്തിന്റെ നിര്‍മാണ തിരക്കിലാണ്‌ ആന്റണി പെരുമ്പാവൂര്‍. പതിവ്‌ അമാനുഷിക സിനിമകളില്‍ നിന്നും വേറിട്ടൊരു ശൈലിയിലാണ്‌ ആശീര്‍വാദ്‌ പുതിയ മോഹന്‍ലാല്‍ ചിത്രം നിര്‍മ്മിയ്‌ക്കുന്നത്‌. ജെയിംസ്‌ ആല്‍ബര്‍ട്ടിന്റെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസ്‌ സംവിധാനം ചെയ്യുന്ന ചിത്രം മണ്ണിന്റെ മണമുള്ള ഒരു കഥയാണ്‌ പറയുന്നത്‌. ലാല്‍ ഒരു കര്‍ഷകനായെത്തുന്ന ചിത്രത്തില്‍ ലക്ഷ്‌മി റായി, ലക്ഷ്‌മി ഗോപാലസ്വാമി എന്നിവരാണ്‌ നായികമാര്‍.

No comments:

Post a Comment