October 19, 2009

പഴശ്ശിരാജ ആദ്യദിനത്തില്‍ ഒന്നരക്കോടി നേടി

Pazhassi Raja
കൊച്ചി: മൂന്നുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മലയാള സിനിമയിലെ പുതിയ ചരിത്രമായി എത്തിയ ചിത്രം കേരളം നിറഞ്ഞ ആവേശത്തോടെ വരവേറ്റു.ചിത്രത്തിന്റെ ആദ്യ ദിവസത്തെ ഗ്രോസ് കലക്ഷന്‍ ഒന്നര കോടിയോളമെത്തി. മലയാള സിനിമയില്‍ ഇത് പുതിയ റെക്കോര്‍ഡ് ആണ്. കേരളത്തിലെ 125 തിയറ്ററുകളിലാണ് എംടി-ഹരിഹരന്‍-മമ്മൂട്ടി ടീമിന്റെ ഈ ബിഗ്ബജറ്റ് ചിത്രം റിലീസ് ചെയ്തത്.ആദ്യദിനം മുഴുവന്‍ തിയറ്ററുകളും എല്ലാ ഷോയും ഹൌസ് ഫുള്‍ ആയിരുന്നു. ടിക്കറ്റുകളിലേറെയുംമമ്മൂട്ടി ഫാന്‍സ് വളരെ മുന്‍പു തന്നെ ബുക്ക് ചെയ്തു കഴിഞ്ഞിരുന്നു. ടിക്കറ്റെടുക്കാനായി വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ തന്നെ റിലീസിങ് കേന്ദ്രത്തിനു മുന്നില്‍ ക്യൂ രൂപപ്പെട്ടിരുന്നു.ചെണ്ടമേളവും കാവടിയും ഉള്‍പ്പെടെയുള്ള ആഘോഷമൊരുക്കിയാണ് മമ്മൂട്ടി ആരാധകര്‍ ചരിത്ര ചിത്രത്തെ വരവേറ്റത്. വമ്പന്‍ കട്ടൌട്ടുകളും ഫ്ളക്സുകളും തിയറ്ററുകളുടെ പരിസരമാകെ നിരന്നു. ആരാധകരുടെ ആവേശവും ക്യൂവും നിയന്ത്രിക്കാന്‍ പല കേന്ദ്രങ്ങളിലും പൊലീസിനു പണിപ്പെടേണ്ടി വന്നുവെന്നാണ് റിപ്പോര്‍ട്ട്. പലയിടത്തും ജനപ്രതിനിധികളാണ് ആദ്യഷോ ഉത്ഘാടനം ചെയ്തത്. മലയാളത്തില്‍ പിറന്ന ഹോളിവുഡ് ചിത്രം എന്ന ഓസ്കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയുടെ വാക്കുകള്‍ ശരിവയ്ക്കുന്നതാണ് ചിത്രത്തിന്റെ നിര്‍മ്മാണ രീതി. ചിത്രീകരണം, ശബ്ദലേഖനം, എഡിറ്റിങ് എന്നിവയെല്ലാം ലോകോത്തര സിനിമയോട് കിടപിടിക്കുന്നതാണെന്ന് സിനിമാ വിദഗ്ധരും വിലയിരുത്തുന്നു. ചിത്രീകരണ സാഹചര്യങ്ങള്‍ പുനഃസൃഷ്ടിച്ചാണ് റസൂല്‍ പൂക്കുട്ടി ചിത്രത്തിന്റെ ശബ്ദലേഖനം നടത്തിയിരിക്കുന്നത്. നൂറു കണക്കിനു ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാര്‍ക്കൊപ്പം വിദേശികളും ആദിവാസികളുമെല്ലാം ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.

ഗോകുലം മൂവീസിനു വേണ്ടി 27 കോടി രൂപ മുടക്കി ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിച്ചത്
ശരാശരി മൂന്നു കോടി രൂപ നിര്‍മ്മാണ ചെലവുള്ള മലയാള സിനിമയില്‍ ഇത്രയും വലിയ മുതല്‍ മുടക്കില്‍ ഒരു സിനിമ നിര്‍മ്മിക്കുന്നത് ആദ്യമാണെങ്കിലും അതിന്റെ മികവ് ചിത്രത്തിലൂടനീളം ദൃശ്യമാണെന്നാണു പ്രേക്ഷക വിലയിരുത്തല്‍.
കഥയുടെ അവതരണവും സംവിധാന മികവും ആദ്യവസാനം പ്രേക്ഷകനെ പിടിച്ചിരുത്തുന്നതാണ്. കേരള സിംഹമായ പഴശ്ശിരാജയായി മമ്മൂട്ടി രംഗ പ്രവേശം ചെയ്യുന്ന സീനില്‍ തിയറ്ററുകള്‍ ഇളകി മറിഞ്ഞു. വര്‍ണ കടലാസുകള്‍ തിയറ്ററുകളില്‍ പാറിപ്പറന്നു. ജയ് വിളികള്‍ ഉയര്‍ന്നു.
മറ്റു ഭാഷകളിലും നിര്‍മ്മിക്കുന്ന ചിത്രം മറ്റു സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും വൈകാതെ റിലീസ് ചെയ്യാനാണ് തീരുമാനം. മലയാളത്തില്‍ മോഹന്‍ലാലും തമിഴ്നാട്ടില്‍ കമല്‍ഹാസനും ഹിന്ദിയില്‍ ഷാറുഖ് ഖാനുമാണ് പഴശ്ശിയുടെ വീരചരിതം പറഞ്ഞുകൊണ്ട് ചിത്രം പ്രേക്ഷകര്‍ക്കു മുന്നില്‍ സമര്‍പ്പിക്കുന്നത്

No comments:

Post a Comment