October 07, 2009

റോബിന്‍ഹുഡ്‌

Robin Hood
കള്ളന്‍മാരുടെ കഥ പറയുന്ന സിനിമകള്‍ എല്ലാ ഭാഷകളിലും ഉണ്ടായിട്ടുണ്ട്‌. പണക്കാരുടെ സ്വത്ത്‌ വഹകള്‍ മോഷ്ടിച്ച്‌ പാവപ്പെട്ടവന്‌ കൊടുക്കുന്ന ശുദ്ധമനസ്‌ക്കരായ കായംകുളം കൊച്ചുണ്ണിമാരുടെ കഥകള്‍ എക്കാലത്തും പ്രേക്ഷകരുടെ ഇഷ്ട വിഭവമാണെന്നതില്‍ സംശയമില്ല.
ട്വന്റി20യുടെ മെഗാവിജയം ആവര്‍ത്തിയ്‌ക്കാന്‍ ആക്ഷന്‍ സംവിധായകന്‍ ജോഷി തിരഞ്ഞെടുത്തതും ഒരു കള്ളന്റെ കഥ, നായകന്‍മാരായി പൃഥ്വിരാജ്‌, നരേന്‍, ജയസൂര്യ. തിരക്കഥയൊരുക്കിയത്‌ ചോക്ലേറ്റ്‌ എന്ന ഹിറ്റിലൂടെ അരങ്ങേറിയ സച്ചി-സേതു ടീം. റോബിന്‍ഹുഡ് എന്ന ചിത്രത്തെക്കുറിച്ച് പ്രേക്ഷക പ്രതീക്ഷകള്‍ വാനോളമുയരാന്‍ ഇതൊക്കെ തന്നെ ധാരാളം. എന്നാല്‍ തിയറ്റുകളില്‍ തിക്കിത്തിരക്കി പടം കണ്ടിറങ്ങുന്നവരുടെ മുഖത്ത്‌ ആ പ്രതീക്ഷകള്‍ സഫലമായതിന്റെ യാതൊരു ലക്ഷണവുമില്ല. ഇങ്ങനെയൊരു പടം കാണാനാണോ കാത്തിരുന്നതെന്ന്‌ പോലും ചിലര്‍ കരുതുന്നുണ്ടാവും. അതേ കൊട്ടുംകുരവയുമായി വമ്പന്‍ പ്രതീക്ഷകളോടെ തിയറ്ററുകളിലെത്തിയ റോബിന്‍ഹുഡ്ഒരു ശരാശരി പടത്തിന്റെ പട്ടികയിലാണ്‌ ഇടം പിടിയ്‌ക്കുന്നത്‌.
ഹൈടെക്ക്‌ കള്ളന്‍മാരുടെ കഥ കേരളത്തിലാണ്‌ നടക്കുന്നതെങ്കില്‍ കൊച്ചിയില്‍ തന്നെ പറയേണ്ടി വരും. പ്രേക്ഷകന്റെ ആ മുന്‍വിധി തിരക്കഥാക്കൃത്ത്‌ തെറ്റിക്കുന്നില്ല. നഗരത്തിലെ ഐബി ബാങ്കിന്റെ എടിഎമ്മില്‍ നിന്ന്‌ മോഷണം നടക്കുന്നതോടെയാണ്‌ റോബിന്‍ഹുഡ്‌ ആരംഭിയ്‌ക്കുന്നത്‌. പൃഥ്വിരാജ്‌ അവതരിപ്പിയ്‌ക്കുന്ന വെങ്കിടേഷ്‌ അയ്യരാണ്‌ നഗരത്തെ ഞെട്ടിയ്‌ക്കുന്ന മോഷണത്തിന്‌ പിന്നില്‍. ഒരു പകല്‍ മാന്യനാണ്‌ അയാള്‍. പകല്‍ ഒരു എഞ്ചിനിയറിങ്‌ കോച്ചിങ്‌ സെന്ററിലെ അധ്യാപകന്‍. ഇരുള്‍ പരക്കുമ്പോള്‍ എടിഎം മോഷ്ടാവ്‌.

കൂര്‍മ്മ ബുദ്ധിക്കാരനായ വെങ്കിടേഷിന്‌ ഇങ്ങനെയൊരു മുഖമുണ്ടെന്ന്‌ ആര്‍ക്കുമറിയില്ല. അയാളെ ചില നിഗൂഢതകള്‍ ചൂഴ്‌ന്ന്‌ നില്‍ക്കുന്നുണ്ടെന്ന്‌ ഇതില്‍ നിന്നൊക്കെ പ്രേക്ഷകര്‍ക്ക്‌ ബോധ്യമാവും. പ്രിയപ്പെട്ട അധ്യാപകന്‌ പിന്നാലെ വണ്‍വേ പ്രേമവുമായി നടക്കുന്ന അഭിരാമി(സംവൃത)യെന്ന കഥാപാത്രത്തിന്റെ ആവശ്യകത എന്തിനെന്ന്‌ സിനിമ കണ്ടിറങ്ങുന്നവര്‍ ചോദിച്ചേക്കാം. കുറച്ച്‌ പാട്ടും റൊമാന്‍സുമില്ലെങ്കില്‍ എന്ത്‌ സിനിമ! എന്നാണതിനുത്തരം. കേസ്‌ അന്വേഷണത്തിന്റെ ചുമതലയുള്ള അസിസ്‌റ്റന്റ്‌ കമ്മീഷണറായെത്തുന്ന ജയസൂര്യയുടെ വരവൊക്കെ കൊള്ളാമെങ്കിലും കഥയില്‍ കാര്യമായൊന്നും ഈ പൊലീസ്‌ കഥാപാത്രത്തിന്‌ ചെയ്യാനില്ല.

Prithvi And Bhavanaഐബിഐ ബാങ്കിന്റെ എടിഎമ്മില്‍ മാത്രമാണ്‌ മോഷണം നടക്കുന്നതെന്ന്‌ വ്യക്തമാവുമ്പോള്‍ ബാങ്കധികൃതര്‍ പ്രൈവറ്റ്‌ ഡിറ്റക്ടീവിന്റെ സഹായം തേടുന്നു. അങ്ങനെയാണ്‌ നരേന്‍ അവതരിപ്പിയ്‌ക്കുന്ന അലക്‌സാണ്ടര്‍ ഫെലിക്‌സ്‌ കഥയിലേക്കെത്തുന്നത്‌.
ഐബിഐ ബാങ്കിന്റെ സിസ്റ്റം അഡ്‌മിനിസ്‌ട്രേറ്ററായ രൂപയെന്ന കഥാപാത്രത്തെയാണ്‌ ഭാവന അവതരിപ്പിയ്‌ക്കുന്നത്‌. കഥയിലെ മൂന്ന്‌ കഥാപാത്രങ്ങളും താമസിയ്‌ക്കുന്നത്‌ ഒരേ ഫ്‌ളാറ്റില്‍. സ്വാഭാവികമായി അവര്‍ക്കിടയില്‍ പ്രണയം പൊട്ടിമുളയ്‌ക്കുന്നു.ഫെലിക്‌സിന്റെ അന്വേഷണവും വെങ്കിയുടെ മോഷണവും മുറയ്‌ക്ക്‌ നടക്കുന്നു. ആദ്യ പകുതിയില്‍ തന്നെ തങ്ങളുടെ സുഹൃത്തായ വെങ്കിയാണ്‌ മോഷണങ്ങള്‍ക്ക്‌ പിന്നിലെന്ന്‌ ഫെലിക്‌സും രൂപയും മനസ്സിലാക്കുന്നുണ്ട്‌. എന്നാല്‍ ഇവര്‍ ഒരുക്കുന്ന കെണികളിലൊന്നും വെങ്കി വീഴുന്നില്ല. എന്തിനാണ്‌ വെങ്കിടേഷ്‌ ഐബിഐ ബാങ്ക്‌ തന്നെ മോഷണത്തിനായി തിരഞ്ഞെടുത്തതെന്നും സിദ്ധാര്‍ഥ് വെങ്കിടേഷെന്ന മോഷ്ടാവായി എങ്ങനെ മാറിയെന്നും വെളിപ്പെടുന്നതോടെ റോബിന്‍ഹുഡ്‌ ക്ലൈമാക്‌സിലേക്ക്‌ പ്രവേശിക്കുന്നു.

നല്ലൊരു ഉഗ്രന്‍ സിനിമയ്ക്ക് വേണ്ടിയുള്ള വിഭവങ്ങളെല്ലാം ഉള്ള സിനിമ തന്നെയാണ്‌ റോബിന്‍ഹുഡ്‌. പക്ഷേ 'എല്ലാം പാകത്തിന്‌ ചേര്‍ന്നാലല്ലേ നല്ല വിഭവമുണ്ടാകൂ' എന്ന്‌ പറയുന്നത്‌ പോലെയാണ്‌ ഈ സിനിമയുടെ കാര്യം.

ചോക്ലേറ്റ്‌ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ വരവറിയിച്ച സച്ചി-സേതു ടീം ഒരുക്കിയ തിരക്കഥയ്‌ക്ക്‌ വേണ്ടത്ര ഒഴുക്കില്ലാത്തതാണ്‌ റോബിന്‍ഹുഡിന്റെ പ്രധാന ദൗര്‍ബല്യം. സിനിമയുടെ പ്രധാന തീം മോഷണമാണെങ്കിലും അതൊരു വിശ്വസനീയമായ രീതിയില്‍ പറഞ്ഞു ഫലിപ്പിയ്‌ക്കാന്‍ കഴിഞ്ഞിട്ടില്ല.നല്ല ടെക്‌നിക്കല്‍ പെര്‍ഫെക്ഷന്‍ വേണ്ട എടിഎം മോഷണ സീനുകള്‍ എല്ലാം തന്നെ ഒരു ഒഴുക്കന്‍ മട്ടിലാണ്‌ സംവിധായകന്‍ പറഞ്ഞു പോകുന്നത്‌. സിനിമയുടെ രണ്ടാം പകുതി കൂടുതല്‍ ചടുലമാക്കാനുള്ള ശ്രമം പലപ്പോഴും പാളിപ്പോകുന്നുമുണ്ട്‌. വേണ്ടതൊക്കെ വിളമ്പിയെങ്കിലും പ്രേക്ഷകനെ തൃപ്‌തരാക്കുന്നതില്‍ സംവിധായകനും തിരക്കഥാക്കൃത്തുക്കളും വേണ്ടത്ര വിജയിക്കുന്നില്ല.
ക്യാമറ കൈകാര്യം ചെയ്‌ത ഷാജി തന്റെ ജോലി മികച്ച രീതിയില്‍ തന്നെ പൂര്‍ത്തിയാക്കിയിട്ടുണ്ട്‌. സിനിമയെ കുറച്ചെങ്കിലും ആവേശകരമാക്കി തീര്‍ത്തതില്‍ ഛായാഗ്രാഹകന്‍ ഏറെ പ്രശംസയര്‍ഹിയ്‌ക്കുന്നുണ്ട്‌. ഒരു ആക്ഷന്‍ ത്രില്ലറിന്റെ മൂഡ്‌ നിലനിര്‍ത്തുന്ന രീതിയില്‍ തന്നെയാണ്‌ രഞ്‌ജന്‍ എബ്രഹാം എഡിറ്റിങ്‌ നിര്‍വഹിച്ചിരിയ്‌ക്കുന്നത്‌. ചിത്രത്തിലെ ഗാനങ്ങള്‍ പൊതുവെ കേട്ടിരിയ്‌ക്കാവുന്നവയാണെങ്കിലും ചിത്രീകരണം അത്ര മികച്ചതല്ല. ചടുലമായ കഥ പറഞ്ഞു പോകുന്ന വേളയില്‍ പ്രത്യേകിച്ച്‌ കാരണമൊന്നുമില്ലാതെ വന്നെത്തുന്ന ഗാനങ്ങള്‍ പലപ്പോഴും കല്ലുകടിയാവുണ്ട്.


No comments:

Post a Comment