December 07, 2009

മനം കവരുന്ന പാ

ഒരു ബിഗ് ബി ചിത്രം കാണാന്‍ നിങ്ങള്‍ തിയറ്ററില്‍ കയറുക. ആ സിനിമയില്‍ അമിതാഭ് ബച്ചന്‍ ഇല്ലാതിരിയ്ക്കുക. ഒരിയ്ക്കലും നടക്കാത്ത കാര്യമല്ലേ? എന്നാല്‍ സംവിധായകന്‍ ബാല്‍കി ഒരുക്കിയ പാ കാണാനാണ് നിങ്ങള്‍ പോകുന്നതെങ്കില്‍ മേല്‍പറഞ്ഞ അനുഭവമായിരിക്കും നിങ്ങള്‍ക്കുണ്ടാവുക. പായില്‍ അറുപത്തിയേഴുകാരന്‍ ബച്ചനെ നിങ്ങള്‍ക്ക് ഒരിയ്ക്കലും കാണാനാവില്ല, മറിച്ച് പതിമൂന്നുകാരനായ അരോ ആയിരിക്കും നിങ്ങള്‍ക്ക് മുമ്പിലുണ്ടാവുക. ഒരു പത്ത് നിമിഷം സിനിമയില്‍ നിങ്ങള്‍ മുഴുകിയാല്‍ ഒരു ബച്ചന്‍ സിനിമായാണ് കാണുന്നതെന്ന കാര്യം പോലും നിങ്ങള്‍ ഒരുപക്ഷേ മറന്നേക്കും.

അതേ ഒരിയ്ക്കല്‍ കൂടി ബച്ചന്‍ കുടുംബം വെള്ളിത്തിരയില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിയ്ക്കുകയാണ്. അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും ജീവിതത്തിലെ റോളുകള്‍ പരസ്പരം കൈമാറിയ പാ നിങ്ങളെ വിസ്മയിപ്പിയ്ക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

ലളിതമായ ഒരു കഥ, അധികം മെലോഡ്രാമയുടെയോ സെന്റിമെന്‍സിന്റെയോ ഒഴുക്കില്ലാതെലളിതമായി പറഞ്ഞു തീര്‍ക്കുക, പാ പ്രേക്ഷക മനസ്സുകളിലേക്ക് കുടിയേറുന്നത് ഈ വഴിയിലൂടെയാണ്. ജനിതകത്തകരാറ് മൂലം ബാല്യത്തില്‍ തന്നെ വാര്‍ധക്യം ബാധിയ്ക്കുന്ന പ്രോഗേറിയ എന്ന രോഗത്തിനടിമയാണ് പതിമൂന്നുകാരനായ അരോ (അമിതാഭ് ബച്ചന്‍). ഗൈനോക്കോളജിസ്റ്റായ അമ്മ വിദ്യയ്ക്കും അമ്മൂമ്മയ്ക്കുമൊപ്പം താമസിയ്ക്കുന്ന അരോവിന് തന്റെ അച്ഛനാരാണെന്ന കാര്യമറിയില്ല.

ലേശം കുസൃതിക്കാരനാണെങ്കിലും മിടുക്കനായ അരോ ഒരിയ്ക്കല്‍ സ്‌കൂളിന്റെ വാര്‍ഷിക ചടങ്ങില്‍ വെച്ച് അമോല്‍ എന്ന യുവരാഷ്ട്രീയക്കാരനെ കണ്ടുമുട്ടുന്നു. സ്‌കൂളില്‍ വെച്ച് അരോ കണ്ടുമുട്ടിയത് അവന്റെ പിതാവിനെ തന്നെയാണ് വിദ്യ മനസ്സിലാക്കുന്നു. ലണ്ടനിലെ പഠനകാലത്താണ് അരോയുടെ പിതാവായ അമോലിനെ വിദ്യ പരിചയപ്പെടുന്നത്. ആ ബന്ധത്തില്‍ വിദ്യ ഗര്‍ഭിണിയാകുന്നു. എന്നാല്‍ ഇന്ത്യയില്‍ തിരികെയെത്തി വലിയൊരു രാഷ്ട്രീയക്കാരനാവാണെന്നാണ് അമോലിന്റെ ആഗ്രഹം. വിദ്യയുമായുള്ള ബന്ധവും അതില്‍ ജനിയ്ക്കാനിരിയ്ക്കുന്ന കുഞ്ഞും തന്റെ രാഷ്ട്രീയഭാവിയ്ക്ക് തടസ്സമായാണ് അമോല്‍ കരുതുന്നത്. വിദ്യയെ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങുന്ന അമോല്‍ രാഷ്ട്രീയത്തില്‍ പ്രവേശിയ്ക്കുന്നു.

പ്രോഗേറിയ രോഗം ബാധിച്ചവര്‍ 14-15 വയസ്സിനപ്പുറം ജീവിയ്ക്കാനുള്ള സാധ്യതകള്‍ വിരളമാണ്. ഇതറിയാവുന്ന വിദ്യ ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ അച്ഛനെ പറ്റിയുള്ള രഹസ്യം അരോവിനോട് വെളിപ്പെടുത്തുന്നു. വേര്‍പിരിഞ്ഞ മാതാപിതാക്കളെ ഒന്നിപ്പിയ്ക്കാനുള്ള ദൗത്യം അരോ ഏറ്റെടുക്കുന്നതോടെ പാ പുതിയൊരു ദിശയിലേക്ക് തിരിയുന്നു.

No comments:

Post a Comment