October 13, 2009

പഴശ്ശിയും ഏയ്‌ഞ്ചലും നേര്‍ക്കുനേര്‍

അണികളും അരങ്ങുകളും മാറിമറിയും, എന്നാല്‍ പോരിനിറങ്ങുന്ന രാജക്കന്മാര്‍ക്ക്‌ മാത്രം മാറ്റമില്ല! കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി മലയാള സിനിമയില്‍ തുടരുന്ന മമ്മൂട്ടി-മോഹന്‍ലാല്‍ താരയുദ്ധത്തിന്‌ ഒരിയ്‌ക്കല്‍ കൂടി കളമൊരുങ്ങുകയാണ്‌.

മലയാളത്തിലെ എക്കാലത്തെയും ബിഗ്‌ ബജറ്റ്‌ ചിത്രമായ പഴശ്ശിരാജയുമായി മമ്മൂട്ടിയെത്തുമ്പോള്‍ ജയസൂര്യ സംവിധാനം ചെയ്യുന്നഏയ്‌ഞ്ചല്‍ ജോണ മോഹന്‍ലാല്‍ തന്റെ സാന്നിധ്യമറിയിക്കുന്നത്‌. ഒക്ടോബര്‍ 16 എന്നൊരു ദിവസത്തിനുമപ്പുറം പഴശ്ശിയുടെ റിലീസ്‌ നീളില്ലെന്നാണ്‌ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ഇപ്പോള്‍ നല്‍കുന്ന ഉറപ്പ്‌. പഴശ്ശിരാജയുടെ റിലീസ്‌ ഒരു ചരിത്ര സംഭവമാക്കാനുള്ള ഒരുക്കങ്ങള്‍ മമ്മൂട്ടിയുടെ ആരാധകരും തുടങ്ങിയിട്ടുണ്ട്‌. മലയാളത്തില്‍ ഇന്നുവരെ ഒരു സിനിമക്കും ലഭിയ്‌ക്കാത്ത തരത്തിലുള്ള വരവേല്‍പ്‌ പഴശ്ശിക്ക്‌ ഒരുക്കുകയാണ്‌ അവരുടെ ലക്ഷ്യം.
Angel John
കേരളത്തില്‍ 120 തിയറ്ററുകളിലാണ്‌ പഴശ്ശിരാജ ചാര്‍ട്ട്‌ ചെയ്‌തിരിയ്‌ക്കുന്നത്‌. മലയാളത്തിന്‌ പുറമെ തമിഴ്‌, തെലുങ്ക്‌, ഹിന്ദി എന്നീ ഭാഷകളിലായി ലോകമൊട്ടാകെ 560 കേന്ദ്രങ്ങളില്‍ പഴശ്ശിരാജ റിലീസ്‌ ചെയ്യും. 25 കോടിയുടെ ബജറ്റില്‍ പൂര്‍ത്തിയായ പഴശ്ശിയുടെ ടിക്കറ്റ്‌ നിരക്കുകള്‍ ഉയര്‍ത്തില്ലെന്നാണ്‌ അവസാനം ലഭിയ്‌ക്കുന്ന റിപ്പോര്‍ട്ടുകള്‍.

അതേ സമയം മോഹന്‍ലാലിന്റെ ഏയഞ്ചല്‍ ജോണ്‍ ഒക്ടോബര്‍ 15 വ്യാഴാഴ്‌ച റിലീസ്‌ ചെയ്യാനാണ്‌ മാക്‌സ്‌ ലാബ്‌ ആലോചിയ്‌ക്കുന്നത്‌. ആശീര്‍വാദിന്റെ രണ്ട്‌ മോഹന്‍ലാല്‍ ചിത്രങ്ങള്‍ കൂടി ഈ വര്‍ഷം തിയറ്ററുകളിലെത്തുമെന്നതിനാല്‍ ഏയ്‌ഞ്ചല്‍ ജോണിന്റെ റിലീസ്‌ ഇനിയും നീട്ടാനാവില്ലെന്ന നിലപാടിലാണ്‌ അവര്‍.

മലയാളികളുടെ എക്കാലത്തെയും ജനപ്രിയ താരങ്ങള്‍ ഏറ്റുമുട്ടുന്നത്‌ സിനിമാ വിപണി കൗതുകത്തോടെയും അതിലേറെ ആശങ്കയോടെയുമാണ്‌ കാണുന്നത്‌. ആരാധകരെ ഹരം കൊള്ളിക്കുമെങ്കിലും വിപണിയെ സംബന്ധിച്ചിടത്തോളം ഈ ഏറ്റുമുട്ടലുകള്‍ എന്നും ചങ്കിടിപ്പിന്റേതാണ്‌. ഇരുവരുടെയും സിനിമകള്‍ ഒരുമിച്ച്‌ തിയറ്ററുകളിലെത്തുന്നത്‌ ഇന്നത്തെ സാഹചര്യങ്ങളില്‍ വിപണിയ്‌ക്ക്‌ ഗുണം ചെയ്യില്ലെന്ന്‌ ഏവര്‍ക്കുമറിയാം.

അവസാന നിമിഷത്തില്‍ ഏയ്‌ഞ്ചല്‍ ജോണിന്റെ റിലീസ്‌ ഒരാഴ്‌ചത്തേക്കെങ്കിലും നീട്ടുമെന്നാണ്‌ ഏല്ലാവരും പ്രതീക്ഷിയ്‌ക്കുന്നത്‌. ചിത്രത്തിന്റെ സെന്‍സറിങ്‌ ഇനിയും നടക്കാത്തത്‌ ഇതിന്‌ കാരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നു. അങ്ങനെയാണെങ്കില്‍ ഒക്ടോബര്‍ 23ന്‌ മാത്രമേ ലാല്‍ ചിത്രം തിയറ്ററുകളിലെത്തൂ.

No comments:

Post a Comment