October 26, 2009

അടൂര്‍ ഭവാനി അന്തരിച്ചു

Adoor Bhavani
അടൂര്‍: പതിറ്റാണ്ടുകളോളം മലയാള ചലച്ചിത്ര രംഗത്ത്‌ നിറസാന്നിധ്യമായിരുന്ന നടി അടൂര്‍ ഭവാനി അന്തരിച്ചു. 85 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന്‌ ദീര്‍ഘകാലമായ ചികിത്സയിലായിരുന്നു. ഞായറാഴ്‌ച ഉച്ചയ്‌ക്ക്‌ 12.30 ഓടെ അടൂരിലെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം തിങ്കളാഴ്‌ച.
അടൂര്‍ പഴകുളത്തു പാറപ്പുറത്ത്‌ കുഞ്ഞിരാമന്‍ പിളളയുടെയും കൂഞ്ഞുഞ്ഞമ്മയുടെയും മകളായി 1927ലാണു ഭവാനിയുടെ ജനനം. പ്രശസ്‌ത നാടകചലച്ചിത്ര നടിയായ അടൂര്‍ പങ്കജം സഹോദരിയാണ്‌.
നാടകത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച അടൂര്‍ ഭവാനിയുടെ ആദ്യം അരങ്ങിലെത്തിയത്‌ കൊട്ടാരക്കര ശ്രീധരന്‍ നായര്‍ അഭിനയിച്ച 'വേലുത്തമ്പി ദളവ' എന്ന നാടകത്തിലൂടെയാണ്‌. തുടര്‍ന്ന്‌ കലാനിലയം, കെ പി എസ്‌ സി എന്നിവയിലൂടെ നാടകത്തില്‍ സജീവമായി. അശ്വമേധം, തുലാഭാരം, മുടിയനായ പുത്രന്‍, യുദ്ധകാണ്ഡം, മൂലധനം എന്നിവയാണ്‌ ഭവാനി അഭിനയിച്ച പ്രധാന നാടകങ്ങള്‍.
അന്തരിച്ച തിക്കുറിശ്ശി സുകുമാരന്‍ നായരാണ്‌ അടൂര്‍ ഭവാനിയെ ചലച്ചിത്ര ലോകത്തേക്ക്‌ കൊണ്ടുവന്നത്‌. അദ്ദേഹത്തിന്റെ 'ശരിയോ തെറ്റോ' എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തെത്തിയ ഭവാനി ചെമ്മീന്‍, മുടിയനായ പുത്രന്‍, കടല്‍പ്പാലം, പാളങ്ങള്‍, കള്ളിച്ചെല്ലമ്മ തുടങ്ങിയ സിനിമകളിലൂടെ തന്റെ അഭിനയ മികവ്‌ വെളിപ്പെടുത്തി. ചെമ്മീനില്‍ ഭവാനി അവതരിപ്പിച്ച ചക്കി മരക്കാത്തി എന്ന കഥാപാത്രം ഏറെ ശ്രദ്ധിയ്‌ക്കപ്പെട്ടു. അവസാന ചിത്രമായ സേതുരാമയ്യര്‍ സിബിഐയിലേത്‌ ഉള്‍പ്പെടെ അഞ്ഞൂറോളം സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ അവര്‍ അവതരിപ്പിച്ചിട്ടുണ്ട്‌. കള്ളിച്ചെല്ലമ്മയിലെയും അഭിനയത്തിന്‌ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ഭവാനിയെ തേടിയെത്തി. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്‌ക്കുള്ള പ്രേംജി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്‌.
ജീവിതത്തിന്റെ നല്ലൊരു ഭാഗം സിനിമയ്‌ക്കായി ഉഴിഞ്ഞുവെച്ച അടൂര്‍ സഹോദരിമാര്‍ക്ക്‌ പകരം ലഭിച്ചത്‌ അവഗണനകള്‍ മാത്രമാണ്‌. ജീവിത സായാഹ്നത്തില്‍ ഏറെ സാമ്പത്തിക ബുദ്ധിമുട്ട്‌ അനുഭവിച്ച അടൂര്‍ ഭവാനിയെ രോഗങ്ങളും വേട്ടയാടി. അടൂരിലെ പന്നിവിഴയിലെ വീട്ടില്‍ മകന്‍ രാജീവ്‌കുമാറിനൊപ്പമാണ്‌ ഭവാനി അവസാന കാലത്ത്‌ താമസിച്ചിരുന്നത്‌. ഭര്‍ത്താവ്‌ ജനാര്‍ദനന്‍ നായര്‍ പന്ത്രണ്ട്‌ വര്‍ഷം മുമ്പ്‌ മരിച്ചു.

No comments:

Post a Comment