November 01, 2009

ക്രിസ്‌ത്യന്‍ ബ്രദേഴ്‌സ്‌ പ്രതിസന്ധിയില്‍

Mohanlal
ജോഷിയുടെ മള്‍ട്ടിസ്‌റ്റാര്‍ സിനിമ ക്രിസ്‌ത്യന്‍ ബ്രദേഴ്‌സ്‌ പ്രതിസന്ധിയില്‍. വന്‍താരനിരയും കാവ്യമാധവന്റെ തിരിച്ചുവരവുമൊക്കെയായി ഷൂട്ടിങ്‌ തുടങ്ങുന്നതിന്‌ മുമ്പെ വാര്‍ത്തകളില്‍ നിറഞ്ഞ ക്രിസ്‌ത്യന്‍ ബ്രദേഴ്‌സിനെതിരെ പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷന്‍ രംഗത്തെത്തിയതാണ്‌ പ്രശ്‌നങ്ങള്‍ക്കിടയാക്കിയിരിക്കുന്നത്‌.
അസോസിയേഷന്റെ നിബന്ധനകള്‍ ലംഘിച്ച്‌ ബിഗ്‌ ബജറ്റ്‌ ചിത്രമൊരുക്കുന്ന ക്രിസ്‌ത്യന്‍ ബ്രദേഴ്‌സിന്റെ നിര്‍മാതാവ്‌ വര്‍ണചിത്ര സുബൈറിന്‌ വിലക്കേര്‍പ്പെടുത്താന്‍ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ്‌ യോഗം തീരുമാനിച്ചു. വിലക്കു ലംഘിച്ച്‌ ഈ സിനിമ ചെയ്യാന്‍ അനുവദിക്കില്ലെന്ന്‌ ജനറല്‍ സെക്രട്ടറി ജി സുരേഷ്‌കുമാര്‍ പറഞ്ഞു. ഇനിമുതല്‍ ഏതു നിര്‍മാതാവായാലും ചിത്രത്തിന്റെ പൂജയ്‌ക്കു മുന്‍പു സിനിമയുടെ വിശദാംശങ്ങള്‍ സംഘടനയെ വ്യക്‌തമായി അറിയിക്കണമെന്നും എക്‌സിക്യൂട്ടീവ്‌ തീരുമാനിച്ചിട്ടുണ്ടെന്ന്‌ സുരേഷ്‌കുമാര്‍ വ്യക്തമാക്കി.
സിനിമയുടെ നിര്‍മാണ ചെലവ്‌ മൂന്നരക്കോടയില്‍ കൂടരുതെന്ന നിബന്ധനയാണ്‌ ജോഷി ചിത്രത്തിന്‌ വിനയായത്‌. കഴിഞ്ഞ എക്‌സിക്യൂട്ടീവ്‌ യോഗത്തില്‍ നിര്‍മാതാവിനെ നേരിട്ടു വിളിച്ചുവരുത്തി നിബന്ധനകള്‍ അറിയിച്ചെങ്കിലും അത്‌ അവഗണിച്ചു ചിത്രത്തിന്റെ പൂജ നടത്തിയതാണ്‌ വിലക്ക്‌ ഏര്‍പ്പെടുത്താന്‍ കാരണം.
മോഹന്‍ലാല്‍, അര്‍ജ്ജുന്‍, സുരേഷ്‌ ഗോപി, ദിലീപ്‌, കാവ്യാ മാധവന്‍, പത്മപ്രിയ എന്നിങ്ങനെ വമ്പന്‍താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ബജറ്റ്‌ മൂന്നരക്കോടിയ്‌ക്കുള്ളില്‍ ഒതുക്കാനാവില്ലെന്ന നിലപാടിലാണ്‌ ജോഷി. അസോസിയേഷന്‍ മുന്നറിയിപ്പ്‌ നല്‍കിയെങ്കിലും സിനിമയുമായി മുന്നോട്ട്‌ പോകാന്‍ തന്നെയായിരുന്നു മുതിര്‍ന്ന സംവിധായകന്‍ തീരുമാനം.
ജോഷിയെ ബഹിഷ്‌ക്കരിയ്‌ക്കണമെന്ന്‌ പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷനില്‍ ആവശ്യമുയര്‍ന്നിരുന്നു. ഇതിനിടെ കൊച്ചിയില്‍ നടന്ന ചിത്രത്തിന്റെ പൂജ അസോസിയേഷന്‍ ബഹിഷ്‌ക്കരിയ്‌ക്കുകയും ചെയ്‌തു. അതേ സമയം ചിത്രത്തിന്റെ പൂജാ ചടങ്ങുകളില്‍ മോഹന്‍ലാല്‍ സജീവമായി പങ്കെടുത്തതോടെ ക്രിസ്‌ത്യന്‍ ബ്രദേഴ്‌സിന്‌ താരസംഘടനയായ അമ്മയുടെയും സാങ്കേതിക വിദഗ്‌ധരുടെ സംഘടനയായ ഫെഫ്‌കയുടെ പിന്തുണയും ഉണ്ടെന്ന്‌ വ്യക്തമായിട്ടുണ്ട്‌.
പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷന്‍ കടുത്ത നിലപാട്‌ തുടര്‍ന്നാല്‍ ട്വന്റി20, പഴശ്ശിരാജ പോലുള്ള വമ്പന്‍ ചിത്രങ്ങള്‍ മലയാളിത്തില്‍ ഉണ്ടാകില്ലെന്നാണ്‌ ഈ സംഘടനകളുടെ നിലപാട്‌. മള്‍ട്ടി സ്‌റ്റാര്‍ ചിത്രങ്ങള്‍ക്ക ്‌ഈ നിബന്ധന ബാധകമാക്കരുതെന്നും അവരാവശ്യപ്പെടുന്നു.
ക്രിസ്‌ത്യന്‍ ബ്രദേഴ്‌സ്‌ മലയാള സിനിമയില്‍ വീണ്ടുമൊരു സംഘര്‍ഷാവസ്ഥ സൃഷ്ടിയ്‌ക്കുമോയെന്നാണ്‌ ചലച്ചിത്രരംഗം ഇപ്പോള്‍ ഉറ്റുനോക്കുന്നത്‌. വിവിധ സിനിമാ സംഘടനകള്‍ തമ്മിലുള്ള പോര്‌ ക്രിസ്‌ത്യന്‍ ബ്രദേഴ്‌സിന്റെ പേരില്‍ വീണ്ടും ആവര്‍ത്തിയ്‌ക്കുമോയെന്ന്‌ ആശങ്ക ഉയര്‍ന്നിട്ടുണ്ട്‌.

No comments:

Post a Comment