സിനിമയില്‍ വരും മുന്‍പ് മറ്റേതോ മേഖലയിലായിരുന്നില്ലേ?
ജനറല്‍ ഇന്‍ഷ്വറന്‍സ് കമ്പനിയിലായിരുന്നു.ഓറിയന്റല്‍ ഇന്‍ഷ്വറന്‍സിന്റെ പോണ്ടിച്ചേരി ഓഫീസില്‍ ജോലി ചെയ്‌തിരുന്നു.ചില സ്‌കൂള്‍ ഡ്രാമകളില്‍ തമാശക്ക് വേഷമിട്ടിട്ടുള്ളതൊഴിച്ചാല്‍ പരമ്പാഗതമായി അഭിനയ വാസനയുള്ള ആളൊന്നുമല്ല ഞാന്‍.സ്‌പോര്‍ട്‌സിലായിരുന്നു കമ്പം.പഠിക്കുന്ന സമയത്ത്‌് അത്‌ലറ്റിക്‌സിലും ഫുഡ്‌ബോളിലും യൂണിവേഴ്‌സിറ്റി തലത്തില്‍ സമ്മാനങ്ങള്‍ കിട്ടിയി്‌ട്ടുണ്ട്.ഈ രംഗത്തേക്ക് വന്നതു തന്നെ അത്ഭുതമാണ്.79 ല്‍ ഞങ്ങളുടെ നാട്ടുകാരനായ മുഖത്തല ചെല്ലപ്പന്‍പിള്ള 'നിത്യവസന്തം' എന്ന പടമെടുക്കുന്നു.എന്റെ സുഹൃത്തിന്റെ അഛനാണ് പിള്ള. എന്റെ രൂപവും ഭാവവും അതിന് യോജിക്കുമെന്ന് തോന്നിയതു കൊണ്ടാവും ആ ചിത്രത്തില്‍ ഒരു കമ്പനി എം.ഡി.യുടെ റോളായിരുന്നു.അന്നത്തെ സൂപ്പര്‍ഹിറ്റ് ഡയറക്‌ടര്‍ ശശികുമാര്‍ സാറായിരുന്നു സംവിധാനം ചെയ്‌തത്.ഷൂട്ടിംഗ് മദ്രാസില്‍.അന്ന്‌് സിനിമയുടെ എല്ലാക്കാര്യങ്ങളും അവിടെയാണ്.നിത്യവസന്തത്തോടെ നാട്ടിലേക്ക് മടങ്ങേണ്ടി വരുമെന്ന്‌് ഞാന്‍ വിചാരിച്ചെങ്കിലും കഴുകന്‍, അഗ്നിപര്‍വതം എന്നീ സിനിമകള്‍ കുടി കിട്ടി. സിനിമ മുഴുവന്‍ സമയജോലിയാക്കാമെന്ന ആത്മവിശ്വാസം വന്നപ്പോള്‍ ഇന്‍ഷ്വറന്‍സ് കമ്പനിയിലെ പണി ഉപേക്ഷിച്ചു.പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നില്ല.വിവിധ ഭാഷകളിലായി 408 പടങ്ങള്‍.
സിനിമക്കു വേണ്ടി കഷ്‌ടപ്പെടുകയും പട്ടിണി കിടന്നതുമായ കഥകള്‍ പഴയ തലമുറയില്‍ എല്ലാവര്‍ക്കും പറയാനുണ്ട്?
എനിക്ക് ആ അവസ്‌ഥ നേരിടേണ്ടി വന്നിട്ടില്ല. അത്യാവശ്യം സാമ്പത്തിക ശേഷിയുള്ള കുടുംബമാണ് ഞങ്ങളുടേത്.പിന്നെ ആദ്യകാലത്ത് മദ്രാസിലെ പരിമിതമായ സൗകര്യങ്ങളുള്ള ചെറിയ ലോഡ്‌ജിലൊക്കെ താമസിക്കേണ്ടി വന്നിട്ടുണ്ട്. ലാലു അലക്‌സ്,ടി.പി.മാധവന്‍,ജോസ്..ഒപ്പം ഉണ്ടായിരുന്നു.സിനിമയില്‍ വന്ന ശേഷം ഞാന്‍ അറിഞ്ഞ ഏറ്റവും വലിയ ബുദ്ധിമുട്ട് കാശ്‌മീരില്‍ മൈനസ് ടെമ്പറേച്ചറില്‍ 'തുഷാരം' ഷൂട്ട് ചെയ്‌തപ്പോളാണ്.'1921' പടത്തിനു വേണ്ടി ഒരു ഇലക്‌ട്രിക്ക് ലൈന്‍ പോലുമില്ലാത്ത കൊടുംകാട്ടിനുള്ളില്‍ 85 ദിവസം താമസിച്ച് ഷൂട്ട് ചെയ്‌തു.
ഒരിക്കലെങ്കിലും ഒരു നായകവേഷം-മിക്ക വില്ലന്‍മാരുടെയും പരാതിയാണിത്?
എനിക്ക് ആ ഭാഗ്യവും ലഭിച്ചു.കൊല്ലത്തെ കൃഷ്‌ണസ്വാമി റെഡ്യാര്‍ നിര്‍മ്മിച്ച 'നട്ടുച്ചയ്‌ക്ക് ഇരുട്ട് 'എന്ന പടത്തില്‍ ഞാനായിരുന്നു നായകന്‍. നായിക ഷീല.പടം തരക്കേടില്ലാതെ ഓടുകയും ചെയ്‌തു.പക്ഷേ നായകനായി ഞാന്‍ അധികകാലം ഓടേണ്ടി വന്നില്ല.
കിരീടമായിരുന്നില്ലേ കരിയറില്‍ വഴിത്തിരിവായത്?
ആ സിനിമ എനിക്ക് ഒരുപാട് ഗുണം ചെയ്‌തു.കിരീടത്തിന്റെ തമിഴ്,തെലുങ്ക്, കന്നട റീമേക്കുകളിലും അഭിനയിക്കാന്‍ കഴിഞ്ഞു.മറ്റ് രണ്ടു ഭാഷകളിലും മലയാളത്തില്‍ ചെയ്‌ത അതേ വേഷമായിരുന്നു.കന്നടയില്‍ മാത്രം കീരിക്കാടന്റെ റോള്‍ ചെയ്‌ത് ഞാനായിരുന്നു. കിരീടത്തിന്റെ രണ്ടാം ഭാഗമായ ചെങ്കോലിലെ കഥാപാത്രം നടന്‍ എന്ന നിലയില്‍ കഴിവ് കാണിക്കാന്‍ അവസരം തന്നു.നൂറുശതമാനം പോസിറ്റീവ് റോളായിരുന്നു അത്.
വിവാഹം?
90 ല്‍ ഞാന്‍ പെണ്ണുകെട്ടി.അറേഞ്ച്‌ഡ് മാര്യേജായിരുന്നു.ഭാര്യ കൊല്ലം ഫാത്തിമാ കോളേജില്‍ ലക്‌ചററായിരുന്നു.ഇപ്പോള്‍ പ്രൊഫസറാണ്.ഡോ.സ്‌റ്റെല്ല.രണ്ടു കുട്ടികളാണ് ഞങ്ങള്‍ക്ക്.മൂത്തമകള്‍ ആഷിമ എന്‍ജിനീയറിംഗിന്.മകന്‍ അച്ചു എട്ടാം ക്‌ളാസില്‍.
ഉദ്യോഗസ്‌ഥകള്‍ ഉദ്യോഗസ്‌ഥരെ തന്നെ കല്യാണം ആലോചിക്കുന്ന പതിവ് ലംഘിച്ചു?
ഞങ്ങള്‍ കുടുംബപരമായി പരസ്‌പരം അറിയാവുന്നവരാണ്. പിന്നെ എന്റെ വീട്ടില്‍ സാമാന്യം ചുറ്റുപാടുള്ളതുകൊണ്ട് സിനിമയുടെ അനിശ്‌ചിതത്വം അവര്‍ കണക്കിലെടുത്തിട്ടുണ്ടാവില്ല.
ജോണിയുടെ ദുഷ്‌ടവേഷങ്ങള്‍ കണ്ട് ടീച്ചറുടെ കോളേജിലും മറ്റും കമന്റുകള്‍?
പണ്ടൊക്കെ കുട്ടികള്‍ കമന്റ് പറഞ്ഞിരുന്നു. ഇപ്പോള്‍ ആരും ഒന്നും പറയാറില്ല. ഞാനെന്താണെന്ന്‌് വ്യക്‌തമായ ബോധ്യമുള്ളതു കൊണ്ട് സ്‌റ്റെല്ല ഇതൊന്നും മൈന്‍ഡ് ചെയ്യാറില്ല.
വില്ലനായി വേഷമിടുന്ന നടന്‍മാര്‍ നായകതുല്യമായ ഗുണങ്ങളുള്ളവരോ പരമ സാധുക്കളോ ആണെന്ന് പറച്ചിലുണ്ട്.ആണോ?
പൊതുവെ. പിന്നെ എന്റെ കാര്യം ഞാനല്ലല്ലോ പറയേണ്ടത്.
ഭയങ്കര ദുഷ്‌ടനും ചട്ടമ്പിയുമായി അഭിനയിക്കുമ്പോള്‍ ആളുകള്‍ എന്തു കരുതും എന്ന് വിഷമം തോന്നിയിട്ടുണ്ടോ?
ഇല്ല. എന്നെ അറിയാവുന്ന ഓരോരുത്തര്‍ക്കും അറിയാം ഞാന്‍ എന്താണെന്ന്. പിന്നെ പരിചയമില്ലാത്തവര്‍ എന്തു കരുതും എന്ന് ആശങ്കപ്പെടാറില്ല.പണ്ടത്തെപ്പോലല്ല. ഇന്ന് ആളുകള്‍ക്ക് ഇതെല്ലാം വെറും അഭിനയമാണെന്ന് വ്യക്‌തമായി തിരിച്ചറിയാം. നായകനായി വരുന്ന പലരുടെയും മോറല്‍ സൈഡിനെക്കുറിച്ച് വരെ സിനിമയിലുള്ളവരേക്കാന്‍ ആധികാരികമായി സംസാരിക്കുന്ന പ്രേക്ഷകരുണ്ട്.എന്നോട് ഇന്നേവരെ ആരും തന്നെ വില്ലന്‍ എന്ന നിലയില്‍ പെരുമാറിയിട്ടില്ല.
മുന്‍കാലത്തെപ്പോലെ ഇപ്പോള്‍ അത്ര സജീവമായി കാണുന്നില്ല?
സിനിമയില്‍ നിന്ന് മധുസാര്‍, മമ്മൂട്ടി,സുരേഷ്‌ഗോപി,ബാലചന്ദ്രമേനോന്‍ തുടങ്ങി മിക്കവാറും എല്ലാ പ്രമുഖരും വന്നിട്ടുണ്ട്. മോഹന്‍ലാല്‍ ഒഴികെ.ധാരാളം ചാരിറ്റി പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കാറുണ്ട്.നിര്‍ദ്ധനരായ കുട്ടികള്‍ക്ക് 20000 നോട്ട് ബുക്കുകള്‍ വിതരണം ചെയ്‌തു.250 പേര്‍ക്ക് ഓണക്കാലത്ത് ഭക്ഷണവും വസ്‌ത്രവും നല്‍കി.വര്‍ഷത്തില്‍ രണ്ടുതവണ ഫാമിലി ഗറ്റ്‌ടുഗതര്‍ സംഘടിപ്പിക്കാറുണ്ട്.
പിന്നെ ചെറിയ ബിസിനസുകളുണ്ട്. ഒരു മൊബൈല്‍ മോര്‍ച്ചറിയും ആംബുലന്‍സ് സര്‍വീസും സ്വന്തമായുണ്ട്. കൊല്ലം ശങ്കേഴ്‌സ് ഹോസ്‌പിറ്റലിനടുത്താണ്. പരിചയമുള്ള ആളുകള്‍ അത്തരം സന്ദര്‍ഭങ്ങളില്‍ എന്റെ മോര്‍ച്ചറിയേ ഉപയോഗിക്കാറുള്ളു. കുടാതെ ജെ ആന്‍ഡ് ജെ അസോസിയേറ്റ്‌സ് എന്ന പേരില്‍ ഒരു സ്‌ഥാപനം നടത്തുന്നു. ഇതര സംസ്‌ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും കുട്ടികള്‍ക്ക് വിവിധ കോഴ്‌സുകള്‍ക്ക് അഡ്‌മിഷന്‍ വാങ്ങി കൊടുക്കുന്നു. കൊള്ളലാഭം ലക്ഷ്യമിട്ടു കൊണ്ടുള്ള പ്രസ്‌ഥാനമല്ല ഇത്.ബാംഗ്‌ളൂരിലെ ഇരുപതോളം കോളേജുകളുമായി ടൈഅപ്പുണ്ട്.അഞ്ചു പൈസ ഡൊണേഷന്‍ വാങ്ങാതെ അഡ്‌മിഷന്‍ കൊടുക്കുന്ന സ്‌ഥാപനങ്ങള്‍.ഫീസും ഹോസ്‌റ്റല്‍ ഫീയും മാത്രമേ അവര്‍ ഈടാക്കാറുള്ളു. ഞങ്ങളും കമ്മീഷന്‍ വാങ്ങുന്നില്ല.ഞങ്ങള്‍ക്കുള്ള ചെറിയ സര്‍വീസ് ചാര്‍ജ്‌് കോളേജുകാര്‍ തന്നെ തരും.വളരെ അവധാനതയോടെയാണ് ഈ ബിസിനസ് ചെയ്യുന്നത്.ഒരു പാട് തട്ടിപ്പ് കോളേജുകള്‍ ഉണ്ട്.അവരുടെ കേസുകള്‍ അറ്റന്‍ഡ് ചെയ്യാറില്ല.
പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങുന്ന പല നടന്‍മാര്‍ക്കും രാഷ്‌ട്രീയ ലക്ഷ്യങ്ങളുണ്ട്?
എനിക്ക് അത്തരം ലക്ഷ്യങ്ങളൊന്നുമില്ല.എല്ലാ പാര്‍ട്ടിക്കാരുമായും ബന്ധമുണ്ട്. പല ചടങ്ങുകളിലും നേതാക്കന്‍മാര്‍ക്കൊപ്പം വേദി പങ്കിട്ടിട്ടുണ്ട്.ഒരു കക്ഷിയുടെ മാത്രം വക്‌്താവായി ആ നല്ല സൗഹൃദങ്ങള്‍ ഇല്ലാതാക്കാന്‍ ഉദ്ദേശിക്കുന്നില്ല.
പഴയകാല സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ നല്ല സൗഹൃദം ഉണ്ടായിരുന്നില്ലേ?
ഒരിക്കലും മറക്കാന്‍ പറ്റില്ല അതൊന്നും. പണ്ട് ഓരോ ദിവസവും വര്‍ക്ക് കഴിഞ്ഞ് ഞങ്ങള്‍ ഒന്നിച്ചു കൂടും. ഓരോരുത്തരുടെയും വീട്ടുകാര്യങ്ങള്‍ പോലും പരസ്‌പരം അറിയാം. ഒരാള്‍ക്ക് ഒരു വിഷമഘട്ടം വന്നാല്‍ അയാള്‍ പറയാതെ തന്നെ അറിഞ്ഞു കേട്ട് സഹായിക്കുന്ന രീതിയുണ്ടായിരുന്നു. ഓണക്കാലം വന്നാല്‍ ആഘോഷം സുഹൃത്തുക്കള്‍ക്കൊപ്പമാവും. പലപ്പോഴും കോഴിക്കോട്ടായിരുന്നു ഷുട്ടിംഗ്. ഓണത്തിന് സദ്യഉണ്ണാന്‍ ഒരു ബറ്റാലിയന്‍ ആളുണ്ടാവും.എല്ലാരും കുടി ഒരു വീട്ടില്‍ ചെന്ന് ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി പല ബാച്ചായി തിരിക്കും. കുറെപ്പേര്‍ ശശിയേട്ടന്റെ(ഐ.വി.ശശി) വീട്ടില്‍ പോവും. ചിലര്‍ പപ്പുവേട്ടന്റെ വീട്ടില്‍, മറ്റു ചിലര്‍ നെല്ലിക്കോട് ഭാസ്‌കരന്റെയോ കുഞ്ഞാണ്ടിയുടെയോ വീട്ടില്‍...ആര്‍ക്കും അതൊന്നും ബുദ്ധിമുട്ടായിരുന്നില്ല.വലിയ സന്തോഷമായിരുന്നു. പുതിയ തലമുറയ്‌ക്ക് അതൊക്കെ കേള്‍ക്കുമ്പോള്‍ അതിശയം തോന്നാം. അവര്‍ വളരെ ഫാസ്‌റ്റാണ്. പഴയ സ്‌നേഹവും ബന്ധവും ഒന്നുമില്ല.സ്വന്തം കാര്യം നോക്കിപ്പോകും.ഞാന്‍ ആരെയും കുറ്റപ്പെടുത്തുകയല്ല. ഇതൊക്കെ കാലത്തിന്റെ മാറ്റങ്ങളാണ്.
പഴയകാല താരങ്ങള്‍ അവസരം കുറയുമ്പോള്‍ പുറത്തെടുക്കുന്ന തുറുപ്പുചീട്ടാണ് സംവിധാനം. അത്തരം മോഹങ്ങള്‍ മനസിലുണ്ടോ?
തീരെയില്ല. ബിസിനസുകാരായ ഒരു പാട്‌് സുഹൃത്തുക്കള്‍ എനിക്കുണ്ട്. കൊല്ലമായതു കൊണ്ട് കൂടുതലും കശുവണ്ടി മേഖലയില്‍ നിന്നുള്ളവര്‍.ഞാന്‍ ഒരു വാക്ക് പറഞ്ഞാല്‍ എത്ര കോടി വേണമെങ്കിലും മുടക്കും. ആവശ്യപ്പെടാതെ ഇങ്ങോട്ട് ഓഫര്‍ ചെയ്‌തവരുണ്ട്.ഒന്നും സ്വീകരിച്ചില്ല. ആരുടെയും അഞ്ചുപൈസ നമ്മളായി നഷ്‌ടപ്പെടുത്തുന്നതിനോട് യോജിപ്പില്ല.
സ്വന്തം കഴിവില്‍ അത്ര ആത്മവിശ്വാസമാണോ?
പിന്നെ വലിയ ടെന്‍ഷന്‍ താങ്ങാന്‍ ഇഷ്‌ടമുള്ള കൂട്ടത്തിലല്ല ഞാന്‍. സംവിധാനം ഭാരിച്ച ഉത്തരവാദിത്തങ്ങളുള്ള ജോലിയാണ്.അഭിനേതാവിനാണ്‌സുഖം. അവനവന്റെ റോള്‍ അഭിനയിക്കുക.മേക്കപ്പ് തുടച്ചു കളഞ്ഞ് മുഖം കഴുകി ഡ്രസ് അഴിച്ചു വച്ച് പോയാല്‍ മതി.അത്രയും സുഖകരമായ ജോലി കയ്യിലുള്ളപ്പോള്‍ ഇല്ലാത്ത പൊല്ലാപ്പെടുത്ത് തലയില്‍ വയ്‌ക്കണോ?
പക്ഷേ വില്ലന്‍മാര്‍ ഉള്‍പ്പെടെ സഹപ്രവര്‍ത്തകര്‍ അത് ചെയ്യുന്നു?
അത് അവരുടെ ധൈര്യം.സ്വന്തമായി പടം ചെയ്യണമെന്ന് ഒരഭിനേതാവിന് ആഗ്രഹം തോന്നാം.കാരണം ഒരു അസോസിയേറ്റ് ഡയറക്‌ടര്‍ ഒന്നോ ചിലപ്പോള്‍ രണ്ടോ സംവിധായകര്‍ക്കൊപ്പം നിന്നാണ് പണി പഠിക്കുക.നടന്‍ അങ്ങനെയല്ല.വിവിധ ഭാഷകളിലായി വ്യത്യസ്‌ത ശൈലിയുള്ള സംവിധായകര്‍ക്കൊപ്പം ജോലി ചെയ്‌ത് അവരുടെയെല്ലാം രീതികള്‍ സ്വാംശീകരിക്കുകയാണ്. അത്രയും എക്‌സ്പീരിയന്‍സ് ആര്‍ക്കാണ് ലഭിക്കുക.
എന്നിട്ടും നടന്‍മാരുടെ സൃഷ്‌ടികള്‍ നിരന്തരം ഫ്‌ളോപ്പാകുന്നു?
അത് കാര്യങ്ങള്‍ മനസിലാക്കാതെ വെറും ആഗ്രഹത്തിന്റെ പേരില്‍ ചെയ്യുന്നതു കൊണ്ടാവാം. ഇപ്പോള്‍ ജഗദീഷ് ഒരു പടം ചെയ്യാന്‍ ഒരുങ്ങുന്നു.അത് നല്ല സിനിമയായിരിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്.. കാരണം അയാള്‍ ഈ വിഷയത്തില്‍ ടാലന്റുള്ളയാളാണ്.തിരക്കഥാകൃത്തെന്ന നിലയില്‍ തെളിയിച്ചിട്ടുമുണ്ട്.മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍,മുത്താരംകുന്ന് പി.ഒ..എത്രയോ ഹിറ്റുകള്‍ക്ക് പിന്നില്‍ ജഗദീഷുണ്ടായിരുന്നു. വേണുനാഗവള്ളി, കൊച്ചിന്‍ഹനീഫയെല്ലാം വിജയസിനിമകള്‍ ഉണ്ടാക്കിയവരാണ്. അപ്പോള്‍ നടന്‍ വിചാരിച്ചാലും പടം ഓടും.
വലിയ ആഗ്രഹങ്ങളില്ലാത്തയാളാണോ?
അതെ.എല്ലാം വാരിപ്പിടിക്കണമെന്ന ചിന്തയില്ല.വലിയ സ്വപ്‌നങ്ങളുമില്ല.ആഗ്രഹങ്ങള്‍ കൂടുമ്പോള്‍ നാം സ്‌ട്രെയിറ്റ് ഫോര്‍വേഡ് അല്ലാതായി മാറും.വളഞ്ഞവഴിയിലൂടെ നേട്ടങ്ങള്‍ എത്തിപ്പിടിക്കാന്‍ ശ്രമിക്കും.ഇപ്പോള്‍ മറ്റൊരാള്‍ക്ക് ശപിക്കാന്‍ കഴിയാത്ത വിധമാണ് എന്റെ കയ്യിലിരിപ്പുകള്‍. ഉള്ളതുകൊണ്ട് ഒതുങ്ങി ജീവിക്കുന്ന കൂട്ടത്തിലാണ്.വരുമാനത്തിന് അനുസരിച്ച് ചിലവഴിക്കും.എന്നു കരുതി ദരിദ്രവാസിയായിട്ടല്ല ജീവിതം. അത്യാവശ്യം ലക്ഷ്വറിയുണ്ട്.പിന്നെ അഞ്ചു പൈസ ലോണില്ല.വലിയ കാര്‍വാങ്ങാനും മറ്റുമായി ലോണും കൊണ്ട് ബാങ്കുകള്‍ പിന്നാലെയാണ്. സ്‌ഥിരവരുമാനമില്ലാത്ത കലാകാരന്‍ എടുത്തുചാടരുതെന്ന പക്ഷക്കാരനാണ് ഞാന്‍.ലോണെടുത്താല്‍ തിരിച്ചടക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമില്ല.വേണമെങ്കില്‍ ഭാര്യയുടെ വരുമാനം കൊണ്ട് ലോണ്‍ അടക്കാം. പക്ഷേ സ്വന്തമായി അദ്ധ്വാനിച്ച കാശു കൊണ്ട് കാര്യങ്ങള്‍ ചെയ്യാനാണ് ഇഷ്‌ടം. ജീവിതത്തില്‍ എന്തു നേടിയെന്ന് ആരെങ്കിലും ചോദിച്ചാല്‍ ഞാന്‍ പറയും. മനസമാധാനമുണ്ട്. അതില്ലാതെ മറ്റെന്തുണ്ടായിട്ടെന്തു കാര്യം
സിനിമ സാമ്പത്തികമായി ഗുണം ചെയ്‌തോ?
നല്ല വീട് വയ്‌ക്കാന്‍ സാധിച്ചു.മെഴ്‌സിഡസ് ബെന്‍സ് ഒന്നുമില്ലെങ്കിലും മൂന്നുകാറുകള്‍ വാങ്ങി. ഒരു മാരുതി, അംബാസിഡര്‍, ഫോര്‍ഡ്. ആവശ്യത്തിലേറെ വസ്‌തുവകകളുണ്ട്. സഹോദരിമാര്‍ക്ക് വീതം കൊടുത്ത സ്‌ഥലം അടക്കം വിലയ്‌ക്ക് വാങ്ങി.
ഏറ്റവും വലിയ സ്വത്ത്?
എന്റെ ബന്ധങ്ങള്‍,സൗഹൃദങ്ങള്‍.മനുഷ്യരുമായി ഇടപഴകാന്‍ കഴിയുന്നത്‌് സാമൂഹ്യജീവിയെന്ന നിലയില്‍ വലിയ ഭാഗ്യമായി കാണുന്നു. ഗോള്‍ഫ്, ലയണ്‍സ്, രാമവര്‍മ്മ, റോട്ടറി, വൈസ്‌മെന്‍സ് ഈ ക്‌ളബ്ബുകളെല്ലാം അവരുടെ ചടങ്ങുകളിലേക്ക് ക്ഷണിക്കാറുണ്ട്. ബാംഗ്‌ളൂര്‍ മലയാളി സമാജത്തിന്റെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ക്കും വിശിഷ്‌ടാതിഥികളില്‍ ഒരാള്‍ ഞാനായിരുന്നു. കഴിഞ്ഞ തവണ എന്നെക്കുടാതെ മോഹന്‍ലാലും കലാഭവന്‍മണിയും. ഇക്കുറി മന്ത്രി ശര്‍മ്മയും രാജ്‌മോഹന്‍ ഉണ്ണിത്താനും.
പോലീസ് അസോസിയേഷന്‍ അവരുടെ എല്ലാ ചടങ്ങുകള്‍ക്കും വിളിക്കും. വന്നു വന്ന് കോണ്‍സ്‌റ്റബിള്‍ മുതല്‍ എസ്.പിഇയും ഏ.സിയും വരെ സുഹൃത്തുക്കളാണ്.
ഞാന്‍ ഇന്നു മലയാളസിനിമയില്‍ ആരുമല്ല.മമ്മൂട്ടിയാവട്ടെ എല്ലാമാണ്.എന്നിട്ടും ആഴ്‌ചയിലൊരിക്കല്‍ ഞങ്ങള്‍ പരസ്‌പരം വിളിക്കും.അത്തരം ബന്ധങ്ങള്‍ അമൂല്യമായി കാണുന്നു.ഇതിനെല്ലാം കാരണമായത് സിനിമയാണ്. അതുകൊണ്ട് എന്നെ സംബന്ധിച്ച് ഏറ്റവും വലിയ സ്വത്ത് നടനാവാന്‍ കഴിഞ്ഞത് തന്നെയാണ്.
No comments:
Post a Comment