കോടനാട്ടുകാരുടെ മാത്തേവൂസാണ് മാത്യൂസ്, അടുപ്പമുള്ളവര്‍ ചിലര്‍ അയാളെ മത്തായി എന്നും വിളിയ്ക്കും. പെരിയാറിന്റെ തീരത്ത് മൂന്നേക്കര്‍ സ്ഥലമാണ് അയാളുടെ സ്വര്‍ഗ്ഗം. ഒരു ഫാം ഹൗസ്. അതിനോട് ചേര്‍ന്നൊരു ജൈവകൃഷിത്തോട്ടം. വിഷം ചേരാത്ത പച്ചക്കറികളും ശുദ്ധമായ പശുവിന്‍ പാലുമെന്ന അച്ഛന്‍ ജെര്‍മിയാസിന്റെ സ്വപ്‌നമാണ് അയാള്‍ അവിടെ സഫലമാക്കിയത്.
മണ്ണിനോടും പ്രകൃതിയോടുമുള്ള പ്രതിബദ്ധതയില്‍ അയാള്‍ക്ക് വിട്ടുവീഴ്ചയില്ല. ഇവിടം- ഈ മണ്ണ് സ്വര്‍ഗ്ഗമാണ്. മനുഷ്യന്‍ മാത്രമല്ല സകലചരാചരങ്ങളും അതിന്റെ അവകാശികളാണ്. മണ്ണിനെ നോവിയ്ക്കാതെ നാം അതില്‍ നിന്ന് അന്നം തേടണം. മുന്‍തലമുറകളും കാലവും കാത്തുവെച്ച് നമുക്ക് നല്‍കിയ സൗഭാഗ്യങ്ങള്‍ വരും തലമുറകള്‍ക്ക് കൈമാറണം. ജീവിതത്തില്‍ പലതും സമ്പാദിച്ചുവെന്ന് കരുതുമ്പോഴും ഒന്നും യഥാര്‍ത്ഥത്തില്‍ നമ്മള്‍ സൃഷ്ടിച്ചില്ല. ഇന്നുള്ള എല്ലാത്തിന്റെയും അവകാശികള്‍ മറ്റാരോ ആയിരുന്നു. നാളെ വേറെ പലരുമാകും. അത് കൈമോശം വരാതെ സംരക്ഷിയ്ക്കുക. അതാണ് നമ്മുടെ റോള്‍. മാത്യൂസ് എന്നും മുറുകെ പിടിയ്ക്കുന്ന വിശ്വാസപ്രമാണമാണിത്.
മാത്യൂസിന്റെ കൃഷി ഭൂമിയോട് ചേര്‍ന്ന് ആലുവ ചാണ്ടിയ്ക്ക് കുറച്ച് ഭൂമിയുണ്ട്. മാത്യൂസിന്റ സ്വര്‍ഗ്ഗമായ കൃഷി ഭൂമി കൂടി സ്വന്തമാക്കാനാണ് ആലുവ ചാണ്ടിയുടെ ശ്രമം. അതിന് അയാള്‍ക്ക് സഹായമായി നില്‍ക്കുന്നത് ചില്ലറക്കാരൊന്നുമല്ല. താന്‍ സംരക്ഷിച്ചു പോരുന്ന മണ്ണിലേക്ക് കടന്നുകയറുവാനും അത് നശിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്നവരോടുള്ള ചെറുത്തുനില്‍പ്പായി അയാളുടെ ജീവിതം മാറുകയാണ്. തന്റെ സ്വര്‍ഗ്ഗത്തെ സംരക്ഷിയ്ക്കാനായി ഒറ്റയാള്‍ പോരാട്ടത്തിനിറങ്ങുകയാണ് മാത്യൂസ്,.
മോഹന്‍ലാലിനെ നായകനാകുന്ന ഇവിടം സ്വര്‍ഗ്ഗമാണ് എന്ന ചിത്രത്തിലൂടെ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് വരച്ചിടുന്നത് മണ്ണിന്റെ മണുള്ള കഥയാണ്. സാധാരണക്കാരുടെ കഥകള്‍ പറഞ്ഞ ചിത്രങ്ങളിലൂടെയാണ് മോഹന്‍ലാല്‍ പ്രേക്ഷക മനസ്സുകളില്‍ ഇടം കണ്ടെത്തിയത്. വരവേല്‍പ്പും വെള്ളാനകളുടെ നാടുമൊക്കെ അത്തരം സിനിമകളില്‍പ്പെടുന്നു. ഈ ചിത്രത്തിലെ മാത്യൂസും അത്തരക്കാരനിലൊരാളാണെന്ന് സംവിധായകന്‍ പറയുന്നു. ചിത്രത്തെ റിയില്‍ ഫിലിമെന്നാണ് റോഷന്‍ വിശേഷിപ്പിയ്ക്കുന്നത്.
തികച്ചും റിയലിസ്റ്റിക്കായ പശ്ചാത്തലത്തിലാണ് ഇവിടം സ്വര്‍ഗ്ഗമാണ് ചിത്രീകരിച്ചിരിയ്ക്കുന്നത്. അമ്പത്തിയഞ്ചോളം ലൊക്കേഷനുകളാണ് സിനിമ പൂര്‍ത്തിയാക്കിയത്. ആശീര്‍വാദ് പ്രൊഡക്ഷന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിയ്ക്കുന്ന ചിത്രത്തില്‍ വന്‍താര നിര തന്നെ അഭിനയിക്കുന്നുണ്ട്.
നായകന്റെ ജീവിതത്തിലേക്ക് പലപ്പോഴായി കടന്നുവരുന്ന കഥാപാത്രങ്ങളെ ലക്ഷ്മി റായി, പ്രിയങ്ക, ലക്ഷ്മി ഗോപാലസ്വാമി എന്നിവര്‍ അവതരിപ്പിയ്ക്കുന്നു. നരസിംഹത്തിന് ശേഷം ലാലും തിലകനും ഒന്നിയ്ക്കുന്ന ചിത്രത്തില്‍ ജെറിമിയാസിന്റെ വേഷമാണ് തിലകന്‍ അവതരിപ്പിയ്ക്കുന്നത്.
ഉദയനാണ് എന്ന സൂപ്പര്‍ഹിറ്റിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ്-ലാല്‍ ടീം ഒന്നിയ്ക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ജെയിസം ആല്‍ബര്‍ട്ടാണ്. ശ്രീനിവാസന്‍, ശങ്കര്‍, സുകുമാരി, കവിയൂര്‍ പൊന്നമ്മ, ലാലു അലക്‌സ്, ജഗതി, മണിയന്‍പിള്ള രാജു, ബാലചന്ദ്രന്‍ ചുള്ളിക്കാട്, അനൂപ് ചന്ദ്രന്‍, ബൈജു, എന്നിങ്ങനെ 110 താരങ്ങള്‍ അണിനിരക്കുന്ന ചിത്രം ക്രിസ്മസിന് തിയറ്ററുകളിലെത്തും.
No comments:
Post a Comment