December 17, 2009

ചട്ടമ്പികളുടെ നാട്ടിലെ വിശേഷങ്ങള്‍

 Chattambinadu
'നിന്‍ഗെ നന്‍ബക്കെ ഗൊത്തില്ല നന്‍ മഗനേ'- സ്ഥലത്തെ പ്രധാന ചട്ടമ്പികളുമായി കോര്‍ക്കുമ്പോള്‍ വിജേന്ദ്ര മല്ലയ്യ മലയാളം മറക്കും. പിന്നെ അയാളുടെ നാവില്‍ വരിക പറഞ്ഞു പഴകിയ കന്നഡയാവും. (സൂക്ഷിയ്ക്കുക, ഏറ്റുപറയാന്‍ ഉശിരന്‍ ഡയലോഗാണെങ്കിലും കന്നഡക്കാരോടാണിത് പറയുന്നതെങ്കില്‍ അടി കിട്ടേണ്ട താമസമേയുള്ളൂ- നിനക്കെന്നെ അറിയില്ല മോനെ... ഏതാണ്ടിങ്ങനെയൊക്കെയാണ് മല്ലയ്യയുടെ കിടിലന്‍ ഡയലോഗിന്റെ തുടക്കം).
നാട്ടിലെയും മറുനാട്ടിലെയും ചട്ടമ്പിമാര്‍ കൂട്ടത്തോടെ താവളമടിച്ചതോടെയാണ് ചെമ്പട്ട്‌നാടെന്ന സുന്ദരമായ ഗ്രാമം ചട്ടമ്പിനാടായി മാറിയത്. ഗൗരിയെന്ന പെണ്ണൊരുത്തിയാണ് ചെമ്പട്ട് നാട്ടിലെ ഏക വനിതാ ചട്ടമ്പി. റിട്ടയേഡ് ചട്ടമ്പി വടിവാള്‍ വാസുവിന്റെ മകള്‍. അച്ഛന്റെ പേര് നിലനിര്‍ത്തുന്ന രീതിയില്‍ തന്നെയാണ് ഗൗരിയുടെ ജീവിതം.
വെട്ടുംകുത്തും ഗുണ്ടായിസവുമായി നാട് വാണിരുന്ന അച്ഛനെ കണ്ട് വളര്‍ന്ന ഈ സുന്ദരി ചട്ടമ്പിനാട്ടിലെ പല പുരുഷ ചട്ടമ്പിമാരുടെയും മനസ്സിലെ കനലാണ്. കാലിന് വെട്ടേറ്റ് വീണുപോയ അച്ഛന് താങ്ങായ ഗൗരി പെണ്ണാണെങ്കിലും ഒരു ആണിനെ പോലെയാണ് അവിടെ കഴിയുന്നത്. അലവലാതിത്തരം പറഞ്ഞാല്‍ ഏത് കൊടികെട്ടിയവനായാലും ഗൗരി ഒന്ന് പൊട്ടിയ്ക്കാതെ വിടില്ല.
അലമ്പുകളില്‍ നിന്നെല്ലാം റിട്ടയര്‍ ചെയ്‌തെങ്കിലും വടിവാള്‍ വാസു ഇന്നും സജീവമാണ്. എവിടെ പ്രശ്‌നമുണ്ടെന്ന് കേട്ടാലും വാസുവിനെ അദ്ദേഹത്തിന്റെ ശിക്ഷ്യന്‍മാര്‍ കസേരയിലിരുത്തി കൊണ്ടുപോകും. തന്റേടിയാണെങ്കിലും ഗൗരിയ്ക്ക് അതൊന്നും ഇഷ്ടമല്ല, എങ്കിലും ചിലപ്പോഴൊക്കെ അവള്‍ക്കതംഗീകരിയ്‌ക്കേണ്ടി വരുന്നു.
ചട്ടമ്പിനാട്ടിലെ ഉഗ്രപ്രതാപികളായ കാട്ടാപ്പള്ളിക്കാരുമായുള്ള ഏറ്റമുട്ടലില്‍ സ്വത്തുക്കളെല്ലാം കൈവിട്ടുപോയ മല്ലഞ്ചിറയിലെ ചന്ദ്രമോഹന്‍ ഒടുക്കം തറവാട്ട് ബംഗ്ലാവും പുരിയിടവും കര്‍ണ്ണാടകക്കാരനായ വിജേന്ദ്ര മല്ലയ്യയ്ക്ക് വില്‍ക്കുന്നു. ബംഗ്ലാവും സ്ഥലവും മറ്റൊരാള്‍ വാങ്ങിയതറിഞ്ഞ് സ്ഥലത്തെ കുടികിടപ്പുകാരെന്ന് അവകാശപ്പെടുന്ന വടിവാള്‍ വാസുവും മകള്‍ ഗൗരിയും വീജേന്ദ്ര മല്ലയ്യയുടെ എതിര്‍പക്ഷത്താണ്

No comments:

Post a Comment