October 17, 2009

ചരിത്രം കുറിക്കാന്‍ വീരപഴശ്ശിയെത്തി

Pazhassiraja
ലക്ഷക്കണക്കിന്‌ ആരാധകരുടെ ദീര്‍ഘനാളത്തെ കാത്തിരിപ്പിന്‌ വിരാമമിട്ടുകൊണ്ട്‌ മമ്മൂട്ടി നായകനായ പഴശ്ശിരാജ തിയേറ്ററുകളിലെത്തി.
പ്രേക്ഷകരും ചലച്ചിത്ര പ്രവര്‍ത്തകരും ഒരേ പോലെ ഉറ്റുനോക്കുന്ന ചിത്രമാണ്‌ മമ്മൂട്ടി-ഹരിഹരന്‍-എംടി കൂട്ടുകെട്ടില്‍ പിറന്ന ഈ ചരിത്ര ചിത്രം. റിലീസിനോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ വന്‍ പരിപാടികളാണ് ഒരുക്കിയത്.
സിനിമ റിലീസ് ചെയ്യുന്ന തിയേറ്ററുകളില്‍ വമ്പന്‍ ഫ്ലക്സുകളും കട്ടൌട്ടുകളും നിരത്തിയ ഫാന്‍സ് സംഘങ്ങള്‍ നഗരം ചുറ്റി വിളംബര ഘോഷയാത്രയും നടത്തി.
ചിത്രം റിലീസ് ചെയ്ത തിരുവനന്തപുരത്തെ നാലു തിയറ്ററുകള്‍ക്കു മുന്നിലും പായസ വിതരണമുള്‍പ്പടെയുള്ള ആഘോഷങ്ങള്‍ നടന്നു.
മമ്മൂട്ടി വീരപഴശ്ശിയാകുമ്പോള്‍ അദ്ദേഹത്തിന്റെ കരുത്തനായി സേനാനായകനായ ഇടച്ചേന കുങ്കനായി എത്തുന്നത്‌ തമിഴ്‌ താരം ശരത്‌ കുമാറാണ്‌. താരബാഹുല്യം കൊണ്ട്‌ ശ്രദ്ധേയമാണ്‌ ചിത്രം.
ഗറില്ലപോരാളികളായ ആദിവാസി സംഘത്തിന്റെ തലവനായ തലയ്‌ക്കല്‍ ചന്തുവായി മനോജ്‌ കെ ജയനും പഴശ്ശിയുടെ ഭാര്യ കൈതേരി മാക്കമായി എത്തുന്നത്‌ കനിഹയുമാണ്‌. പത്മപ്രിയ, തിലകന്‍, ദേവന്‍, ക്യാപ്‌റ്റന്‍ രാജു, സുരേഷ്‌ കൃഷ്‌ണ തുടങ്ങി വന്‍ താരനിരയാണ്‌ ചിത്രത്തിലുള്ളത്‌.
ഇവര്‍ക്കൊപ്പം വിദേശ താരങ്ങളും വയനാട്ടിലെ ആദിവാസി വിഭാഗമായ കുറിച്യരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്‌. എംടി വാസുദേവന്‍ നായരുടെ രചനയില്‍ ഹരിഹരനാണ്‌ ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചത്‌. ഓസ്‌കാര്‍ പുരസ്‌കാര ജേതാവ്‌ റസൂല്‍ പൂക്കുട്ടിയാണ്‌ ശബ്ദ സംയോജനം നടത്തിയിരിക്കുന്നത്‌.
ഹോളിവുഡ്‌ സാങ്കേതികത്തികവോടെയാണ്‌ വിഷ്വല്‍ ഇഫക്ടുകള്‍ ഒരുക്കിയിരിക്കുന്നത്‌. രാജ്യത്തെ ഒന്നാം നിര ക്യാമറാമാന്‍മാരില്‍ ഒരാളായ വേണുവിനൊപ്പം അഞ്ചോളം ഛായാഗ്രാഹകര്‍ മൂന്നു വര്‍ഷം നീണ്ട ചിത്രീകരണത്തില്‍ പങ്കാളികളായി.
25കോടിയിലധികം രൂപയാണ്‌ ചിത്രത്തിനായി ചെലവിട്ടത്‌. ഗോഗുലം ഫിലിംസിന്റെ ബാനറില്‍ ഗോഗുലം ഗോപാലനാണ്‌ ചിത്രം നിര്‍മ്മിച്ചത്‌.
ചിത്രത്തിന്‌ സര്‍ക്കാര്‍ 50ശതമാനം നികുതിയിളവ്‌ നല്‍കിയിട്ടുണ്ട്‌. ലോകമൊട്ടാകെ 550 കേന്ദ്രങ്ങളിലാണ്‌ ചിത്രം റിലീസ്‌ ചെയ്യുന്നത്‌. ഒരു മലയാള ചിത്രം ഇത്രയും കേന്ദ്രങ്ങളില്‍ റിലീസ്‌ ചെയ്യുന്നത്‌ ഇതാദ്യമാണ്‌. കേരളത്തില്‍ 125 തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്.

No comments:

Post a Comment