December 20, 2009

20-ാം വാര്‍ഷികാഘോഷത്തിനു പ്രൗഢോജ്വല സമാപനം


കോട്ടയം: എളിയരീതിയില്‍ പ്രവര്‍ത്തനമാരംഭിച്ച 'മംഗള'ത്തെ മഹാപ്രസ്‌ഥാനമാക്കിയത്‌ സ്‌ഥാപകപത്രാധിപര്‍ എം.സി. വര്‍ഗീസിന്റെ ത്യാഗവും നിശ്‌ചയദാര്‍ഢ്യവുമാണെന്നു പ്രതിരോധമന്ത്രി എ.കെ. ആന്റണി.

പതിനായിരങ്ങളെ സാക്ഷിയാക്കി മംഗളം ദിനപത്രം 20-ാം വാര്‍ഷികാഘോഷ സമാപനസമ്മേളനം കോട്ടയം പോലീസ്‌ പരേഡ്‌ ഗ്രൗണ്ടില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആരെയും അദ്‌ഭുതപ്പെടുത്തുന്നതും ആവേശം കൊള്ളിക്കുന്നതുമായ വളര്‍ച്ചയാണ്‌ എം.സി. വര്‍ഗീസിലൂടെ മംഗളം കൈവരിച്ചത്‌. സമൂഹവിവാഹം, എന്‍ജിനീയറിംഗ്‌ കോളജ്‌ ഉദ്‌ഘാടനം തുടങ്ങി മംഗളത്തിന്റെ പ്രധാന പരിപാടികളിലെല്ലാം പങ്കെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌.

മംഗളം കുടുംബത്തോടുള്ള തന്റെ ആത്മബന്ധം ആന്റണി അനുസ്‌മരിച്ചു.

വാര്‍ത്തകളില്‍ അമിത സെന്‍സേഷണലിസം ഉണ്ടാക്കാന്‍ ശ്രമിക്കരുതെന്നു കേരളത്തിലെ മാധ്യമപ്രവര്‍ത്തകരോടു പൊതുവായി പറയാനുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമൂഹത്തെ നയിക്കാന്‍ മാധ്യമങ്ങള്‍ പ്രേരകശക്‌തിയാകണമെന്നു യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി പറഞ്ഞു.

40 വര്‍ഷം മുമ്പ്‌ അദ്‌ഭുതത്തോടെ കൈയിലെടുത്ത വാരികയാണു മംഗളം. സ്‌ത്രീമനസിനെ അറിയാന്‍ കഴിഞ്ഞു എന്നതായിരുന്നു വാരികയുടെ നേട്ടം. എം.സി. വര്‍ഗീസിനെയും അദ്‌ഭുതത്തോടെയാണ്‌ എക്കാലവും നോക്കിക്കണ്ടത്‌. പത്രം തുടങ്ങിയപ്പോള്‍ ജനകീയമാക്കാന്‍ പരിശ്രമിച്ചു. അഭിമാനകരമായ നിലയിലുള്ള പ്രവര്‍ത്തനമാണു പിന്‍മുറക്കാരും കാഴ്‌ചവയ്‌ക്കുന്നത്‌.

മംഗളം ചീഫ്‌ എഡിറ്റര്‍ സാബു വര്‍ഗീസ്‌ അധ്യക്ഷത വഹിച്ചു. തമിഴ്‌ സുപ്രീംസ്‌റ്റാര്‍ ശരത്‌കുമാര്‍ മുഖ്യാതിഥിയായിരുന്നു.

ചടങ്ങില്‍ അഭിനയരംഗത്ത്‌ അരനൂറ്റാണ്ടു പിന്നിട്ട ജോസ്‌ പ്രകാശിനെ എ.കെ. ആന്റണിയും സിനിമാപ്രവര്‍ത്തകരും പൊന്നാടയണിയിച്ച്‌ ആദരിച്ചു. പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്ടി, ജോസ്‌ കെ. മാണി എം.പി, വി.എന്‍. വാസവന്‍ എം.എല്‍.എ, തോമസ്‌ ചാഴികാടന്‍ എം.എല്‍.എ, കോട്ടയം നഗരസഭാ അധ്യക്ഷ ബിന്ദു സന്തോഷ്‌കുമാര്‍, മംഗളം മാനേജിംഗ്‌ ഡയറക്‌ടര്‍ സാജന്‍ വര്‍ഗീസ്‌, എഡിറ്റര്‍ ഡോ. സജി വര്‍ഗീസ്‌, സിനിമാതാരങ്ങളായ നെടുമുടി വേണു, വിജയരാഘവന്‍, ബാബു നമ്പൂതിരി, ശങ്കര്‍, ബാബു ആന്റണി, മന്‍രാജ്‌, കാവ്യാമാധവന്‍, ഗീതു മോഹന്‍ദാസ്‌, മീരാനന്ദന്‍, അര്‍ച്ചന കവി, ഗിന്നസ്‌ പക്രു, സ്‌ഫടികം ജോര്‍ജ്‌, കലാഭവന്‍ പ്രജോദ്‌, സിനിമാസംവിധായകരായ ജോസ്‌ തോമസ്‌, ജോഷി മാത്യൂ, പ്രദീപ്‌ നായര്‍, സംഗീതസംവിധായകന്‍ ആലപ്പി രംഗനാഥ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രത്യേക വാര്‍ഷിക സപ്ലിമെന്റ്‌ എ.ഐ.സി.സി. മാധ്യമവിഭാഗം സെക്രട്ടറി ടോം വടക്കന്‍ പ്രകാശനം ചെയ്‌തു. കെ.ത്രി.എ. പ്രസിഡന്റ്‌ പി.ടി. ഏബ്രഹാം ഏറ്റുവാങ്ങി. മംഗളം മാനേജിംഗ്‌ എഡിറ്റര്‍ ബിജു വര്‍ഗീസ്‌ സ്വാഗതവും എക്‌സിക്യൂട്ടീവ്‌ എഡിറ്റര്‍ രാജു മാത്യു നന്ദിയും പറഞ്ഞു.

തുടര്‍ന്നു 'ഡാഫൊഡില്‍സ്‌' എന്ന പേരില്‍ നടത്തിയ വര്‍ണാഭമായ കലാവിരുന്നില്‍ സിനിമാനടന്‍ സുരാജ്‌ വെഞ്ഞാറമ്മൂടും സംഘവും അവതരിപ്പിച്ച മിമിക്രി, ഷംനാകാസിമും സംഘവും അവതരിപ്പിച്ച സിനിമാറ്റിക്‌ ഡാന്‍സ്‌ എന്നിവ അരങ്ങേറി.

ഗാനമേളയില്‍ ദേവാനന്ദ്‌, സയനോര, സിസിലി, വിവേകാനന്ദന്‍, സോമദാസ്‌, അമൃതാസുരേഷ്‌, എന്നിവര്‍ പങ്കെടുത്തു. 'മമ്മൂട്ടി ദി ബെസ്‌റ്റ് ആക്‌ടര്‍' അവാര്‍ഡ്‌ ജേതാവ്‌ അഭിഷേക്‌ രവീന്ദ്രന്‍ കാരിക്കേച്ചര്‍ അവതരിപ്പിച്ചു.Click to view full size imageClick to view full size imageClick to view full size imageClick to view full size imageClick to view full size imageClick to view full size imageClick to view full size imageClick to view full size imageClick to view full size imageClick to view full size imageClick to view full size imageClick to view full size imageClick to view full size imageClick to view full size imageClick to view full size imageClick to view full size imageClick to view full size imageClick to view full size imageClick to view full size imageClick to view full size imageClick to view full size imageClick to view full size imageClick to view full size imageClick to view full size image

No comments:

Post a Comment