December 20, 2009

ജീവിതം പാഴാക്കാനില്ല



കണ്ടുമതിയായിരുന്നില്ല മലയാളികള്‍ക്ക്‌ കാവ്യയെ. കാവ്യ വിവാഹം കഴിഞ്ഞ്‌ പോയപ്പോള്‍ ഈ കുട്ടിയെ ഇത്ര ധൃതിപിടിച്ച്‌ കെട്ടിച്ചയച്ചതെന്തിനെന്ന്‌ പരിഭവിച്ച വീട്ടമ്മമാരുണ്ട്‌. മലയാളികളുടെ സ്‌നേഹം പ്രാര്‍ത്ഥനയായി മാറിയിട്ടാണോ എന്തോ അഭിനയത്തോട്‌ താത്‌കാലികമായി വിടപറഞ്ഞ കാവ്യ വീണ്ടും നിനച്ചിരിക്കാത്ത നേരത്ത്‌ അഭിനയരംഗത്ത്‌. ഓഫറുകളുടെ പെരുമഴയാണ്‌ കാവ്യയ്‌ക്ക്. എല്ലാം വലിച്ചുവാരി ചെയ്യാതെ വളരെ സൂക്ഷ്‌മമായി മാത്രം പടങ്ങള്‍ തെരഞ്ഞെടുക്കുന്നു. ജോഷിയുടെ മോഹന്‍ലാല്‍ ചിത്രമായ ക്രിസ്‌ത്യന്‍ ബ്രദേഴ്‌സാണ്‌ ഇപ്പോള്‍ കാവ്യ വാക്കുകൊടുത്തിരിക്കുന്ന ചിത്രം. ജീവിതത്തിലെ പുതിയ മാറ്റങ്ങള്‍ കാവ്യയ്‌ക്ക് ഒട്ടേറെ പുതിയ തിരിച്ചറിവുകള്‍ നല്‍കിയിരിക്കുന്നു. ഇത്രകാലവും മാതാപിതാക്കളുടെ ലാളനയുടെ തണലില്‍മാത്രം നിന്ന കൈക്കുഞ്ഞായിരുന്നു കാവ്യ. ഇനി അതുമാത്രം പോരെന്ന്‌ കാവ്യ മനസിലാക്കിയിരിക്കുന്നു.

''കൊച്ചുകുട്ടികള്‍പോലും കൂളായി കാറോടിച്ചുപോകുന്ന ഇക്കാലത്ത്‌ ഇത്രയും സിനിമകള്‍ ചെയ്‌ത, ലോകം കണ്ട എനിക്ക്‌ വണ്ടിയോടിക്കാന്‍ അറിയില്ലായിരുന്നു. ഒരു കോസ്‌മെറ്റിക്‌ ഐറ്റം വാങ്ങാന്‍ കടയില്‍ പോവണമെങ്കില്‍ അച്‌ഛന്റെയടുത്ത്‌ കെഞ്ചണം. "അച്‌ഛാ... ഒന്ന്‌ കൂടെ വാ.. അച്‌ഛാ" അല്ലെങ്കില്‍ "ൈഡ്രവറെ വിളിക്കച്‌ഛാ" എന്ന്‌ പറയണം. ഇനി കുറഞ്ഞപക്ഷം സ്വന്തം കാര്യങ്ങള്‍ക്കെങ്കിലും സ്വയം ൈഡ്രവ്‌ ചെയ്‌ത് പോവണം. ഇക്കാലംവരെ മാതാപിതാക്കളുടെ തണലില്‍ വളര്‍ന്ന കുട്ടിയാണ്‌ ഞാന്‍. ഇനി അത്‌ പറ്റില്ല. നാളെ ഒറ്റയ്‌ക്ക് ജീവിക്കേണ്ട സാഹചര്യം വന്നാലും നമ്മള്‍ ഒരുങ്ങിയിരിക്കണ്ടേ?"

ൈഡ്രവിംഗ്‌ ലൈസന്‍സ്‌ എടുത്തോ?

ലൈസന്‍സ്‌ കിട്ടി. അത്യാവശ്യം തനിയെ ഓടിക്കാന്‍ ധൈര്യമായി. ഞാന്‍ എറണാകുളത്തു വന്നിട്ട്‌ എട്ടുവര്‍ഷമായി. ഇതുവരെ ഇത്‌ സാധിച്ചില്ല. ഇനി അതുപോരെന്ന്‌ തോന്നി. പക്ഷേ ഇപ്പോഴും ഇന്നോവയൊന്നും ഓടിക്കാന്‍ ധൈര്യമില്ല. ഇനി ചെറിയ ഒരു വണ്ടി വാങ്ങണം.

പുതിയ പടത്തിന്റെ സ്‌റ്റില്ലുകളില്‍ കാവ്യ ആകെ മെലിഞ്ഞ്‌ ഒരു കുട്ടിയെപ്പോലെ..?

സിനിമയില്‍ വണ്ണം തോന്നിക്കാറുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ വലിയ തടിയുള്ള കൂട്ടത്തിലല്ല ഞാന്‍. മെലിഞ്ഞ്‌ സ്ലിം ബ്യൂട്ടിയാവണമെന്ന്‌ ഇതുവരെ തോന്നിയിട്ടുമില്ല. ഇപ്പോള്‍ ഇതാദ്യമായി വണ്ണം കുറയ്‌ക്കണമെന്ന്‌ ഒരാഗ്രഹം തോന്നി.

കാവ്യയുടെ സൗന്ദര്യത്തെക്കുറിച്ച്‌ എല്ലാവരും വാതോരാതെ പറഞ്ഞു കേള്‍ക്കാറുണ്ട്‌. കണ്ണാടിയില്‍ നോക്കുമ്പോള്‍ കാവ്യയ്‌ക്ക് എന്തുതോന്നും?

എന്റെ കണ്ണിനെക്കുറിച്ചാണ്‌ കൂടുതലും ആളുകള്‍ പറയാറുള്ളത്‌. എന്നോട്‌ തന്നെ നേരിട്ട്‌ പറഞ്ഞിട്ടുള്ളവരുണ്ട്‌. ചില ദിവസങ്ങളില്‍ എനിക്ക്‌ തന്നെ തോന്നാറുണ്ട്‌. കണ്ണിന്‌ നല്ല ഭംഗിയുണ്ടെന്ന്‌. ചില ദിവസം നോക്കുമ്പോള്‍ സാധാരണ കണ്ണുപോലെയിരിക്കും. വലിയ സുന്ദരിയാണെന്ന തോന്നലില്ല. ആരെങ്കിലും അമിതമായി പുകഴ്‌ത്തുമ്പോള്‍ ഞാനോര്‍ക്കും ഇവര്‍ ഇത്ര പറയാന്‍ മാത്രം എനിക്ക്‌ എന്ത്‌ സൗന്ദര്യമിരിക്കുന്നു.

ഓരോ ദിവസത്തെയും മാനസികാവസ്‌ഥയാണ്‌ സൗന്ദര്യം ഉണ്ടാക്കുന്നതും ഇല്ലാതാക്കുന്നതും. ചിലപ്പോള്‍ ഒരുങ്ങുമ്പോള്‍ ഒട്ടും ഭംഗിയുണ്ടാവില്ല. മറ്റ്‌ ചിലപ്പോള്‍ അഞ്ചുമിനിറ്റുകൊണ്ട്‌ ധൃതിപിടിച്ച്‌ ഒരുങ്ങിയാല്‍ നന്നായിരിക്കും. പക്ഷേ ഞാനങ്ങനെ കണ്ണാടി നോക്കി സൗന്ദര്യം ആസ്വദിക്കാറൊന്നുമില്ല. പുറത്ത്‌ പോകുമ്പോള്‍ ഓടിച്ചെന്ന്‌ കണ്ണാടിനോക്കി മുടി ശരിയാക്കും. അല്ലെങ്കില്‍ പൗഡറിടും. ഇക്കാര്യത്തിലൊക്കെ തനി നാട്ടിന്‍പുറത്തുകാരിയുടെ മനസാണ്‌ എനിക്ക്‌.

സുന്ദരിയാണെന്ന്‌ പറഞ്ഞു കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നാറില്ലേ?

പിന്നേ... ഏത്‌ പെണ്‍കുട്ടിക്കാണ്‌ അത്‌ ഇഷ്‌ടമില്ലാത്തത്‌. ചിലര്‍ പറയാറുണ്ട്‌. ശ്രീവിദ്യാന്റി, പാര്‍വതിച്ചേച്ചി, കഴിഞ്ഞാല്‍ കാവ്യ എന്നൊക്കെ. അവരുടെയൊക്കെ പേരുമായി ചേര്‍ത്ത്‌ നമ്മുടെ പേര്‌ പറയുന്നത്‌ തന്നെ ഭാഗ്യല്ലേ? പലര്‍ക്കും അങ്ങനെ തോന്നാന്‍ കാരണം അനന്തഭദ്രത്തിലെ ആ കഥാപാത്രമാണെന്ന്‌ തോന്നുന്നു. ഒരു പാട്ടുസീനില്‍ രവിവര്‍മ്മ ചിത്രത്തിലേതുപോലെ യല്ലേ? അതൊക്കെ സന്തോഷേട്ടന്റെ (സന്തോഷ്‌ശിവന്‍) കഴിവെന്നേ ഞാന്‍ പറയൂ. പുള്ളിക്കാരന്റെ ക്യാമറയ്‌ക്ക് മുന്നില്‍ എത്ര സൗന്ദര്യമില്ലാത്ത പെണ്‍കുട്ടിയും സുന്ദരിയായി തോന്നിക്കും.

എപ്പോഴും സന്തോഷവതിയാണോ കാവ്യ?

കുട്ടിക്കാലം തൊട്ടേ സന്തോഷം മാത്രം അറിഞ്ഞുവളര്‍ന്ന കുട്ടിയാണ്‌ ഞാന്‍. ഒരു വിഷമങ്ങളും വീട്ടുകാര്‍ എന്നെ അറിയിച്ചിട്ടില്ല. ദു:ഖിക്കേണ്ട സാഹചര്യങ്ങളൊന്നും ഉണ്ടായിട്ടുമില്ല. പഠിക്കുന്ന സമയത്ത്‌ നന്നായി പഠിച്ചിരുന്നു. ഡാന്‍സ്‌, പാട്ട്‌.. കലാപരമായും പേരെടുത്തിരുന്നു. എല്ലാംകൊണ്ടും നല്ലതുമാത്രം സംഭവിച്ചിരുന്ന ജീവിതമാണ്‌ എന്റേത്‌. സിനിമയില്‍ വന്നശേഷവും എല്ലാം നല്ല അനുഭവങ്ങള്‍. പണ്ട്‌ വിഷമിക്കുന്നവരെ കാണുമ്പോള്‍ എനിക്ക്‌ കൊതിയായിരുന്നു. ദൈവമേ എനിക്കെന്താ ഇതൊന്നും ഉണ്ടാവാത്തതെന്ന്‌ ഓര്‍ത്തിട്ടുണ്ട്‌.

എന്താണ്‌ കാവ്യയുടെ ഏറ്റവും വലിയ സന്തോഷം?


അച്‌ഛന്റെയും അമ്മയുടെയും ആങ്ങളുടെയും ഒപ്പം മരണംവരെ ജീവിക്കണം. നമ്മുടെ അടിത്തറയെന്നു പറയുന്നത്‌ അവരാണ്‌. അടിത്തറയ്‌ക്ക് ഉറപ്പില്ലെങ്കില്‍ തീര്‍ന്നില്ലേ? എന്റെ ശക്‌തി എന്നുപറയുന്നത്‌ എന്റെ വീട്ടുകാരാണ്‌ ഇപ്പോഴും. ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത തിരിച്ചടികള്‍ സംഭവിച്ച്‌ വീട്ടിലെത്തിയപ്പോള്‍ എവിടെയെങ്കിലും യാത്രപോവാമെന്ന്‌ അച്‌ഛനും അമ്മയും നിര്‍ബന്ധിച്ചു. ഞാന്‍ പറഞ്ഞു, എന്റെ സമാധാനത്തിനുവേണ്ടിയാണെങ്കില്‍ വേണ്ട. എവിടെയും പോവണമെന്നില്ല. അതിന്‌ ഈ വീടും എന്റെ മുറിയും മതി. പിന്നെ നിങ്ങള്‍ ഒപ്പമുണ്ടെന്നുള്ളതാണ്‌ പ്രധാനം.

എന്താണ്‌ അച്‌ഛനോടും അമ്മയോടും ഇത്ര പ്രിയം?

ജീവിതത്തില്‍ ഞാന്‍ കണ്ട മികച്ച മാതൃകകള്‍ അവരാണ്‌. പിന്നെ അവര്‍ ഒരിക്കലും ഞങ്ങളുടെ മോള്‍ ചെയ്യുന്നതെല്ലാം ശരിയെന്ന്‌ വാഴ്‌ത്തിപ്പാടി നടക്കുന്നവരല്ല. നല്ലതു കണ്ടാല്‍ നല്ലതാണെന്നും പറയും. കുഴപ്പങ്ങളില്‍ ചെന്നു ചാടാതെ എന്നെ ഇവിടെവരെ എത്തിച്ചത്‌ അവരാണ്‌. ചീത്തയാവാന്‍ ഏറ്റവും പറ്റിയ ഫീല്‍ഡാണ്‌ സിനിമ. ഇവിടെ കളങ്കപ്പെടാതെ നിലനിന്നതിന്റെ മുഴുവന്‍ ക്രെഡിറ്റും എന്റെ മാതാപിതാക്കള്‍ക്കാണ്‌. മകള്‍ എങ്ങനെയെങ്കിലും പത്തുപൈസയുണ്ടാക്കി വരട്ടെയെന്ന്‌ അവര്‍ ചിന്തിച്ചില്ല. ലക്ഷ്യംപോലെയോ അതിനേക്കാളോ പ്രധാനമാണ്‌ അതിലേക്കുള്ള മാര്‍ഗവും. ആ മാര്‍ഗം തെറ്റാതെ നോക്കി എന്നതാണ്‌ ഞാന്‍ പ്രധാനമായി കാണുന്നത്‌.

എല്ലാവരും ആരാധിക്കുന്ന ഘട്ടത്തില്‍ കാവ്യയ്‌ക്ക് ആരോടായിരുന്നു ആരാധന?

കഥയും കവിതയും എഴുതുന്നവരോട്‌. അത്‌ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഞാന്‍ ആദ്യം പേര്‌ കൊടുക്കുന്നത്‌ ഡാന്‍സിനും പാട്ടിനുമല്ല. കഥാരചനയ്‌ക്കും കവിതയ്‌ക്കുമാണ്‌. ഇത്‌ രണ്ടും കാര്യമായി അറിയാവുന്നയാളല്ല ഞാന്‍. പക്ഷേ ഭയങ്കര ആഗ്രഹമായിരുന്നു. പലപ്പോഴും അത്ഭുതത്തോടെ ഞാനോര്‍ക്കും, ശ്രമിച്ച്‌ പഠിച്ചാല്‍ ആര്‍ക്കും അത്യാവശ്യം ഡാന്‍സ്‌ ചെയ്യാന്‍ കഴിയും. പക്ഷേ ഈ കവിതയും കഥയുമൊക്കെ എവിടന്ന്‌ വരുന്നു. ശൂന്യമായ മനസില്‍നിന്ന്‌ ഇതൊക്കെ ഉണ്ടാക്കിയെടുക്കുന്നത്‌ വലിയ കഴിവല്ലേ? ഒരു വിഷയം കൊടുത്ത്‌ അഞ്ചുമിനിറ്റുകൊണ്ടൊക്കെ കഥയെഴുതുക, ചിത്രം വരയ്‌ക്കുക.. എന്തൊരു അത്ഭുതങ്ങളാണ്‌. ചില കവിതയൊക്കെ കേള്‍ക്കുമ്പോള്‍ ഞാനോര്‍ക്കും ഈശ്വരാ ഈ വാക്ക്‌ ഒക്കെ എവിടുന്ന്‌ വരുന്നു.

പിന്നീട്‌ കാവ്യയും എഴുതിയില്ലേ?

അത്‌ ആഗ്രഹംകൊണ്ട്‌ സംഭവിച്ചുപോയതാണ്‌. സത്യം പറഞ്ഞാല്‍ ഒരു പുസ്‌തകംപോലും വായിക്കുന്നയാളല്ല ഞാന്‍. പത്രം വായിക്കാന്‍ തുടങ്ങിയത്‌ അടുത്തിടെയാണ്‌. കുട്ടികളുടെ മാസികകളായിരുന്നു വായിച്ചിരുന്നത്‌. അമ്മ ധാരാളം വായിച്ചിരുന്നു. അമ്മ നിര്‍ബന്ധിച്ചാല്‍പോലും ഞാന്‍ പുസ്‌തകം തുറക്കില്ല. ആദ്യമായി ഞാനൊരു പുസ്‌തകം വായിക്കുന്നത്‌ ബഷീറിന്റെ ബാല്യകാലസഖിയാണ്‌. പിന്നെ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ചിദംബരസ്‌മരണ.

അപ്പോഴും എഴുത്തിനോട്‌ ഭ്രാന്തായിരുന്നു. രണ്ടുവരി എഴുതുന്നത്‌ പുണ്യമായിക്കരുതി അതിനുവേണ്ടി ധ്യാനിച്ച്‌ നടന്നു. ഒട്ടും ആത്മവിശ്വാസം ഉണ്ടായിട്ടല്ല. വെറുതെ ഒരു രസത്തിന്‌ എഴുതിത്തുടങ്ങിയതാണ്‌. എഴുതിയെഴുതി ഒന്‍പത്‌ പാട്ടുകളായി. അത്‌ സമാഹരിച്ച്‌ ഒരു സിഡി ഇറങ്ങുന്നു. പാട്ടിന്റെ റിക്കാര്‍ഡിംഗ്‌ നടന്നുവരുന്നു. ജനുവരിയിലാണ്‌ റിലീസ്‌.

മറ്റൊരാളെപ്പറ്റി നല്ലത്‌ പറയാത്ത സിനിമയില്‍ സമകാലികരായ നടികള്‍ തന്നെ പറയുന്നു. കാവ്യ ഒരു പൊട്ടിപ്പെണ്ണാണെന്നും നിഷ്‌കളങ്കയാണെന്നുമൊക്കെ. അത്ര ശുദ്ധഗതിക്കാരിയാണോ?

എന്നിലുള്ള നല്ല ഗുണങ്ങളുടെയെല്ലാം ക്രെഡിറ്റ്‌ നാടിനാണ്‌. വടക്കന്‍നാട്ടിലെ ഒരു പെണ്‍കുട്ടിയുടെ മനസാണ്‌ ഇപ്പോഴും എനിക്ക്‌. എന്നു കരുതി ആ നാട്ടിലുള്ളവരെല്ലാം നല്ലതാണെന്ന്‌ പറയാന്‍ പറ്റില്ല. പ്രധാനമായും എന്റെ മാതാപിതാക്കളുടെ നന്മയാണ്‌ എന്നിലുള്ളത്‌. വളര്‍ത്തുഗുണം എന്ന്‌ പറയാറില്ലേ? എല്ലാ ലെവലിലുള്ളവരോടും നന്നായി ഇടപഴകുന്നു. എന്നെ നന്നായി വളര്‍ത്തിയ മാതാപിതാക്കള്‍ക്ക്‌ ഒരു ചീത്തപ്പേരുണ്ടാകാതെ ശ്രദ്ധിക്കാറുണ്ട്‌.

പിന്നെ ഞാന്‍ അമിതമോഹങ്ങളുടെ വക്‌താവല്ല. എല്ലാം വെട്ടിപ്പിടിക്കണമെന്നോ മറ്റുള്ളവരെ പാരവയ്‌ക്കണമെന്നോ ചിന്തയില്ല. ഒരാളെ നശിപ്പിക്കാനോ ഇല്ലാതാക്കാനോ ഇന്നേവരെ ശ്രമിച്ചിട്ടില്ല. അല്ലാതെ തന്നെ ദൈവം ഞാനാഗ്രഹിച്ചതിലേറെ സൗഭാഗ്യങ്ങള്‍ തന്നിട്ടുണ്ട്‌. ആരോഗ്യകരമായ മത്സരം നല്ലതാണെന്ന അഭിപ്രായക്കാരിയാണ്‌ ഞാന്‍. പക്ഷേ ഒരു നടിയോടും മത്സരബുദ്ധിയില്ല. കാരണം ആഗ്രഹങ്ങളുള്ളവര്‍ക്കല്ലേ മത്സരമുള്ളൂ.

ആര്‍ക്കും കാവ്യയോട്‌ ശത്രുതയുള്ളതായി കേട്ടിട്ടില്ല?


തെറ്റിദ്ധാരണയാണ്‌. മനസറിയാതെയാണ്‌ എനിക്ക്‌ ശത്രുക്കളുണ്ടായത്‌. നമുക്ക്‌ ധാരാളം നല്ല കഥാപാത്രങ്ങളും സിനിമകളും കിട്ടുമ്പോള്‍ സ്വാഭാവികമായും മറ്റൊരു നടിക്ക്‌ തോന്നാം, ആ കാവ്യയുള്ളതുകൊണ്ടല്ലേ എനിക്കത്‌ കിട്ടാതെ പോയത്‌. പിന്നെ അവര്‍ നമ്മുടെ ശത്രുവായി മാറുകയാണ്‌. ചിലര്‍ക്ക്‌ തെറ്റിദ്ധാരണമൂലമാണ്‌ ശത്രുത. ഏതെങ്കിലും ഒരാള്‍ ഒരു നടിയോട്‌ ചെന്ന്‌ പറയും. കാവ്യ പറഞ്ഞല്ലോ നീ ഭയങ്കരിയാണെന്ന്‌. അവര്‍ അത്‌ വിശ്വസിച്ച്‌ ശത്രുവാകും. ശത്രുവായി മാറിയ നടിയെക്കുറിച്ച്‌ എന്നോടും ഇതേ ഡയലോഗ്‌ അടിക്കുന്നവരുണ്ട്‌. ഞാന്‍ പക്ഷേ അവരെ കാണുമ്പോള്‍ പഴയതിലും സ്‌നേഹമായി പെരുമാറും. കാരണം ഒന്നാമത്‌ അവര്‍ പറഞ്ഞത്‌ നാം കേട്ടിട്ടില്ല. മറ്റൊരാള്‍ പറഞ്ഞത്‌ സത്യമാവണമെന്നുമില്ല. പക്ഷേ അവര്‍ ധരിക്കുന്നത്‌ മറിച്ചാവും. എന്നാലും ആ കാവ്യ ആളുകൊള്ളാമല്ലോ? എന്നെക്കുറിച്ച്‌ അങ്ങനൊക്കെ പറഞ്ഞു നടന്നിട്ട്‌ ഇപ്പോ ദാ സ്‌നേഹം കാണിക്കുന്നു. ഗുണം ചെയ്‌താലും ദോഷം ചെയ്‌താലും കുറ്റം. മറ്റൊരു നടി വന്ന്‌ എനിക്ക്‌ അവസരങ്ങള്‍ കുറഞ്ഞാല്‍ അസ്വസ്‌ഥയാവാറില്ല. ആ സിനിമ എനിക്ക്‌ വിധിച്ചതല്ലെന്ന്‌ കരുതും. ഞാന്‍ വിധിയില്‍ വിശ്വസിക്കുന്നു. ഇന്ന ദിവസം നമ്മുടെ ജീവിതത്തില്‍ ഒരു വീഴ്‌ചയുണ്ടാവണമെന്ന്‌ ദൈവം എഴുതിവച്ചിട്ടുണ്ടെങ്കില്‍ കൃത്യമായി സംഭവിച്ചിരിക്കും.

സിനിമയില്‍ ഒരു പുതിയ പെണ്‍കുട്ടി വന്ന്‌ കുറെ പണവും പ്രശസ്‌തിയും ഉണ്ടാക്കുന്നു. പിന്നെ മാതാപിതാക്കളുമായി വഴക്കിടുന്നു. എന്റെ പണം അവര്‍ അപഹരിച്ചു എന്നു പറഞ്ഞ്‌ ബഹളമുണ്ടാക്കുന്നു. കാവ്യ എപ്പോഴും മാതാപിതാക്കളുടെ നിഴല്‍പ്പറ്റി നടക്കുന്നു?

ഞാന്‍ നല്ല പൈസ ഉണ്ടാക്കുന്നുണ്ട്‌. പക്ഷേ ഇവിടെ എന്റെ പണം എന്നൊന്നില്ല. ഞങ്ങളുടെ പണം, ഞങ്ങളുടെ കാറ്‌, ഞങ്ങളുടെ വീട്‌. ഞങ്ങള്‍ എന്നാല്‍ ഞാന്‍, അച്‌ഛന്‍, അമ്മ, ചേട്ടന്‍... സിനിമയും അതിലൂടെ കൈവരുന്ന സൗഭാഗ്യങ്ങളും അപൂര്‍വം ചിലര്‍ക്ക്‌ മാത്രം ദൈവം തരുന്നതാണ്‌. ഞാന്‍ കാരണം വീട്ടുകാര്‍ക്ക്‌ ഗുണമുണ്ടാവുന്നതില്‍ സന്തോഷിക്കുന്നയാളാണ്‌ ഞാ ന്‍. ജന്മം തന്നവര്‍ക്ക്‌ എത്ര സന്തോഷം കൊടുക്കാമോ അതിലാണ്‌ എന്റെ സന്തോഷം.

ഒരു പടം കഴിഞ്ഞാലുടന്‍ നടികള്‍ അന്യഭാഷയിലേക്കോടുന്നു. മലയാളത്തില്‍ സെറ്റ്‌സാരിയുടുത്ത്‌ അഭിനയിച്ചവര്‍ തമിഴില്‍ അതിന്റെ നൂല്‍ മാത്രം ഉടുക്കുന്നു. കാവ്യയാകട്ടെ കിടിലന്‍ ഓഫറുകള്‍ വന്നിട്ടും മാന്യമായി മാത്രം എന്ന്‌ നിഷ്‌കര്‍ഷ പുലര്‍ത്തുന്നു?

പണത്തിനും പ്രശസ്‌തിക്കുംവേണ്ടി എന്തും ചെയ്യുന്ന ഒരാളല്ല ഞാന്‍. പല കുട്ടികളും സിനിമയില്‍ വരുന്നത്‌ തന്നെ അന്യഭാഷകളിലേക്കുള്ള ചവിട്ടുപടി എന്ന നിലയിലാണ്‌. ആരും ഉപദേശിച്ചിട്ടല്ല സഭ്യത വിട്ട്‌ അഭിനയിക്കില്ലെന്ന്‌ തീരുമാനിച്ചത്‌. കുട്ടിക്കാലത്ത്‌ ഞാന്‍ ചില സീനിയര്‍ നടികളുടെ സിനിമ കാണുമ്പോള്‍ ആലോചിച്ചിട്ടുണ്ട്‌. ദൈവമേ ഇവരെന്തിനാണ്‌ ഇത്ര ഓപ്പണായി അഭിനയിച്ചത്‌. ഇവരുടെ കുട്ടികള്‍ ഇപ്പോള്‍ കോളജിലൊക്കെ ആയിട്ടുണ്ടാവും. ഇതൊക്കെ കാണുമ്പോള്‍ അവര്‍ക്കെന്താവും തോന്നുക. മറ്റ്‌ കുട്ടികള്‍ അവരെ കളിയാക്കുമ്പോള്‍ അവര്‍ക്കെത്ര വിഷമം തോന്നും. പിന്നീട്‌ ഞാന്‍ സിനിമയില്‍ വന്നപ്പോഴും ഞാനോര്‍ത്തു. നാളെ എന്റെ കുട്ടികളുടെ ഒപ്പം ഇരുന്ന്‌ കാണാവുന്ന സിനിമകളേ ചെയ്യാന്‍ പാടുള്ളൂ. കാരണം കുട്ടികള്‍ സ്‌കൂളില്‍ പോകുമ്പോള്‍ മറ്റ്‌ കുട്ടികള്‍ ചോദിക്കും. "നിന്റെ അമ്മ അങ്ങനെ അഭിനയിച്ചതല്ലേ?" പിന്നെ സ്വന്തം കുട്ടികള്‍ക്ക്‌ ആ അമ്മയോട്‌ ശത്രുത തുടങ്ങുകയായി.

ഞാന്‍ ഒട്ടും ഫോര്‍വേഡായ ഒരാളല്ല. മലയാളിയുടെ പരമ്പരാഗത മനസാണ്‌ എന്റേത്‌. ഒരു മാറ്റം ഞാന്‍ ആഗ്രഹിക്കുന്നുമില്ല.

നാട്ടിന്‍പുറത്തിന്റെ നന്മകളും വിശുദ്ധിയും പാടി നടന്ന പലരും ലക്ഷങ്ങള്‍ കണ്ട്‌ കണ്ണ്‌ മഞ്ഞളിച്ച്‌ വിവസ്‌ത്രയാവാന്‍ തയാറായി. പണത്തിന്റെ പ്രലോഭനങ്ങളെ കാവ്യ എങ്ങനെ മറികടക്കുന്നു?

കുറെ കാശ്‌ വാരണം എന്ന്‌ മോഹിച്ചില്ല ഞാന്‍ അഭിനയിക്കാനിറങ്ങിയത്‌. അഭിനയത്തോടുള്ള ആഗ്രഹംകൊണ്ടാണ്‌. പിന്നെ പൈസ കാണാതെ പെട്ടെന്ന്‌ കുറെ കാശ്‌ കാണുന്നവര്‍ക്ക്‌ അതിനോട്‌ വല്ലാത്ത മോഹം തോന്നാം. ഞാന്‍ അത്ര ഹൈഫൈ ഒന്നുമല്ല. സാധാരണകുടുംബമാണ്‌ ഞങ്ങളുടേത്‌. പക്ഷേ ജീവിക്കാന്‍വേണ്ടി സിനിമയില്‍ അഭിനയിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. അച്‌ഛനായിരുന്നു ഞാന്‍ സിനിമയില്‍ വരണമെന്ന്‌ ആഗ്രഹം മുഴുവന്‍. പക്ഷേ മകള്‍ എന്തും കാണിച്ച്‌ കുറെ കാശുണ്ടാക്കണമെന്ന്‌ ചിന്തിക്കുന്ന ആളല്ല എന്റെ അച്‌ഛന്‍. ഒരിക്കലും മനസിനിഷ്‌ടമില്ലാത്ത കാര്യം ചെയ്യാന്‍ നിര്‍ബന്ധിച്ചിട്ടില്ല. പിന്നെ അഞ്ചുവയസില്‍ സിനിമയില്‍ വന്നതാണ്‌ ഞാന്‍. അന്ന്‌ സിനിമ എന്താണെന്നുകൂടി അറിയില്ല. അങ്ങനെ ബാലതാരമായി, അനുജത്തി വേഷങ്ങള്‍ ചെയ്‌ത് പടിപടിയായി നായികയായതാണ്‌. സിനിമയെപ്പറ്റിയും ജീവിതത്തെപ്പറ്റിയും അത്യാവശ്യം കാര്യങ്ങള്‍ മനസിലാക്കി തീരുമാനമെടുക്കാനുള്ള പക്വത എനിക്കുണ്ടായി.

ഇത്ര ചെറുപ്പത്തില്‍ ഇത്ര ഗഹനമായി ചിന്തിക്കുന്നു. പലപ്പോഴും കാവ്യയുടെ ജീവിതവീക്ഷണം ഒരു അന്‍പത്തഞ്ചുകാരിയുടേതാണ്‌?

(പൊട്ടിച്ചിരിക്കുന്നു) ശരിയാണ്‌. ചില ഫങ്‌ഷനൊക്കെ പങ്കെടുക്കുമ്പോള്‍ ഭയങ്കര അറിവും വിവരവുമുള്ളയാളുകളേക്കാള്‍ നന്നായി ഞാന്‍ സംസാരിച്ചു എന്നൊക്കെ പറഞ്ഞ്‌ കേള്‍ക്കാറുണ്ട്‌. ഇതൊക്കെ ആലോചിക്കാനുള്ള ബുദ്ധി എവിടന്നാ വരുന്നതെന്ന്‌ ഞാന്‍ തന്നെ അത്ഭുതപ്പെടാറുണ്ട്‌. അമ്മ എന്റടുത്ത്‌ പറയും. കാവ്യ നീ ഒന്നും വായിക്കാതെ ഇത്രയൊക്കെ പറയുന്നു. നല്ല നാല്‌ പുസ്‌തകം എടുത്ത്‌ വായിച്ചാല്‍ ഇതിനേക്കാള്‍ മെച്ചപ്പെടില്ലേ? സത്യം പറഞ്ഞാല്‍ അറിവോ വായനയോ ഒന്നുമില്ലാത്ത കുട്ടിയാണ്‌ ഞാന്‍. എല്ലാം ഏതോ അനുഗ്രഹംകൊണ്ട്‌ സംഭവിക്കുകയാണ്‌.

സംസാരത്തില്‍ കൂടെക്കൂടെ ദൈവം, അനുഗ്രഹം കടന്നുവരുന്നു. പല നടികളും ഒരു ഫാഷന്‍പോലെ കൃഷ്‌ണഭക്‌തയാണ്‌. കാവ്യയ്‌ക്ക് പ്രത്യേകിച്ച്‌ ഏതെങ്കിലും ദൈവത്തോട്‌ അടുപ്പം?

അങ്ങനെയില്ല. എന്റെ കൃഷ്‌ണാ, എന്റെ പരമേശ്വരാ... അങ്ങനെ പാടി നടക്കാറില്ല. ഈശ്വരാ, ദൈവമേ എന്നൊക്കെയാണ്‌ വിളിക്കാറ്‌. പറശിനിക്കടവ്‌ മുത്തപ്പനോടും മൂകാംബികാദേവിയോടും ഒരല്‍പ്പം അടുപ്പക്കുടുതലുണ്ട്‌.

നീലേശ്വരത്തെ കൂട്ടുകാരികള്‍ ജീവിതത്തിന്റെ സ്വകാര്യരസങ്ങള്‍ അനുഭവിച്ച്‌ അടിച്ചുപൊളിക്കുമ്പോള്‍ ഒരു നല്ല പ്രായം മുഴുവന്‍ കാവ്യ ഒരു ജയില്‍പുള്ളിയെപ്പോലെ ഷൂട്ടിംഗ്‌ സെറ്റിലെ ചൂടേറിയ ലൈറ്റുകള്‍ക്ക്‌ മുന്നില്‍. അഭിനയം വേണ്ടിയിരുന്നില്ലെന്ന്‌ തോന്നിയിട്ടില്ലേ ഒരിക്കലും?

ഇല്ല. എല്ലാം കൂടി ദൈവം ഒരുമിച്ച്‌ തരില്ല. ചിലത്‌ നേടുമ്പോള്‍ മറ്റുചിലത്‌ നഷ്‌ടപ്പെടുന്നത്‌ സ്വാഭാവികം. എനിക്ക്‌ കിട്ടിയ ഭാഗ്യങ്ങള്‍ അവര്‍ക്ക്‌ കിട്ടുന്നില്ല. കാവ്യയെപ്പോലെ ആകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്ന എത്രയോ പേരുണ്ട്‌. അവരെപ്പോലെയാകാന്‍ കഴിഞ്ഞില്ലല്ലോ എന്ന്‌ ഞാന്‍ പരിതപിച്ചാല്‍ അത്‌ ഇത്രയും അവസരങ്ങള്‍ തന്ന്‌ അനുഗ്രഹിച്ച ദൈവത്തോടുള്ള നന്ദികേടാണ്‌. പിന്നെ സ്വകാര്യത നഷ്‌ടപ്പെടുന്നു എന്നത്‌ സത്യമാണ്‌. നമുക്ക്‌ നമ്മുടേതായ ഒരു കാര്യവും ചെയ്യാന്‍ പറ്റില്ല.

എന്തു ചെയ്‌താലും എങ്ങോട്ടു തിരിഞ്ഞാലും അത്‌ വാര്‍ത്തയാണ്‌. വര്‍ഷങ്ങളായി വീടും ഷൂട്ടിംഗ്‌ സെറ്റും മാത്രം കണ്ട്‌ വളര്‍ന്നയാളാണ്‌ ഞാന്‍. ഒരു ചെയിഞ്ചിനായി റോഡിലൂടെ വെറുതെ അല്‍പ്പം നടക്കാമെന്നുവച്ചാലുടന്‍ വരും വാര്‍ത്ത. കാവ്യാമാധവന്‍ നഗരത്തിലെ തിരക്കേറിയ റോഡ്‌ മുറിച്ചുകടന്നു. എന്തിന്‌ ഒന്ന്‌ കാലുതെറ്റി വീണാല്‍പോലും വാര്‍ത്ത. ഇതൊന്നും ഒരു തെറ്റായോ കുറ്റമായോ പറയുകയല്ല. മാധ്യമങ്ങള്‍ അവരുടെ ജോലി ചെയ്യുന്നു. പ്രശസ്‌തിയുടെ കൂടപ്പിറപ്പാണ്‌ ഇതൊക്കെ. എത്രയോ പേര്‍ പത്രത്തില്‍ ഒന്ന്‌ മുഖം കാണിക്കാന്‍ കൊതിക്കുന്നു. അപ്പോ ഇതും നമുക്ക്‌ ലഭിക്കുന്ന ഭാഗ്യങ്ങളാണ്‌. പിന്നെ സിനിമയില്‍ വന്നതുകൊണ്ടാവാം വീട്ടില്‍നിന്ന്‌ ഒരിടത്തും ഒറ്റയ്‌ക്ക് വിടില്ല എന്നെ. കുട്ടിക്കാലത്ത്‌ കൂട്ടികാരികളൊക്കെ ഐസ്‌ക്രീം പാര്‍ലറില്‍ പോകുമ്പോള്‍ ഞാന്‍ നിസഹായയായി നോക്കിയിരിക്കും. അതൊക്കെ നഷ്‌ടം തന്നെയാണ്‌.

എപ്പോഴും ക്യാമറയ്‌ക്ക് മുന്നില്‍ ആരുടെയോ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച്‌ ആരോ പറയുന്ന ഡയലോഗുകള്‍ ഏറ്റുചൊല്ലി... മടുക്കില്ലേ?

എനിക്ക്‌ സന്തോഷമേ തോന്നിയിട്ടുള്ളു. ഏറ്റവും സുഖമുള്ള ജോലിയല്ലേ അഭിനയം. ഒരു ജന്മത്തില്‍ എത്ര കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം കിട്ടുന്നു. ഡോക്‌ടറായി, കളക്‌ടറായി, ടീച്ചറായി... കുട്ടിക്കാലത്ത്‌ ജീവിതത്തില്‍ ആവണമെന്ന്‌ ഞാന്‍ ആഗ്രഹിച്ചതൊക്കെ സ്‌റ്റാര്‍ട്ടിനും കട്ടിനുമിടയിലുള്ള സമയത്താണെങ്കില്‍പോലും ആയിക്കഴിഞ്ഞു. ജീവിതത്തില്‍ പല ഘട്ടത്തില്‍ പലതുമാവാന്‍ നാം ആഗ്രഹിക്കുന്നു. എത്ര കിണഞ്ഞുപരിശ്രമിച്ചാലും ഇതെല്ലാം ആയിത്തീരാന്‍ കഴിയില്ല. സിനിമ നമുക്ക്‌ ആ ഭാഗ്യവും തരുന്നു. കാവ്യ എന്ന പേര്‌ മനോഹരമാണെന്ന്‌ പലരും പറയാറുണ്ട്‌. പക്ഷേ മറ്റ്‌ ചില പേരുകള്‍ കേള്‍ക്കുമ്പോള്‍ അത്‌ എനിക്ക്‌ കിട്ടിയിരുന്നെങ്കില്‍ എന്ന്‌ തോന്നാറുണ്ട്‌. നടിയായതുകൊണ്ട്‌ ഒരു ജന്മത്തില്‍തന്നെ എത്രയോ പേരുകളില്‍ നാം വിളിക്കപ്പെടുന്നു. കഥാപാത്രങ്ങളുടെ പേരുകളേയ്‌...!

നടിയായിരിക്കുന്ന അവസ്‌ഥയില്‍ അത്ര ത്രില്‍ഡാണോ കാവ്യ?

ഇന്ന്‌ നമുക്കുള്ള എല്ലാ സൗഭാഗ്യങ്ങള്‍ക്കും കാരണമായ സിനിമയോട്‌ സ്‌നേഹവും ആത്മാര്‍ത്ഥതയുമുണ്ട്‌. അത്‌ ഉള്ളില്‍ തട്ടിയുള്ളതാണ്‌. പിന്നെ നമ്മള്‍ കണ്ടിട്ടുപോലുമില്ലാത്ത അല്ലെങ്കില്‍ നേരിട്ട്‌ നമ്മളെ കണ്ടിട്ടില്ലാത്തവര്‍ നമ്മെ ഇഷ്‌ടപ്പെടുന്നു, നമുക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു, കത്ത്‌ അയയ്‌ക്കുന്നു, ഇതൊക്കെ മറ്റ്‌ ഏതുമേഖലയില്‍ കിട്ടും. ദൈവത്തെ നമ്മള്‍ ആരാധിക്കുമ്പോള്‍ കൊച്ചുകുട്ടികളടക്കം എത്രയോ പേര്‍ നമ്മെ ആരാധിക്കുന്നു. കുട്ടികള്‍ക്ക്‌ ശ്രീകൃഷ്‌ണന്റെ പടം കാണിച്ചുകൊടുത്തിട്ട്‌ ഇത്‌ കൃഷ്‌ണനാണെന്ന്‌ പറഞ്ഞു കൊടുക്കേണ്ടതില്ല. അതുപോലെ മോഹന്‍ലാലിന്റെ പടം കാണിച്ചിട്ട്‌ "മോനെ ഇതാണ്‌ മോഹന്‍ലാല്‍" എന്ന്‌ ആരും പറയാതെ തന്നെ അവര്‍ തിരിച്ചറിയുന്നു. ആ ഒരര്‍ത്ഥത്തിലെങ്കിലും താരം ദൈവതുല്യമായ ഒരവസ്‌ഥയിലേക്ക്‌ ഉയര്‍ത്തപ്പെടുകയല്ലേ?

ജീവിതം നല്‍കിയ പുതിയ തിരിച്ചറിവുകള്‍ എന്തൊക്കെയാണ്‌?

നമുക്ക്‌ ജീവിതം ഒന്നേയുളളൂ. പരമ്പരാഗതമൂല്യങ്ങളുടെ പരിധിവിടാതെ അടിച്ചുപൊളിച്ചു ജീവിക്കണം. പിന്നെ മറ്റുള്ളവരെ ബോധ്യപ്പെടുത്താനായി എല്ലാ വിഷമങ്ങളും സഹിച്ച്‌ ഒരു വിഡ്‌ഢിവേഷത്തില്‍ എനിക്ക്‌ താത്‌പര്യമില്ല. സമൂഹത്തെ ഭയന്ന്‌ പലരും എല്ലാം ഉള്ളിലൊതുക്കി ജീവിക്കുന്നു. നാളെ ഒരു പ്രശ്‌നം വന്നാല്‍ സമൂഹം കൂടെക്കാണുമോ?

അച്‌ഛന്‍, അമ്മ, ചേട്ടന്‍... അല്ലാതെ മനസിനോട്‌ ചേര്‍ന്നുനില്‍ക്കുന്ന ആരെങ്കിലും ഒരാള്‍?

സിനിമയില്‍ കത്തിനിന്ന കാലത്ത്‌ എപ്പോഴും പ്രശംസകള്‍ ചൊരിഞ്ഞ്‌ ചുറ്റും ആളുകള്‍ നിന്നിരുന്നു. പക്ഷേ യഥാര്‍ത്ഥത്തില്‍ നമ്മെ സ്‌നേഹിക്കുന്നവരെ മനസിലാവുന്നത്‌ ഒരു വിഷമം വരുമ്പോഴാണ്‌. ഒപ്പം ആരൊക്കെയുണ്ടെന്ന്‌ കൃത്യമായി തിരിച്ചറിയാന്‍ പറ്റും. ഇപ്പോള്‍ ഞാന്‍ ആരില്‍നിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ല. ഇനി എന്ത്‌ സംഭവിച്ചാലും ഞാന്‍ സങ്കടപ്പെടില്ല.

ആത്മാര്‍ത്ഥ സ്‌നേഹം ഒരിടത്തുനിന്നും കിട്ടിയിട്ടില്ലേ?


അങ്ങനെ പറഞ്ഞൂടാ. എന്നില്‍നിന്ന്‌ ഒന്നും പ്രതീക്ഷിക്കാതെ എന്നെ സ്‌നേഹിക്കുന്നവരുണ്ട്‌. അവര്‍ വളരെ അപൂര്‍വമായി മാത്രമേ ഫോണില്‍പോലും വിളിക്കാറുള്ളു. പക്ഷേ അവരുടെ സ്‌നേഹം നമുക്ക്‌ തൊട്ടറിയാം. ഒന്ന്‌ വിളിക്കുകപോലും ചെയ്യാതെ സ്‌നേഹം മനസില്‍ സൂക്ഷിക്കുന്നവരുണ്ട്‌. കാവ്യയുടെ ഫ്രണ്ട്‌ എന്ന്‌ വെറുതെ പറഞ്ഞുനടക്കാനായി മാത്രം സൗഹൃദംഭാവിക്കുന്നവരുമുണ്ട്‌. ഓരോരുത്തരുടെയും ഉദ്ദേശം ഇന്നതാണെന്ന്‌ മനസിലാക്കാന്‍ ഇപ്പോള്‍ കഴിയാറുണ്ട്‌. ഇത്രയും നാള്‍ എല്ലാം നല്ലതാണെന്ന്‌ ധരിച്ചിരുന്നു. ഇനി കാര്യങ്ങള്‍ കൂടുതല്‍ തിരിച്ചറിയാന്‍ ശ്രമിക്കും.

അടുത്തിടെയെങ്ങാനും നാട്ടില്‍ പോയിരുന്നോ?

ഇല്ല. പക്ഷേ ഉടനെ പോവേണ്ടിവരും. അമ്മാവന്റെ മകളുടെ കല്യാണമാണ്‌. അച്‌ഛന്‍ ഇടയ്‌ക്കിടെ നാട്ടില്‍പോയി വരും. അതൊരു ശീലമാണ്‌.

ചേട്ടന്‍ മിഥുന്‍ എവിടെയാണ്‌?

ആസ്‌ട്രേലിയയിലാണ്‌. ഫാഷന്‍ ഡിസൈനിംഗില്‍ ഹയര്‍ സ്‌റ്റഡീസിന്‌ പോയതാണ്‌. ഇപ്പോള്‍ അവിടെത്തന്നെ ഒരു ഇന്റര്‍നാഷണല്‍ ബ്രാന്‍ഡഡ്‌ കമ്പനിയില്‍ മാനേജരായി ജോലി നോക്കുന്നു. കഷ്‌ടിച്ച്‌ രണ്ടുമാസമായതേയുള്ളു ജോലി കിട്ടിയിട്ട്‌.

മിഥുന്‍ അഭിനയിക്കുന്നതായി കേട്ടിരുന്നു?

കുറെ ഓഫറുകള്‍ വന്നതാണ്‌. അവന്‌ എന്തോ താത്‌പര്യം തോന്നിയില്ല. ചിലപ്പോള്‍ തമാശപറയും. എടീ ഞാന്‍ അഭിനയിക്കുകയാണെങ്കില്‍ ഒരു ഭയങ്കരവില്ലനായി വന്ന്‌ നിന്നെ പേടിപ്പിക്കും. കൊച്ചുന്നാള്‍ മുതലേ അവന്റെ താത്‌പര്യങ്ങള്‍ വേറെയായിരുന്നു. എപ്പോഴും എന്തെങ്കിലും സാധനങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കും. നാട്ടില്‍ അവന്റെ മുറിയില്‍ കയറാന്‍ തന്നെ പേടിയായിരുന്നു. എപ്പോഴും പച്ചയും ചുവപ്പും ലൈറ്റ്‌ കത്തിക്കൊണ്ടേയിരിക്കും. കൂടാതെ പ്രേതസിനിമയില്‍ നിന്ന്‌ കേള്‍ക്കുന്നതരം ശബ്‌ദങ്ങളും. അന്നേ ഞങ്ങള്‍ പറയുമായിരുന്നു. ഇവന്റെ ഉദ്ദേശം വേറെയെന്തോ ആണെന്ന്‌ തോന്നുന്നു. ഒന്നുകില്‍ ഇലക്‌ട്രിക്കല്‍ എന്‍ജിനീയര്‍ അല്ലെങ്കില്‍ മെക്കാനിക്കല്‍ എന്‍ജിനീയര്‍ അതൊക്കെയാണ്‌ പ്രതീക്ഷിച്ചത്‌. ഫാഷന്‍ ഡിസൈനിംഗ്‌ തീരെ പ്രതീക്ഷിച്ചതല്ല. ഡ്രസിംഗില്‍ തീരെ താത്‌പര്യമില്ലാത്തയാളായിരുന്നു ചേട്ടന്‍.

വിവാഹത്തോടെ സ്‌ത്രീയുടെ സ്വാതന്ത്ര്യം അവസാനിക്കുകയാണോ തുടങ്ങുകയാണോ?

ഒന്നോര്‍ത്തുനോക്കൂ... കല്യാണംവരെ ഒരു പെണ്‍കുട്ടി വീട്ടുകാരുടെ ചൊല്‍പ്പടിക്ക്‌ അവരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച്‌ ജീവിക്കുന്നു. അങ്ങനെ ചെയ്‌താല്‍ കുറ്റം. ഇങ്ങനെ ചെയ്‌താല്‍ കുറ്റം. വീട്ടുകാരേക്കാള്‍ നാം ഭയപ്പെടുന്നത്‌ സമൂഹത്തെയാണ്‌. ചെറിയൊരു പേരുദോഷം കേട്ടാല്‍ ജീവിതംതന്നെ ഇല്ലാതായെങ്കിലോ എന്ന്‌ ഭയന്ന്‌ ഒതുങ്ങിക്കൂടുന്നു. വിവാഹശേഷം അവള്‍ ആശ്വസിക്കുകയാണ്‌. ഇനി എനിക്ക്‌ ഭര്‍ത്താവിനെ മാത്രം പേടിച്ചാല്‍മതി, അല്ലെങ്കില്‍ ബോധ്യപ്പെടുത്തിയാല്‍ മതി. അവിടെയും അത്‌ നിഷേധിക്കപ്പെട്ടാല്‍ എന്തു ചെയ്യും. ഒന്ന്‌ പുറത്തിറങ്ങണമെങ്കില്‍പോലും ഭര്‍ത്താവിന്റെ അനുവാദം പോര എന്ന അവസ്‌ഥ ഭീകരമാണ്‌. വിവാഹം ഉള്ള സ്വാതന്ത്ര്യംപോലും ഇല്ലാതാക്കുന്ന സ്‌ഥിതിയായാലോ?

നമുക്ക്‌ ആകെ ഒരു ജീവിതമേയുള്ളൂ. അത്‌ വെറുതെ നശിപ്പിക്കാനുള്ളതല്ല. ഒരു മനുഷ്യായുസ്‌ പരമാവധി 70-75 കൊല്ലം. അതില്‍ 9 മാസം അമ്മയുടെ വയറ്റില്‍. ജനിച്ച്‌ ഒരു പ്രായം വരെ ഒന്നും അറിയാത്ത ഞഞ്ഞാപിഞ്ഞാ കുഞ്ഞ്‌. 11 വയസുവരെ അങ്ങനങ്ങ്‌ പോവും. അടുത്തത്‌ ടീനേജ്‌. എല്ലാവരോടും തര്‍ക്കുത്തരം പറഞ്ഞ്‌ നടക്കുന്ന ഏറ്റവും വൃത്തികെട്ട സമയം 18-19 വയസ്‌ എത്തുമ്പോഴാണ്‌ അല്‍പ്പമൊന്ന്‌ ചിന്തിക്കാറാവുക. ആ ഘട്ടത്തില്‍ സമൂഹത്തെ ഭയന്ന്‌ ഒതുങ്ങിക്കൂടും.

സ്വന്തമായി സ്വതന്ത്രമായി ജീവിക്കാന്‍ പറ്റുന്നത്‌ വിവാഹശേഷമാണ്‌. അവിടെയും അതിന്‌ കഴിയുന്നില്ലെന്ന്‌ വന്നാല്‍ പിന്നെന്തു ജീവിതം? ആര്‍ക്കുവേണ്ടി, എന്തിനുവേണ്ടി നാം ജീവിതം വെറുതെ കളയണം. എല്ലാം കണ്ടുകൊണ്ട്‌ മുകളില്‍ ഒരാളുണ്ട്‌. ഞാന്‍ മടങ്ങിച്ചെല്ലുമ്പോള്‍ അദ്ദേഹം ചോദിക്കും. ഞാന്‍ നിനക്ക്‌ ഒരു മനുഷ്യജന്മം തന്നിട്ട്‌ നീയത്‌ നശിപ്പിച്ചുകളഞ്ഞിേല്ല? അതുകൊണ്ട്‌ നിന്നെ ഞാന്‍ നരകത്തില്‍ കൊണ്ടുപോയിടും.

മറ്റുള്ളവര്‍ എന്തുപറയും വിചാരിക്കുമെന്ന്‌ കരുതി സ്വന്തം ജീവിതം നശിപ്പിക്കാന്‍ ഞാന്‍ ഒരുക്കമല്ല. സമൂഹത്തെ ഭയന്ന്‌ എല്ലാം സഹിച്ച്‌ ഉള്ളിലൊതുക്കി കഴിഞ്ഞാല്‍ ഒരു വലിയ വിഷമം വരുമ്പോള്‍ ആരും ഉണ്ടാവില്ല. അങ്ങനെ ജീവിച്ചാല്‍ നമ്മള്‍ മരിച്ചു എന്നാണ്‌ അര്‍ത്ഥം.

വലിയ ആഗ്രഹങ്ങളില്ലെന്ന്‌ പറഞ്ഞു. എന്നിട്ടും കാവ്യ ആഗ്രഹിച്ചതിലപ്പുറം ദൈവം തന്നു. ഇനിയെന്താണ്‌ ആഗ്രഹം?

എന്റെ അമ്മയെപ്പോലെ ഒരു നല്ല വീട്ടമ്മയാവണം. അമ്മ ജോലിക്ക്‌ ഒന്നും പോയിട്ടില്ല. പക്ഷേ എന്റെ, അച്‌ഛന്റെ, ചേട്ടന്റെയൊക്കെ കാര്യങ്ങള്‍ എത്ര ഭംഗിയായിട്ടാണെന്നോ അമ്മ നോക്കുന്നത്‌.

ആളുകളെ വിലയിരുത്താന്‍ കഴിവുള്ളയാളാണ്‌ കാവ്യയെന്ന്‌ തോന്നിയിട്ടുണ്ട്‌. ഒരു മനുഷ്യനില്‍ ആകര്‍ഷകമായി തോന്നുന്നത്‌ എന്താണ്‌?

ആദ്യമായി കാണുമ്പോള്‍ പുറമെയുള്ള രൂപം തന്നെയാണ്‌ നമ്മെ ആകര്‍ഷിക്കുന്നത്‌. ചിലപ്പോള്‍ ഒരു ചിരിയാവാം. സംസാരിച്ച്‌ തുടങ്ങുമ്പോള്‍ സംസാരമാവാം. ഏത്‌ ടൈപ്പെന്ന്‌ ഏകദേശം പിടികിട്ടും. ചിലരെ കാണുമ്പോള്‍ ഭയങ്കര നെഗറ്റീവ്‌ ഫീല്‍ തോന്നും. അടുത്ത്‌ ഇരിക്കാനോ നില്‍ക്കാനോ തോന്നില്ല. ഒന്ന്‌ പോയിത്തന്നിരുന്നെങ്കില്‍ എന്നാവും മനസില്‍. ചിലരെ കാണുമ്പോള്‍ തലവേദനവരെ തോന്നിയിട്ടുണ്ട്‌. ഈയിടെയായി കൂടുതല്‍ പ്രാര്‍ത്ഥിക്കുന്നതുകൊണ്ട്‌ പോസിറ്റീവ്‌ എനര്‍ജി കൂടുന്നു. അപ്പോള്‍ നെഗറ്റീവ്‌ അടുത്തുവന്നാല്‍ പെട്ടെന്ന്‌ തിരിച്ചറിയാന്‍ പറ്റും.

ചിലരോട്‌ വലിയ അടുപ്പം തോന്നും. എവിടെയോ കണ്ടുമറന്നതുപോലെ... ചിലരോട്‌ ഞാന്‍ തന്നെ ചോദിക്കും. നമ്മള്‍ എവിടെവച്ചാ കണ്ടേ. പെണ്ണുങ്ങളുടെ അടുത്ത്‌ ചില പുരുഷന്മാര്‍ ഇറക്കുന്ന സ്‌ഥിരം നമ്പറാണത്‌. ചമ്മലോടെയാണെങ്കിലും അറിയാതെ ചോദിച്ചുപോകും. നമ്മള്‍ എവിടെയോ കണ്ടിട്ടിേല്ല?

അടുത്തനിമിഷം നമ്മള്‍തന്നെ ഓര്‍ത്തുപറയും. എതോ ഫംഗ്‌ഷന്‌ എവിടെയോ പോയപ്പോള്‍ ചായ കൊണ്ടുതന്ന ആളാവും. ഒറ്റനിമിഷത്തെ പരിചയംകൊണ്ട്‌ തന്നെ ആ രൂപം മനസില്‍ കയറിയിട്ടുണ്ടാവും. നമ്മള്‍ ഒരിക്കലും ഓര്‍ക്കാന്‍ വഴിയില്ലെന്ന്‌ കരുതിയാവും അയാള്‍ വരുന്നത്‌. അപ്പോള്‍ അയാളെത്തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്‌ നമ്മള്‍ ചോദിക്കുന്നു. "അന്ന്‌ താടിയുണ്ടായിരുന്നില്ല അല്ലേ?" അയാള്‍ ഞെട്ടും. അതേസമയം നല്ല പരിചയമുള്ള ഒരാളെ പെട്ടെന്ന്‌ ഓര്‍ത്തു എന്ന്‌ വരില്ല.

പുതിയ ഷോപ്പിംഗ്‌ വിശേഷങ്ങള്‍്‌?

കുറച്ച്‌ സല്‍വാറിന്‌ തുണിയെടുത്ത്‌ തയ്‌ക്കാന്‍ കൊടുത്തു. അത്രയൊേെക്കയേയുള്ളൂ.

ഇപ്പോഴും തയ്‌ക്കാന്‍ കൊടുക്കുമോ?

എനിക്ക്‌ കംഫര്‍ട്ടബിളായി തോന്നുന്നത്‌ അതാണ്‌. റെഡിമെയ്‌ഡ് എടുത്താലും അതുപിന്നെ ഷേപ്പ്‌ ചെയ്യണം, അങ്ങനെ നൂറുകൂട്ടം സൊല്ലകള്‍.

സിനിമയിലും കല്യാണത്തിനും ഒഴികെ കാവ്യയെ സാരിയുടുത്ത്‌ കണ്ടിട്ടില്ല?

സാരി അങ്ങനെ ഉപയോഗിക്കാറില്ല. ഉടുത്തുകഴിഞ്ഞാല്‍ നൂറുകൂട്ടം സംശയങ്ങളാണ്‌. ഉടുത്തത്‌ ശരിയായോ? പിന്നെ വലിച്ചിടണം, പിടിച്ചിടണം. പോവുന്ന വഴിക്കൊന്നും സമാധാനമുണ്ടാവില്ല. സല്‍വാറില്‍ ഞാന്‍ സെയ്‌ഫാണ്‌.

ആരെയാണ്‌ ഭയം?

പൂച്ചകളെ. അയ്യോ... എന്റമ്മേ.. എനിക്ക്‌ പൂച്ചേന്റെ പേര്‌ കേള്‍ക്കണത്‌ തന്നെ പേടിയാ! കാണാന്‍ ഒട്ടും വയ്യ. അത്രയ്‌ക്ക് അറപ്പാണ്‌. മൃഗങ്ങളോട്‌ പൊതുവേ ഞാനങ്ങനെയാണ്‌. പട്ടിക്കുട്ടികളെ കാണാന്‍ ഇഷ്‌ടമാണ്‌. പക്ഷേ തൊടില്ല.

പുതിയ വീട്‌ പണിതപ്പോള്‍ എന്റെ മുറിയില്‍ അടിച്ചത്‌ പിങ്ക്‌ ആന്‍ഡ്‌ വൈററ്‌ പെയിന്റാണ്‌. അതിന്‌ മാച്ച്‌ ചെയ്യുന്ന ഒരു ക്ലോക്ക്‌ വാങ്ങിത്തരാന്‍ ഞാന്‍ അച്‌ഛനോട്‌ പറഞ്ഞു. അച്‌ഛന്‍ കഷ്‌ടപ്പെട്ട്‌ അതേ കളറില്‍ ഒരു ക്ലോക്കുമായി വന്നു. നോക്കുമ്പോള്‍ അതിന്റെ നടുക്ക്‌ പൂച്ചയുടെ ചിത്രം. രണ്ടു വര്‍ഷമായി ആ ക്ലോക്ക്‌ ഭിത്തിയില്‍ ഇരിക്കുന്നു. ഞാന്‍ ആ ഭാഗത്തേക്ക്‌ നോക്കാറേയില്ല. കീ കൊടുക്കാത്തതുകൊണ്ട്‌ അത്‌ നിന്നിരിക്കുകയാ... ബാറ്ററിയും മാറ്റിയിട്ടില്ല. ഇപ്പോള്‍ ഞാന്‍ സമയം നോക്കുന്നത്‌ കിടക്കയ്‌ക്ക് തൊട്ടടുത്തിരിക്കുന്ന ടൈംപീസിലാണ്‌. അതിന്‌ വൈറ്റ്‌ ആന്‍ഡ്‌ പിങ്ക്‌ കളറാണ്‌.

യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച്‌ വാചാലയാവുമ്പോഴും സംസാരിക്കുന്നത്‌ ഒരു സ്വപ്‌നത്തില്‍ നിന്നെന്നപോലെയാണ്‌. സ്വപ്‌നം കാണാറുണ്ടോ?

ധാരാളം. ചില സ്വപ്‌നം കണ്ടുണരുമ്പോള്‍ മനസിന്‌ വല്ലാത്ത തണുപ്പ്‌ നല്‍കും. ചിലത്‌ വല്ലാതെ സങ്കടപ്പെടുത്തും. എന്നാല്‍ എത്ര ശ്രമിച്ചാലും ഓര്‍ത്തെടുക്കാന്‍ കഴിയില്ല. ചില നല്ല വിഷ്വല്‍സ്‌ ഒക്കെ കണ്ടിട്ടുണ്ടാവും. എല്ലാം മാഞ്ഞുമാഞ്ഞ്‌ പോവുന്നതുപോലെ. ഒരു വിഷ്വല്‍പോലും കിട്ടില്ല. ആരോ മായിച്ചതുപോലെ...

No comments:

Post a Comment