November 17, 2009

നിര്‍മാണ ചെലവ് മൂന്നരക്കോടിയിലൊതുക്കാന്‍ ധാരണ

മലയാള സിനിമകളുടെ നിര്‍മാണ ചെലവ് മൂന്നരക്കോടി രൂപയിലൊതുക്കാന്‍ താരസംഘടനയായ അമ്മയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ധാരണയിലെത്തി. നിര്‍മാണ ചെലവ് കുറയ്ക്കുന്ന കാര്യത്തില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങല്‍ അമ്മ അംഗീകരിയ്ക്കുകയായിരുന്നു.
നിര്‍മാണ ചെലവ് മൂന്നരക്കോടിയില്‍ കവിയാതിരിയ്ക്കാന്‍ സഹകരിയ്ക്കുമെന്ന് അമ്മ ഭാരവാഹികള്‍ നിര്‍മാതാക്കള്‍ക്ക് ഉറപ്പ് നല്‍കി. 45 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കാമെന്ന അസോസിയേഷന്‍ നിര്‍ദ്ദേശവും അമ്മ അംഗീകരിച്ചു.
എന്നാല്‍ നടീ-നടന്‍മാര്‍ രാവിലെ ഏഴ് മുതല്‍ രാത്രി 9.30 വരെ ഷൂട്ടിങില്‍ പങ്കെടുക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യത്തിനെതിരെ താരസംഘടനയ്ക്ക് എതിര്‍പ്പുള്ളതായി സൂചനകളുണ്ട്. ചിത്രീകരണത്തിന് 45 ദിവസം മുമ്പ് തിരക്കഥയുടെ പകര്‍പ്പ് താരങ്ങള്‍ക്ക് നല്‍കാമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചിട്ടുണ്ട്.
നിര്‍മാണ ചെലവ് കുറയ്ക്കണമെന്ന നിബന്ധനയുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ മുന്നോട്ട് പോകുന്നത് ക്രിസ്ത്യന്‍ ബ്രദേഴ്‌സ് പോലുള്ള മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങളെ പ്രതിസന്ധിയിലാക്കുമെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

No comments:

Post a Comment