കുടുംബ പ്രേക്ഷകരുടെ പ്രിയ സംവിധായകന്‍ സത്യന്‍ അന്തിക്കാട് പുതിയ സിനിമയുടെ തിരക്കുകളിലേക്ക് കടക്കുന്നു. തന്റെ അമ്പതാം ചിത്രത്തിന് വേണ്ടി പുതിയൊരു പശ്ചാത്തലമാണ് ഈ ജനപ്രിയ സംവിധായകന്‍ തേടുന്നത്. പതിവ് ഗ്രാമക്കാഴ്ചകളും ഇടയ്ക്കിടെയുള്ള നഗരസന്ദര്‍ശനവും മാറ്റി നിര്‍ത്തി തീര്‍ത്തും പുതുമയേറിയ ഒരു പശ്ചാത്തലമാണ് പുതിയ സിനിമയ്ക്കായി സത്യന്‍ കണ്ടുവെച്ചിരിയ്ക്കുന്നത്.
നഗരത്തിനും ഗ്രാമത്തിനും ഇടയ്ക്കുള്ള പ്രദേശത്ത് ജീവിയ്ക്കുന്നവരുടെ ഒന്നു കൂടി കൃത്യമായി പറഞ്ഞാല്‍ നഗരങ്ങളുടെ പിന്നാമ്പുറങ്ങളില്‍ ജീവിയ്ക്കുന്നവരുടെ കഥയാണ് തന്റെ ഗോള്‍ഡന്‍ ജൂബിലി ചിത്രത്തില്‍ സത്യന്‍ പ്രമേയമാക്കുന്നത്.
ഗ്രാമത്തിന്റെ പശ്ചാത്തലത്തിലുള്ള സത്യന്‍ സിനിമകളിലെ കര്‍ഷകനും വിവാഹ ദല്ലാളും സഖാവും ബാര്‍ബറും ഹാജിയാരും ചെത്തുകാരനുമൊക്കെ നാമൊരിയ്ക്കലും മറക്കാറില്ല. എന്നാല്‍ പട്ടണക്കാഴ്ചകളിലെത്തുമ്പോള്‍ ഇടത്തരക്കാരന്റെ ജീവിതമായിരിക്കും സത്യന്‍ അഭ്രപാളികളിലേക്ക് പകര്‍ത്തുക. എന്നാലിത്തവണ ഇടത്തരക്കാരിലും കൂറെക്കൂടി താഴ്ന്ന തലത്തില്‍ ജീവിയ്ക്കുന്നവരെയാണ് സത്യന്‍ തന്റെ കഥാപാത്രങ്ങളായി നിശ്ചയിച്ചിരിയ്ക്കുന്നത്. എന്നാലിതൊരു ചേരിപ്രദേശത്തിന്റെയോ കോളനികളില്‍ ജീവിയ്ക്കുന്നവരുടെയോ കഥായിരിക്കില്ല
നഗരജീവിതത്തിലെ നിത്യക്കാഴ്ചകളായ തട്ടുകടക്കാരനും ചുമട്ടുകാരനും ലോട്ടറിക്കച്ചവടക്കാരനുമൊക്കെയായിരിക്കും ഈ ചിത്രത്തിലെ കഥാപാത്രങ്ങള്‍. നായികാകഥാപാത്രത്തിന് പ്രധാന്യമുള്ളൊരു സിനിമയാണ് സത്യന്റെ സിനിമയിലുള്ളത്. സ്ത്രീകഥാപാത്രങ്ങള്‍ക്ക് പ്രധാന്യം നല്‍കി സത്യനൊരുക്കിയ അച്ചുവിന്റെ അമ്മ, മനസ്സിനക്കരെ എന്നീ സിനിമകളില്‍ നിന്നും വ്യത്യസ്തമായി പൂര്‍ണമായും നായികയുടെ വീക്ഷണ കോണുകളിലൂടെയായിരിക്കും സിനിമ മുമ്പോട്ട് പോവുക.
നായികയെ തീരുമാനിച്ചിട്ടില്ലെങ്കിലും ജയറാമടക്കമുള്ള അന്തിക്കാടിന്റെ പതിവ് താരനിര വിഷുവിന് തിയറ്ററുകളിലെത്തുന്ന സിനിമയിലുണ്ടാവുമെന്നാണ് സൂചനകള്‍. സത്യന്‍ തന്നെ കഥയും തിരക്കഥയും രചിയ്ക്കുന്ന സിനിമയില്‍ വേണുവാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. വയലാര്‍ ശരത് ചന്ദ്രവര്‍മ്മയുടെ വരികള്‍ക്ക് ഇളയരാജ സംഗീതം പകരും. ട്രൂലൈന്റെ ബാനറില്‍ തങ്കച്ചന്‍ ഇമാനുവല്‍ എന്ന അമേരിക്കന്‍ മലയാളി നിര്‍മ്മിയ്ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ജനുവരി പകുതിയോടെ ആരംഭിയ്ക്കും.
No comments:
Post a Comment